ad
Deshabhimani

ലീഗിന്‌ ഒന്നു കിട്ടിയോ.. കിട്ടി, ഒന്നു പോയോ.. പോയി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 17, 2025, 03:00 AM | 2 min read

കണ്ണൂർ കണ്ണൂർ കോർപറേഷനിൽ മൂന്നുസീറ്റ്‌ കൂടുതൽ ചോദിച്ച മുസ്ലിം ലീഗിന്‌ ഇക്കുറിയും നിരാശ ബാക്കി. കൂടുതൽ സീറ്റ്‌ കിട്ടിയുമില്ല. ഒന്ന്‌ കിട്ടിയതിന്‌ കൈയിലുള്ള ഒന്ന്‌ കൊടുക്കേണ്ടിയും വന്നു. കഴിഞ്ഞ തവണത്തേതുപോലെ ലീഗ്‌ പ്രവർത്തകരുടെ ‘ആവേശപ്രകടനം’ നടക്കുമോയെന്ന്‌ ഇനി കണ്ടറിയണം. നാണംകെട്ട്‌ ഇനിയുമെത്രകാലം എന്നാണ്‌ നേതൃത്വത്തോടുള്ള പ്രവർത്തകരുടെ ചോദ്യം. കോർപറേഷനിൽ കഴിഞ്ഞതവണ മുസ്ലിം ലീഗ്‌ 18 സീറ്റിലാണ്‌ മത്സരിച്ചത്‌. ഇക്കുറി മൂന്ന്‌ സീറ്റാണ്‌ കൂടുതൽ ചോദിച്ചത്‌. കഴിഞ്ഞ തവണത്തേതിൽനിന്ന്‌ കോർപറേഷനിൽ ഒരു സീറ്റ്‌ വർധിച്ചതും സ്വാധീനത്തിനനുസരിച്ച്‌ സീറ്റ്‌ ലഭിച്ചില്ലെന്നതുമാണ്‌ മൂന്ന്‌ സീറ്റ്‌ കൂടുതലായി ആവശ്യപ്പെടാൻ ലീഗിനെ നിർബന്ധിതരാക്കിയത്‌. കഴിഞ്ഞ തവണയും കൂടുതൽ സീറ്റ്‌ ആവശ്യപ്പെട്ട ലീഗ്‌ ഒടുവിൽ വഴങ്ങുകയായിരുന്നു. കോർപറേഷൻ പരിധിയിൽ സ്വാധീനമനുസരിച്ച്‌ സീറ്റ്‌ കിട്ടുന്നില്ലെന്ന പരാതിയാണ്‌ ലീഗ്‌ അണികൾക്ക്‌. അസന്തുലിതാവസ്ഥയുണ്ടെന്ന്‌ വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ്‌ അബ്ദുൾ കരീം ചേലേരിയും തുറന്നുപറഞ്ഞു. നേരത്തെ ലീഗിന്റെ കൈയിലുണ്ടായിരുന്നതാണ്‌ വാരവും വെത്തിലപ്പള്ളിയും പഞ്ഞിക്കയിലും. ഇത്‌ പല തെരഞ്ഞെടുപ്പിലും ലീഗിൽനിന്ന്‌ കോൺഗ്രസ്‌ ഏറ്റെടുത്തെങ്കിലും പകരം നൽകിയില്ല. 2020ൽ വാരം സീറ്റിനായി ലീഗ്‌ പിടിമുറുക്കിയെങ്കിലും കോൺഗ്രസ്‌ വിട്ടുകൊടുത്തില്ല. കോൺഗ്രസിന്‌ വഴങ്ങിക്കൊടുത്ത ലീഗ്‌ നേതാക്കളെ പ്രവർത്തകർ ജില്ലാ കമ്മിറ്റി ഓഫീസിൽ കൈയേറ്റം ചെയ്യുന്ന സ്ഥിതിയുമുണ്ടായി. ഇക്കുറിയും തെരഞ്ഞെടുപ്പിനു മുന്പുതന്നെ ലീഗ്‌ കൂടുതൽ സീറ്റിന്‌ അവകാശവാദമുന്നയിച്ചു. വാരം, വെത്തിലപ്പള്ളി, കടലായി സീറ്റുകളാണ്‌ ചോദിച്ചത്‌. ചർച്ചയേ വേണ്ടെന്ന നിലപാടായിരുന്നു കോൺഗ്രസിന്‌. ലീഗ്‌ ആവശ്യത്തിൽ ഉറച്ചുനിന്നതോടെ കോൺഗ്രസ്‌ പുതിയ നന്പറിറക്കി. മുന്ന്‌ സീറ്റിൽനിന്ന്‌ ലീഗ്‌ ഒരു സീറ്റെന്നതിലേക്ക്‌ ചുരുക്കിയതോടെ കോൺഗ്രസ്‌ പകരം രണ്ട്‌ സീറ്റ്‌ കൈമാറണമെന്ന ഡിമാൻഡ്‌ വച്ചു. വാരത്തിനുപകരം ലീഗിന്റെ കൈയിലുള്ള പള്ളിപ്രവും അതിരകവും വിട്ടുനൽകണമെന്നായിരുന്നു കോൺഗ്രസ്‌ നിലപാട്‌. ലീഗിനെ സമ്മർദത്തിലാക്കി പിറകോട്ടടിപ്പിക്കുകയായിരുന്നു കോൺഗ്രസ്‌ ലക്ഷ്യം. വാരം ലീഗിന്‌ നൽകി പ്രശ്‌നം പരിഹരിക്കണമെന്ന നിർദേശവും അട്ടിമറിക്കപ്പെട്ടു. ഒടുവിൽ വാരം ലഭിക്കുന്നതിനുപകരം ലീഗ്‌ കഴിഞ്ഞ തവണ ജയിച്ച വലിയന്നൂർ കോൺഗ്രസിന്‌ വിട്ടുകൊടുത്തുകൊണ്ടാണ്‌ കീഴടങ്ങൽ. മേയർസ്ഥാനവും കഴിഞ്ഞടേമിൽ ധാരണ പ്രകാരം ലീഗിന്‌ ലഭിച്ചിരുന്നില്ല. രണ്ടരവർഷം കോൺഗ്രസിനും പിന്നീട്‌ മുസ്ലിം ലീഗിനുമെന്നായിരുന്നു യുഡിഎഫിലെ ധാരണ. രണ്ടരവർഷം കഴിഞ്ഞും മേയർസ്ഥാനം കൈമാറാത്തതിനെത്തുടർന്ന്‌ യുഡിഎഫിൽ പൊട്ടിത്തെറിയുണ്ടായി. ലീഗ്‌ അന്ത്യശാസനം നൽകിയിട്ടും വിട്ടുനൽകാൻ കോൺഗ്രസ്‌ തയ്യാറായില്ല. കോൺഗ്രസിന്റെ ടേം കഴിഞ്ഞ്‌ എട്ടുമാസം പിന്നിട്ടശേഷമാണ്‌ മേയർ സ്ഥാനം ലീഗിന്‌ കൈമാറിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home