അടുപ്പിലല്ല തീ; ഉള്ളിലാണ്

തലശേരി സബ് ട്രഷറി പരിസരത്തെ സ്വാശ്രയ കുടുംബശ്രീ ബങ്ക് ചായക്കട നടത്തുന്ന പി രാജിയും സഹായി ഇ സി പ്രിയയും
എങ്ങനെ മുന്നോട്ട് പോവും
ബബിഷ ബാബു
തലശേരി ഒരു ദിവസത്തെ അധ്വാനം മുഴുവൻ തീർത്ത് കടയടച്ച് കണക്കുനോക്കുമ്പോൾ ഒന്നും ബാക്കിയില്ല. തലശേരി സബ് ട്രഷറി പരിസരത്തെ സ്വാശ്രയ കുടുംബശ്രീ ബങ്ക് ചായക്കട നടത്തുന്ന പി രാജിക്കും സഹായി ഇ സി പ്രിയക്കും ഇനിയെങ്ങനെ മുന്നോട്ടുപോകുമെന്നറിയില്ല. 19 വർഷമായി ചായയും ലഘുകടികളും വിറ്റ് ജീവിക്കുന്ന ഇവരുടെ മുന്നിൽ കടുത്ത വിലക്കയറ്റം പ്രതിസന്ധിയാവുകയാണ്. വാണിജ്യ സിലിണ്ടറിന്റെ കുത്തനെയുള്ള വിലക്കയറ്റം പരിധിവിട്ടു കഴിഞ്ഞു. പാലിന് കഴിഞ്ഞദിവസം വില കൂടിയതും തിരിച്ചടിയായി. തുടക്കത്തിൽ അഞ്ചുപേരുമായി ആരംഭിച്ചതായിരുന്നു ഈ സംരംഭം. കാലാകാലങ്ങളിൽ പലവിധ ആവശ്യങ്ങളാൽ മറ്റുള്ളവർ പിരിഞ്ഞുപോയി. അപ്പോഴും കൊളശ്ശേരി കൊട്ടപ്പൊയിൽ പ്രണവം വീട്ടിൽ രാജിയുടെ കഠിനാധ്വാനം കൊണ്ടാണ് ഇത്രയും കാലം മുന്നോട്ടുപോയത്. നിലവിൽ രാജിയും സഹായിയായ ഇല്ലിക്കുന്ന് സ്വദേശിനി പ്രിയയും മാത്രമാണുള്ളത്. രാവിലെ 8.45 മുതൽ വൈകിട്ട് 6.45 വരെ വിശ്രമമില്ലാതെ പണിയെടുത്താണ് മുന്നോട്ട് പോവുന്നത്. സിലിണ്ടർ അവസാനമായി കടയിൽ 3150 രൂപയ്ക്കാണ് ഇറക്കിയത്. 10 രൂപയ്ക്ക് വിറ്റ ചായയും കടിയും 12 രൂപയാക്കി ഉയർത്തി. എന്നാൽ, ഈ ചെറിയ വർധനയിൽ മാത്രം നിത്യചെലവുകൾ പോലും മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്.
വിറകിനും വിലകൂടി
ശ്രീകാന്ത് പാണപ്പുഴ
പിലാത്തറ ഗ്യാസ് വിലവർധന കുതിച്ചതോടെ മിക്ക ചെറുകിട ഹോട്ടലുകാരും വിറകടുപ്പിലേക്ക് തിരിഞ്ഞിരുന്നു. എന്നാൽ, വിറകിന്റെ വിലയും കൂടിയതിനാൽ ഇരുട്ടടിയായി. കൂലിപ്പണിക്കാരും, കർഷകരും നാട്ടിലെ സാധാരണക്കാരും ആശ്രയിക്കുന്ന നാട്ടിലെ ചെറിയ കടയിൽ വില കൂട്ടാനും പറ്റില്ല. ഇപ്പോൾ പരമാവധി വിറകിലാണ് പാചകം. ലാഭം എന്നതിലുപരി മിതമായ നിരക്കിൽ രുചികരമായ നല്ല ഭക്ഷണം നൽകുന്നു എന്ന സംതൃപ്തിയാണ് തങ്ങളെ മുന്നോട്ട് നയിക്കുന്നതെന്ന് പാണപ്പുഴയിൽ എൻആർ ടീസ്റ്റാൾ നടത്തുന്ന ദമ്പതികളായ കെ പി രവീന്ദ്രനും ടി പി നിർമ്മലയും പറഞ്ഞു.
ഇങ്ങനെ അധികകാലം വിളമ്പാനാകില്ല
നിഖിൽ മണ്ണേരി
ശ്രീകണ്ഠപുരം വർഷങ്ങൾക്ക് മുമ്പ് 800 രൂപയ്ക്ക് കിട്ടിയിരുന്ന വാണിജ്യ അടിസ്ഥാനത്തിലുള്ള 19 കിലോ ഗ്യാസ് സിലിണ്ടറിന് ഇപ്പോഴത്തെ വില 3100 രൂപയാണ്. അടുത്ത ദിവസങ്ങളിൽ ഇനിയും വർധിക്കും എന്നാണ് ലഭിക്കുന്ന വിവരം. എല്ലാ ആവശ്യ വസ്തുക്കൾക്കും വില വർധിച്ചാൽ തട്ടുകടകളും ഇടത്തരം ഹോട്ടലുകളും അധികകാലം മുന്നോട്ടു പോകില്ല– ശ്രീകണ്ഠപുരത്തെ ഇന്ത്യൻ ടീഷോപ്പ് ഉടമ ഗോപി കുന്നാരത്ത് പറഞ്ഞു. ഭക്ഷണസാധനങ്ങൾക്കും പച്ചക്കറിക്കും തീ വിലയായി. വെളിച്ചെണ്ണ, ഓയിൽ തുടങ്ങിയവയ്ക്കും 100 ശതമാനം വരെയാണ് വില കൂടിയത്. വൈദ്യുതി, വെള്ളം, മാലിന്യ സംസ്കരണം തുടങ്ങിയവയ്‌ക്കുള്ള തുകയെല്ലാം ഹോട്ടൽ ലാഭത്തിൽനിന്നാണ് കണ്ടെത്തേണ്ടത്. ഹോട്ടൽ മേഖലയിൽ തൊഴിലെടുക്കുന്ന ആളുകളുടെ ലഭ്യതക്കുറവും ഈ മേഖലയെ ഗുരുതരമായി ബാധിക്കുന്നുണ്ട്. സാധാരണക്കാരന്റെ തട്ടുകടക്കും ചെറുകിട ഹോട്ടലിനും 12 രൂപയിൽ കൂടുതൽ ചായക്കും ലഘു കടികൾക്കും വിലയിടാക്കാൻ ആകില്ല. പാലിന്റെ വില വർധിച്ചതോടെ ചായ വിൽപ്പനയും പ്രതിസന്ധിയിലാകുകയാണ്.
