ലേബർ കോഡുകൾ പിൻവലിക്കണം കെഎസ്ടിഎ ജില്ലാ സമ്മേളനം സമാപിച്ചു

ലേബർ കോഡുകൾ പിൻവലിക്കണം തളിപ്പറമ്പ് തൊഴിൽസമയം, മിനിമംവേതനം, തൊഴിൽസുരക്ഷ, ക്ഷേമപദ്ധതികൾ, സംഘടിക്കാനുള്ള സ്വാതന്ത്ര്യം എന്നീ അവകാശങ്ങളെല്ലാം കവർന്നെടുക്കുന്ന ലേബർ കോഡുകൾ പിൻവലിക്കാൻ ആവശ്യപ്പെട്ട് ഫെബ്രുവരി 12ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കണമെന്ന് കെഎസ്ടിഎ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. ഗ്രാമീണ ജനതയുടെ ജീവിതോപാധിയായ തൊഴിലുറപ്പ് നിയമം അട്ടിമറിച്ച് കോടിക്കണക്കിന് ജനങ്ങളെ പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിടുന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രതിഷേധിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പന്ത്രണ്ടാം ശമ്പളപരിഷ്കരണം നടപ്പാക്കുക, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, ടെറ്റ് കേന്ദ്രസർക്കാർ നിയമനിർമാണം നടത്തുക തുടങ്ങിയവയും സമ്മേളനം ആവശ്യപ്പെട്ടു. തളിപ്പറമ്പ് കെ ബാലകൃഷ്ണൻ മാസ്റ്റർ നഗറിൽ (കെ കെ എൻ പരിയാരം സ്മാരകഹാളിൽ ) രണ്ടുദിവസമായി നടന്ന സമ്മേളനം സമാപിച്ചു. എം വി ഗോവിന്ദൻ എംഎൽഎ സമ്മേളനത്തെ അഭിവാദ്യംചെയ്ത് സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീർ അദ്ദേഹം പ്രകാശിപ്പിച്ചു. ഡോ. പി കെ ഗോപൻ സാംസ്കാരിക പ്രഭാഷണം നടത്തി. ഹാൻവീവ് ചെയർമാൻ ടി കെ ഗോവിന്ദൻ, സ്വാഗത സംഘം ചെയർമാൻ കെ സന്തോഷ് , ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി പി കെ ശ്യാമള, സി അശോക്‌കുമാർ, കെഎസ്ടിഎ സംസ്ഥാന ട്രഷറർ എ കെ ബീന, വൈസ് പ്രസിഡന്റ് കെ സി മഹേഷ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ടി രജില, കെ രഞ്ജിത്ത്, ജില്ലാ വൈസ് പ്രസിഡന്റ് വി സ്വാതി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ സി സുധീർ എന്നിവർ സംസാരിച്ചു. സംഘടന റിപ്പോർട്ടിൻമേലുള്ള ചർച്ചക്ക് കെ വി അനീഷ്‌ലാൽ മറുപടി പറഞ്ഞു. സ്വാഗതസംഘം ജനറൽ കൺവീനർ കെ പി റിജു നന്ദി പറഞ്ഞു.









0 comments