മാഞ്ഞുപോയ ഓർമവര മാറ്റിവരച്ച് രാജേഷ്

ബബിഷ ബാബു
Published on Oct 08, 2025, 03:00 AM | 2 min read
തലശേരി വാഹനാപകടത്തിൽ തലയ്‌ക്ക് പരിക്കേറ്റ് ഓർമകളും നിറങ്ങളും സ്വപ്‌നങ്ങളും അപ്പാടെ മാഞ്ഞുപോയെങ്കിലും ആ വെല്ലുവിളികളെ തോല്‍പ്പിച്ച് രാജേഷ് ചിത്രങ്ങളുടെയും ജീവിതത്തിന്റെയും ലോകത്ത് വീണ്ടും സജീവമാവുകയാണ്. അതിജീവനത്തിലൂടെ രാജേഷ് തളിപ്പൊയിൽ വരഞ്ഞ ചിത്രങ്ങൾ ‘അതിജീവനം വര ജീവനം' എന്ന പേരിൽ കതിരൂർ പഞ്ചായത്ത് ആർട്ട് ഗാലറിയിൽ പ്രദർശനം തുടങ്ങി. 26–ാം വയസ്സിലാണ് രാജേഷിന്റെ ജീവിതം കീഴ്‌മേൽ മറിച്ച അപകടമുണ്ടായത്. ബിഎഫ്എ പൂർത്തിയാക്കിയ ശേഷം കോയമ്പത്തുരിൽ ടൈംസ് അഡ്വർടൈസിങ് ഏജൻസിയിൽ ചീഫ് ആർട്ടിസ്‌റ്റായി ജോലി നോക്കുകയായിരുന്നു രാജേഷ്. 1999 മേയ് രണ്ടിന് മോപ്പെഡ് ഓടിച്ചു പോകുമ്പോൾ എതിരെവന്ന മറ്റൊരു മോപ്പെഡ് ഇടിച്ച് രാജേഷ് റോഡിൽ വീണു. വീഴ്‌ചയിൽ തലച്ചോറിന്റെ ഇടതുഭാഗം ചതഞ്ഞുപോയി. ആശുപത്രിയിൽ ഒരാഴ്ചക്കിടെ മൂന്ന് ശസ്ത്രക്രിയ നടത്തി. രണ്ടുമാസത്തിനുശേഷം പഴയകാല ഓർമകൾ മുഴുവൻ മാഞ്ഞുപോയ നിലയിൽ ഒരുവശം പൂർണമായി തളർന്ന് ബോധം തിരിച്ചുകിട്ടി. തുടർന്നിങ്ങോട്ട് രാജേഷ് താണ്ടിയ സഹനപർവം ചെറുതല്ല. ഓർമകൾ മാഞ്ഞുപോയ രാജേഷിനെ കൊച്ചു കുഞ്ഞിനെയെന്നോണം കുടുംബവും സുഹൃത്തുക്കളും പരിചരിച്ചു. ഇതിന്റെ ഫലമായി ഓർമ്മകൾ തിരിച്ചുപിടിച്ച് കലാവഴിയിൽ പിച്ചവയ്‌ക്കുകയാണ് രാജേഷ് ഇപ്പോൾ. രാജേഷിന്റെ ഇച്ഛാ ശക്തിക്കുമുന്നിൽ കാലം തോറ്റു. ചുറ്റുമുള്ളവരുടെ സ്നേഹത്തണലിൽ അവസാനിച്ചു എന്നു കരുതിയിടത്തു നിന്നുമാണ് രാജേഷിന്റെ ജീവിതം ഉയിർത്തെഴുന്നേറ്റത്. അക്ഷരങ്ങളും അക്കങ്ങളും പഠിച്ച രാജേഷ് ഒരു വർഷമായി തന്റെ ഇഷ്ട മേഖലയായ ഫോട്ടോഗ്രാഫിയുടെയും ചിത്രരചനയുടെയും തിരക്കിലാണ്. വർഷങ്ങൾക്കു മുമ്പ് സുഹൃത്തുക്കൾ നൽകിയ ഡിജിറ്റൽ ക്യാമറയിലൂടെയും കംപ്യൂട്ടറിലൂടെയും ഫോട്ടോഷോപ്പ് എഡിറ്റിങ്ങും എല്ലാം സായത്തമാക്കി ഇഴപൊട്ടിയ ഓർമകൾ പതിയെ കൂട്ടിച്ചേർക്കുകയാണ്. കഴിഞ്ഞവർഷം കൈകൾക്കുണ്ടായ വിറ മാറിയതോടെയാണ് ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങിയത്. ഒരു വർഷമായി ചെയ്ത പെയിന്റിങ്ങുകളും അപകടത്തിന് മുന്പ് ചെയ്തവയുമടക്കം ജലച്ചായം, ഡിജിറ്റൽ ആർട്ട്, അക്രിലിക്, രേഖ ചിത്രങ്ങൾ എന്നീ വിഭാഗങ്ങളിലുള്ള 77 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ജന്മനാടായ മുഴക്കുന്നിലെ ഗ്രാമീണ വായനശാല ആൻഡ് ഗ്രന്ഥാലയമാണ് ചിത്രപ്രദർശനം സംഘടിപ്പിച്ചത്. ചിത്രകാരൻ കെ കെ മാരാർ ഉദ്ഘാടനം ചെയ്തു. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി ബിന്ദു അധ്യക്ഷയായി. വിജയകുമാർ ബ്ലാത്തൂർ, കെ എം ശിവകൃഷ്ണൻ എ സത്യനാഥ്, രാജേന്ദ്രൻ പുല്ലൂർ, ജെയിൻ കാലിക്കറ്റ്, കെ വിനീത് എന്നിവർ സംസാരിച്ചു. പ്രദർശനം 11ന് സമാപിക്കും.










0 comments