ad
Deshabhimani

ചേപ്പറന്പിലുമുണ്ട്‌ പക്ഷിസങ്കേതം

വീട്ടിലൊരുക്കിയ ഗാലറിക്കുമുന്നിൽ ഡോ. പി വി മോഹനൻ
avatar
എൻ കെ സുജിലേഷ്‌

Published on Dec 31, 2025, 03:00 AM | 1 min read

കണ്ണൂർ സൂര്യോദയംമുതൽ അസ്‌തമനംവരെ കിലുകിലാരവവും ചിറകടിയും പക്ഷിക്കുളിയും നിറഞ്ഞൊരുവീട്‌. പരിസ്ഥിതി പ്രവർത്തകനും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ ഡോ. പി വി മോഹനന്റെ ശ്രീകണ്‌ഠപുരം ചേപ്പറന്പിലെ വീടും പറന്പും ഇങ്ങനെ പക്ഷികളുടെ അപൂർവ സങ്കേതമാണ്‌. ബുൾബുൾ, യെല്ലോ ബ്രൗഡ് ബുൾബുൾ, റെഡ് വിസ്കേർഡ് ബുൾബുൾ, യെല്ലോ നാപ്‌ഡ്‌ വുഡ് പെക്കർ, ഇലക്കിളികൾ, കുറിണ്ണൻ പുള്ള്‌, ഇന്ത്യൻ ബ്ലാക്ക് ബേർഡ്, കുട്ടുറുവൻ, ചിതല, ഓലാഞ്ഞേലി, ഓറഞ്ച് മിനിവെറ്റ്‌, ബ്രോൺസ്ഡ് ഡ്രോംഗോ, വിവിധയിനം പ്രാവുകൾ, മുനിയ, റോക്ക് ത്രഷ്‌, പഫ് ത്രോട്ടഡ് ബാബ്ലർ തുടങ്ങിയയൊക്കെ ഇവിടത്തെ പതിവുകാരും. ഒരു പത്രത്തിൽ വെള്ളവും കുറച്ചു റോബസ്റ്റ പഴങ്ങളും മരക്കൊമ്പിൽ തൂക്കിയിട്ട പേരക്കയും താഴെ പാറയ്‌ക്കിടയിൽ കെട്ടിനിർത്തിയ വെള്ളവുമായിരുന്നു മുതൽമുടക്ക്‌. ആദ്യ ദിവസങ്ങളിൽ സംശയത്തോടെ എത്തിയവർ ദിവസങ്ങൾ കഴിഞ്ഞതോടെ അവിടമാകെയും സ്വന്തമാക്കി. വീട്ടുപറന്പിനോടുചേർന്ന ഒരേക്കർ സ്ഥലത്ത്‌ പലയിനങ്ങളിലുള്ള വൃക്ഷങ്ങൾ ഡോ. പി വി മോഹനൻ വച്ചുപിടിപ്പിച്ചിരുന്നു. ഇതിൽ പലയിടങ്ങളിലായാണ് പക്ഷികൾക്ക്‌ വെള്ളവും ഭക്ഷണവും ഒരുക്കിയത്‌. പക്ഷികളെ കാണാനും അവയ്ക്ക് ശല്യമാകാതെ ഫോട്ടോ എടുക്കാനും ചെറിയ മറയും ഇവിടെ ഒരുക്കിയിട്ടുണ്ട്. പതിവായി എത്തുന്നതും അല്ലാത്തതുമായ 74 ഇനം പക്ഷികളെയാണ്‌ കാമറയിൽ പകർത്താനായത്‌. ഇതിൽ മിക്കവയും ഭക്ഷണത്തിനും വെള്ളത്തിനും സ്ഥിരമായി രാവിലെയും വൈകീട്ടും എത്തുന്നു. കാടുകളിൽ മാത്രം കണ്ടുവരുന്ന ചിലയിനം പക്ഷികളുമുണ്ട്‌. പലതിന്റെയും കൂടുകൾ ഇ‍ൗ വീട്ടുപറന്പിലെ മരങ്ങളിൽ തന്നെയാണെന്നതാണ്‌ പ്രത്യേകത. പക്ഷികളുടെ ഫോട്ടോ ഉൾപ്പെടുത്തിയുള്ള ഗ്യാലറിയും ഒരുക്കിയിട്ടുണ്ട്‌. പേരക്കയടക്കമുള്ള പഴങ്ങൾ മരത്തിന്റെ കൊന്പിൽ കുത്തിവച്ചാണ്‌ സ്വാഭാവികതയുണ്ടാക്കുന്നത്‌. ചില പക്ഷികൾ ഇങ്ങിനെയുള്ളവ മാത്രമേ കഴിക്കൂവെന്ന്‌ ഡോ. മോഹനൻ പറഞ്ഞു. പക്ഷി നിരീക്ഷണത്തിനും ഫോട്ടോയെടുക്കാനുമായി വിദേശത്തുനിന്നടക്കം ആളുകളെത്തുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home