ad
Deshabhimani

സ്‌റ്റാമ്പുകളിലുണ്ട്‌ ലെനിന്റെ ജീവിതം

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സുമായി സി കെ സജീവൻ ​

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സുമായി സി കെ സജീവൻ ​

avatar
ശ്രീകാന്ത്‌ പാണപ്പുഴ

Published on Apr 27, 2026, 02:22 AM | 2 min read


എഴോം

സോവിയറ്റ് യൂണിയനിലെ വിപ്ലവ നായകനായിരുന്ന ലെനിനോടുള്ള കടുത്ത ആരാധനയിൽ ലോകമെന്പാടുമുള്ള ലെനിന്റെ സ്‌റ്റാന്പുകൾ ശേഖരിച്ച്‌ സജീവൻ. ലോകത്തിലെ ഇടതുപക്ഷ വിപ്ലവ പ്രസ്ഥാനത്തിന്‌ ദിശാബോധം നൽകിയ ലെനിന്റെ സ്റ്റാന്പുകൾ ശേഖരിക്കുന്നതിലൂടെ അദ്ദേഹത്തിന്റെ ജീവചരിത്രവും പഴയങ്ങാടി ഏഴോം സ്വദേശിയായ സി കെ സജീവന്‌ ഹൃദിസ്ഥമാണ്‌. ലെനിൻ മരിച്ച്‌ ആറാം ദിവസമാണ്‌ ആദ്യസ്‌റ്റാന്പ്‌ പുറത്തിറങ്ങിയത്‌. ഇ‍ൗ സ്‌റ്റാന്പുൾപ്പെടെ 39 രാജ്യങ്ങളിൽനിന്നുള്ള നാനൂറിലധികം സ്റ്റാമ്പുകൾ സജീവന്റെ ശേഖരത്തിലുണ്ട്‌. ‘‘വിവിധ സ്രോതസ്സുകളിൽനിന്നാണ് സ്റ്റാമ്പുകൾ ശേഖരിക്കുന്നത്. മറ്റു സ്റ്റാമ്പ് ശേഖരണക്കാരായ സുഹൃത്തുക്കളും സോഷ്യൽ മീഡിയ വഴിയുള്ള ബന്ധങ്ങളും സഹായിക്കുന്നു. 2025 ഡിസംബറിൽ ഒരു ഫേസ്ബുക്ക് സുഹൃത്ത് ഇറ്റലിയിൽനിന്ന് ലെനിൻ സ്റ്റാമ്പ് അയച്ചുതന്നത്‌ ഏറെ സന്തോഷിപ്പിച്ചു. ഹോബിയായി തുടങ്ങിയ സ്റ്റാമ്പ് ശേഖരണം, പിന്നീട് ഒരു അഭിനിവേശമായി മാറുകയായിരുന്നു–’’ അന്പത്തൊന്നുകാരനായ സജീവൻ പറയുന്നു. പയ്യന്നൂരിൽ എൽഐസി ഏജന്റായ സജീവൻ സിപിഐ എം ഏഴോം വെസ്റ്റ് ലോക്കലിലെ സിആർസി ബ്രാഞ്ച് സെക്രട്ടറിയും എൽഐസിഎഒഐ ജില്ലാ കമ്മിറ്റി അംഗവും പയ്യന്നൂർ ബ്രാഞ്ച് പ്രസിഡന്റുമായും പ്രവർത്തിക്കുന്നു. സീനിയർ ഫിലാറ്റലിസ്റ്റ് ടോം വടക്കുംമൂലയുടെ നിർദേശത്താലാണ് ലെനിൻ സ്റ്റാമ്പുകളിലേക്ക് പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചത്. ലെനിനോടൊപ്പം കാൾ മാർക്സ്, ചെ ഗുവേര, സ്റ്റാലിൻ തുടങ്ങിയ നേതാക്കളുടെ സ്റ്റാമ്പുകളും ശേഖരിച്ചിരുന്നു. പിന്നീട് ലെനിന്റെ സ്‌റ്റാന്പ്‌ ശേഖരണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ലെനിന്റെ ബാല്യം മുതൽ മരണം വരെയുള്ള ജീവിതഘട്ടങ്ങൾ പ്രതിഫലിപ്പിക്കുന്ന സ്റ്റാമ്പുകൾ ശേഖരിക്കുകയാണ് ലക്ഷ്യം. 34 വർഷമായി സ്റ്റാമ്പുകൾ, നാണയങ്ങൾ, വിന്റേജ് വസ്തുക്കൾ എന്നിവ ശേഖരിക്കുന്നതിലും സജീവമാണ്‌. പോളണ്ട്, നിക്കരാഗ്വ, അഫ്ഗാനിസ്ഥാൻ, അൽബേനിയ, ബൾഗേറിയ, ഗയാന, പഴയ ചെക്കോസ്ലോവാക്യ എന്നിവിടങ്ങളിൽ നിന്നുള്ള സ്റ്റാമ്പുകൾ ശേഖരത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ലെനിന്റെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് 1970 ഏപ്രിൽ 22-ന് ഇന്ത്യ പുറത്തിറക്കിയ പ്രത്യേക സ്റ്റാമ്പുകളും ശേഖരത്തിലുണ്ട്. ഭാര്യ ദീപയും മകൾ ആവണിയും പൂർണപിന്തുണ നൽകുന്നു. ഒന്പതുകാരനായ മകൻ ജീവൻകൃഷ്‌ണ ഇതിനോടകം സ്റ്റാമ്പ് ശേഖരണം ആരംഭിച്ചു. സജീവന്റെ ശേഖരം വിവിധ പ്രദർശനങ്ങളിലും പൊതുപരിപാടികളിലും പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഓരോ സ്റ്റാമ്പിന്റെയും പിന്നിലുള്ള ചരിത്രം പങ്കുവച്ച്, സമൂഹത്തിനും പുതുതലമുറയ്ക്കും ചരിത്രത്തെ അടുത്തറിയാനുള്ള അവസരമാണ് അദ്ദേഹം സൃഷ്ടിക്കുന്നത്. ലെനിൻ സ്റ്റാമ്പ് ശേഖരണത്തിന്‌ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സും നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home