ഇരിക്കൂറിനെ വീണ്ടെടുക്കാൻ മാത്യു കുന്നപ്പള്ളി

കണ്ണൂർ
സാമൂഹ്യ പ്രവർത്തനങ്ങളിലും ആരോഗ്യരംഗത്തും നിയമവൃത്തിയിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ അഡ്വ. മാത്യു കുന്നപ്പള്ളിയാണ് ഇരിക്കൂറിൽ എൽഡിഎഫിനായി ജനവിധി തേടുന്നത്. ഇരിട്ടി സ്വദേശിയായ മാത്യു അമല മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രി ചെയർമാനും മാനേജിങ് ഡയറക്ടറുമാണ്. കഠിനാധ്വാനവും പരിശ്രമവുമാണ് മാത്യു കുന്നപ്പള്ളിയെ സമൂഹത്തിൽ ശ്രദ്ധേയസ്ഥാനത്തേക്ക് ഉയർത്തിയത്. 15–-ാംവയസിൽ കേരള സ്റ്റുഡന്റ്സ് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയരംഗത്തേക്ക് കടന്ന മാത്യു, കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്, കേരള കോണ്‍ഗ്രസ് (ജോസഫ്) ജില്ലാ പ്രസിഡന്റ്, കേരള കോണ്‍ഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതി അംഗമാണ്. ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മാത്യു സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിരന്തരം ഇടപെട്ട് പ്രവര്‍ത്തിക്കുന്നയാളാണ്. 17 വർഷത്തിലധികം അഭിഭാഷകനായി മട്ടന്നൂർ, കൽപ്പറ്റ കോടതികളിൽ പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമുണ്ട്. ആരോഗ്യരംഗത്തെ പ്രവർത്തനങ്ങളിലൂടെ ഇരിട്ടി അമല ആശുപത്രിയും അഡ്വ. മാത്യു കുന്നപ്പള്ളിയും എന്നും സമൂഹത്തിനൊപ്പം ചേര്‍ന്ന് സഞ്ചരിക്കുന്നു. കോട്ടയം സ്വദേശികളായ ആന്റണി കുന്നപ്പള്ളിയുടെയും മറിയാമ്മയുടെയും എട്ട് മക്കളില്‍ എട്ടാമന്‍. ഭാര്യ: ഡോ. അന്നമ്മ മാത്യു. ആലക്കോട് മാളിയേക്കൽ കുടുംബാംഗമാണ്. മക്കള്‍: ഡോ. അമല അന്ന മാത്യു, ഡോ. അഞ്ജന അന്ന മാത്യു. മരുമക്കൾ: ഡോ. ടോം ജോസ് കാക്കനാട്ട്, ഡോ. സെബിൻ കുര്യൻ. നാലുപതിറ്റാണ്ടിലേറെയായി യുഡിഎഫിന്റെ മണ്ഡലമായ ഇരിക്കൂർ വികസന മുരടിപ്പിലാണ്. സമീപ മണ്ഡലങ്ങളെല്ലാം വികസനത്തിന്റെ വെള്ളിത്തേരിലേറി കുതിക്കുമ്പോൾ ഇരിക്കൂറിനെ തിരിച്ചുപിടിക്കാനുള്ള ചരിത്രദൗത്യവുമായാണ് അഡ്വ. മാത്യു കുന്നപ്പള്ളി മത്സരിക്കുന്നത്.










0 comments