സ്കൂളുകളെയും പ്രതിസന്ധിയിലാക്കും
മട്ടന്നൂർ സുരേന്ദ്രൻ
മട്ടന്നൂർ പാചകവാതക വിലവർധന വിദ്യാലയങ്ങളിലെ ഉച്ചക്കഞ്ഞിയെയും പ്രതിസന്ധിയിലാക്കും. കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അനുദിനമെന്ന നിലയിലാണ് ഗ്യാസ് സിലിണ്ടറുകളുടെ വില വർധിപ്പിക്കുന്നത്. വിദ്യാലയങ്ങളിൽ ഗാർഹിക സിലിണ്ടറുകളാണ് നൽകുന്നത്. ശരാശരി 300 കുട്ടികളുള്ള വിദ്യാലയങ്ങളിൽ ഏഴുമുതൽ 10 വരെ സിലിണ്ടറുകൾ ആവശ്യമായി വരുന്നുണ്ട്. കൂടുതൽ കുട്ടികളുള്ള വിദ്യാലയങ്ങളിൽ അതിനനുസരിച്ചും സലിണ്ടറുകൾ വേണം. മട്ടന്നൂർ മധുസൂദനൻ തങ്ങൾ ഗവ. എൽപി സ്കൂളിൽ ഒരുമാസം ശരാശരി 16 സിലിണ്ടറുകൾ വേണം. വിലക്കയറ്റം ഉച്ചക്കഞ്ഞിയുടെ ബജറ്റ് വർധിക്കാൻ ഇടയാക്കും. നേരത്തെ ആവശ്യത്തിനനുസരിച്ച് സിലിണ്ടർ വിദ്യാലയങ്ങളിൽ കിട്ടിയിരുന്നു. നിലവിൽ കിട്ടാത്ത സാഹചര്യവും ഉണ്ട്. ചില വിദ്യാലയങ്ങൾ വിറകടുപ്പിലേക്ക് തിരിച്ചുപോകാനും തുടങ്ങിയിട്ടുണ്ടെന്ന് അധ്യാപകർ പറയുന്നുണ്ട്. ഒരുഭാഗത്ത് സാധനങ്ങളുടെ വിലയിൽ നല്ല വർധന ഉണ്ടാകുന്നുണ്ട്. അതിനൊപ്പം ഗ്യാസ് സിലിണ്ടറുകളിലുണ്ടാകുന്ന അനിയന്ത്രിത വർധനവും കൂടിയാകുമ്പോൾ സ്കൂൾ അധികൃതരുടെ പ്രതിസന്ധി രൂക്ഷമാക്കും. ചെലവ് വർധിക്കുന്നതിന് അനുസരിച്ച് വിദ്യാലയങ്ങൾക്ക് സർക്കാർ അനുവദിക്കുന്ന ഫണ്ടിൽ വർധന ഉണ്ടാകാത്തത് പ്രതിസന്ധി രൂക്ഷമാക്കും.
തൊഴിലാളി മാർച്ച് 8ന്
കണ്ണൂർ
പെട്രോളിയം ഉൽപ്പന്നങ്ങളുടെയും പാചകവാതകത്തിന്റെയും അടിക്കടിയുള്ള വിലവർധനയ്‌ക്കെതിരെ സിഐടിയു എട്ടിന് രാവിലെ 10ന് കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് സംഘടിപ്പിക്കും. വിലവർധനയ്‌ക്ക് കാരണമായ, മോദി സർക്കാരിന്റെ അമേരിക്കയ്ക്ക് കീഴടങ്ങുന്ന വിദേശ, സാമ്പത്തികനയങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ 18 ഏരിയയിലാണ് പ്രതിഷേധം. സ്‌കൂട്ടർ, ഓട്ടോ, ചെറുകിട വാഹനങ്ങൾ എന്നിവ കെട്ടിവലിച്ചും പാചകവാതക സിലിണ്ടറുകൾ കൈയിലേന്തിയുമാണ് മാർച്ച്. പ്രക്ഷോഭത്തിന്റ ആലോചനയ്‌ക്കായി സി കണ്ണൻ സ്മാരക മന്ദിരത്തിൽ ചേർന്ന ജില്ലാ ഭാരവാഹി യോഗത്തിൽ സംസ്ഥാന സെക്രട്ടറിമാരായ കെ പി സഹദേവൻ, ഒ സി ബിന്ദു എന്നിവർ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് സി കൃഷ്ണൻ അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ സംസാരിച്ചു.










0 comments