ad
Deshabhimani

തണലേകിയ അമ്മ 
യാത്രയായി: മക്കളിനി ‘ഹോപ്പിൽ’ തനിച്ച്

തമ്പായി

തമ്പായി

avatar
ശ്രീകാന്ത്‌ പാണപ്പുഴ

Published on Jan 04, 2026, 02:30 AM | 1 min read

പിലാത്തറ

ശാരീരിക വെല്ലുവിളി നേരിടുന്ന രണ്ട്‌ മക്കളെ ചേർത്തുപിടിച്ച്, ജീവിതത്തോട്‌ പോരാടിയ അമ്മ വിട പറഞ്ഞു. കണ്ടോന്താർ സ്വദേശി പടിഞ്ഞാറേ വീട്ടിൽ തമ്പായി (76)യാണ് മരിച്ചത്. എസ്എംഎ രോഗബാധിതരായ മക്കളായ പ്രകാശ(56)നെയും വിജയനെ (54)യും പിലാത്തറയിലെ ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റിൽ ഏൽപ്പിച്ചാണ്‌ അമ്മയുടെ മടക്കം. ഇവരുടെ സങ്കടകഥ 2004 ജൂലൈ ആറിന് ദേശാഭിമാനി വാർത്തയാക്കിയിരുന്നു. .പ്രകാശൻ ഒമ്പതാംക്ലാസുവരെയും വിജയൻ ഏഴുവരെയും പഠിച്ചു. പ്രകാശൻ ഒരു കൊല്ലം കൂലിപ്പണിക്കും പോയി. ജോലികഴിഞ്ഞ് മടങ്ങിവരുമ്പോൾ ഒരുദിവസം പെട്ടെന്നൊരു തളർച്ച. പിന്നീട്‌ അരക്കുതാഴെ തളർന്നു. അധികം കഴിയാതെ വിജയനും ഇതേ അസുഖം പിടിപെട്ടു. ഇതിനിടയിൽ പ്രകാശന്റെ കാഴ്‌ചശക്തിയും കുറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റും ദീർഘനാൾ ചികിൽസ നടത്തി. കുറച്ചുവർഷം മുന്പാണ്‌ ഇവർക്ക്‌ എസ് എംഎരോഗമാണെന്നുപോലും തിരിച്ചറിഞ്ഞത്. ഇളയമകൻ വിജയന് ഒരു വയസുള്ളപ്പോൾ തമ്പായിയെ ഉപേക്ഷിച്ചുപോയ ഭർത്താവ് കുഞ്ഞിരാമൻ പിന്നെ തിരിച്ചുവന്നിട്ടില്ല. കണ്ടോന്താർ സ്വദേശി അബ്ദുൾ റഹ്മാൻ എന്നയാളുടെ ഇടപെടലിൽ, മാധ്യമ വാർത്തകൾ വന്നതോടെ, 2008ൽ പിലാത്തറയിലെ ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് തമ്പായിയെയും മക്കളെയും ഏറ്റെടുത്തു. പിന്നീടിങ്ങോട്ട് 18 വർഷമായി ഹോപ്പിലെ എല്ലാവരുടെയും അമ്മയായി മാറുകയായിരുന്നു അവർ. തമ്പായിയുടെ സംസ്കാരം വിളയാങ്കോട് കുളപ്പുറം പൊതു ശ്മശാനത്തിൽ ഹോപ്പ് മാനേജിങ്‌ ട്രസ്റ്റി കെ എസ് ജയമോഹന്റെ നേതൃത്വത്തിൽ നടത്തി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home