കണ്ണൂർ കോർപറേഷൻ പയ്യാന്പലത്തും വാരത്തും യുഡിഎഫിന് വിമത ഭീഷണി

കണ്ണൂർ കണ്ണൂർ കോർപറേഷനിൽ പയ്യാന്പലത്തും വാരത്തും യുഡിഎഫിന് വിമത ഭീഷണി. മറ്റു ഡിവിഷനുകളിലും പ്രാദേശിക വികാരം കണക്കിലെടുക്കാതെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിൽ പ്രതിഷേധം പുകയുന്നുണ്ട്. പയ്യാന്പലത്ത് അവസാന നിമിഷമാണ് പി ഇന്ദിരയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ജില്ലാ നേതൃത്വം തയ്യാറാക്കിയ പട്ടികയിൽനിന്ന് പുറത്തായ ഇന്ദിരയെ കെ സി വേണുഗോപാലും കെ സുധാകരനുമടക്കം ഇടപെട്ടാണ് സ്ഥാനാർഥിയാക്കിയത്. ഉദയംകുന്നിൽ സ്ഥാനാർഥിയാക്കാൻ ആദ്യം ആലോചിച്ചെങ്കിലും എതിർപ്പുയർന്നതോടെ പയ്യാന്പലത്തേക്ക് തീരുമാനിക്കുകയായിരുന്നു. പയ്യാന്പലത്ത് പ്രാദേശിക എതിർപ്പുണ്ടായെങ്കിലും ഡിസിസി അത് ഗൗനിച്ചില്ല. പയ്യാന്പലം ഡിവിഷനിൽ മഹിളാ കോൺഗ്രസ് വെസ്‌റ്റ് മണ്ഡലം പ്രസിഡന്റ് കെ എൻ ബിന്ദുവിനെയാണ് ഡിവിഷൻ കമ്മിറ്റി നിർദേശിച്ചത്. ഇത് പരിഗണിക്കാതെയാണ് ഇന്ദിരയെ തീരുമാനിച്ചത്. അവസാനനിമിഷംവരെ ഡിവിഷൻ കമ്മിറ്റി എതിർത്തുനിന്നെങ്കിലും ഡിസിസി ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നു. ഇത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഡിവിഷൻ കമ്മിറ്റി. അടുത്ത ദിവസം ബിന്ദു പത്രിക നൽകുമെന്നാണ് സൂചന. വാരത്ത് മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ പി താഹിറാണ് യുഡിഎഫ് സ്ഥാനാർഥി. ഇവിടെ ശാഖാ കമ്മിറ്റിയുടെ അഭിപ്രായമെടുത്തില്ലെന്നാണ് പ്രാദേശിക വികാരം. റയീസ് സ അദിയാണ് ഇവിടെ സ്വതന്ത്ര സ്ഥാനാർഥിയായി പ്രചാരണം തുടങ്ങിയത്. ഡിവിഷനിലുള്ളവരെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് ശാഖാ കമ്മിറ്റി ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരിയെയും സംസ്ഥാന പാർലിമെന്ററി ബോർഡംഗം അബ്ദുറഹിമാൻ കല്ലായിയെയും കണ്ടിരുന്നു. എന്നാൽ, ഇവരുടെ ആവശ്യം പരിഗണിക്കാതെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചുവെന്നാണ് പരാതി. ചൊവ്വാഴ്‌ച തക്കാളിപ്പീടികയിൽ വിമത വിഭാഗം വിശദീകരണ യോഗവും പ്രകടനവും നടത്തി.










0 comments