വോട്ടറെ തിരിച്ചറിയുന്ന സ്‌മാർട്ട് ഇവിഎം
ശിവനന്ദിന്റെ സ്വപ്‌നത്തിന് പുരസ്‌കാരത്തിളക്കം

കെ വി ശ്രുതി
Published on Aug 06, 2026, 02:30 AM | 1 min read
കണ്ണൂർ
ശിവനന്ദ് ക്ലാസ് മുറിയിലെ ബെഞ്ചിലിരുന്ന് സ്വപ്നം കണ്ടത് ലോകം മുഴുവൻ ചർച്ച ചെയ്യുന്ന കണ്ടുപിടിത്തത്തെക്കുറിച്ചാണ്. ആ സ്വപ്നം ഇന്ന് യാഥാർഥ്യമായി. കേന്ദ്ര സർക്കാരിന്റെ ഇൻസ്പെയർ അവാർഡ് നേടിയ കല്യാശേരി കെപിആർ ഗോപാലൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർഥി നിർമിച്ചത് സാധാരണ ഇലക്ട്രോണിക് വോട്ടിങ് യന്ത്രമല്ല. ലോകത്താദ്യമായി യന്ത്രംതന്നെ വോട്ടറെ തിരിച്ചറിയുന്ന സംവിധാനമാണ്. ബയോമെട്രിക് തിരിച്ചറിയൽ, സ്മാർട്ട് വോട്ടർ ഐഡി കാർഡ്, ആധാർ ലിങ്കിങ്, ഉയർന്ന സുരക്ഷാ സംവിധാനം എന്നിവയാണ് ഈ യന്ത്രത്തിന്റെ നട്ടെല്ല്. ഒരുതവണ ആറുലക്ഷം വോട്ടുകൾവരെ സംഭരിക്കാനുള്ള ശേഷിയുമുണ്ട്. ഈ നൂതനാശയത്തിന് പ്രൊഫഷണൽ പേറ്റന്റിനുള്ള നടപടികളും പൂർത്തിയായി. സ്കൂൾ തെരഞ്ഞെടുപ്പ് താൻ കണ്ടുപിടിച്ച യന്ത്രം ഉപയോഗിച്ച് വിജയകരമായി നടത്തിയാണ് ശിവനന്ദ് തന്റെ കണ്ടുപിടിത്തം തെളിയിച്ചത്. ദിശാ എക്സ്പോ രാജ്യാന്തര കരിയർ കോൺക്ലേവിലും ഈ ആശയത്തിന് പ്രത്യേക പുരസ്കാരം ലഭിച്ചു.ചെറുപ്പം മുതലേ ശാസ്ത്രം നെഞ്ചിലേറ്റിയ ശിവനന്ദിന്റെ ആദ്യത്തെ കണ്ടുപിടിത്തമല്ല ഇത്. പാപ്പിനിശേരി ഹിദായത്ത് സ്കൂളിൽ പഠിക്കുമ്പോൾതന്നെ ശിവന്ദ് ശ്രദ്ധേയനായിരുന്നു. ഇലക്ട്രോണിക് സീബ്രാ ക്രോസിങ്, ഓട്ടോമാറ്റിക് കാർ പാർക്കിങ് സിസ്റ്റം, സ്മാർട്ട് അറ്റൻഡൻസ് സിസ്റ്റം... കണ്ടുപിടുത്തങ്ങളുടെ പട്ടിക നീളും. അമ്മ കീച്ചേരിക്കുന്ന് പുത്തൻ വീട്ടിലെ പ്രസീത അധ്യാപികയാണ്. സഹോദരി പി വി ശിവാനിയാണ് എല്ലാ പരീക്ഷണങ്ങളിലുമുള്ള കൂട്ട്.










0 comments