തലശേരി കോടതിയിൽ അഭിഭാഷകയ്‌ക്ക് മർദനം

തലശേരി
തലശേരി കുടുംബ കോടതിയിലെ വെയ്‌റ്റിങ് റൂമിൽവച്ച് അഭിഭാഷകയെ വിവാഹമോചന ജീവനാംശ കേസിലെ എതിർകക്ഷി മർദിച്ചു. തിരുവനന്തപുരം സ്വദേശിനിയും സീനിയർ അഭിഭാഷകയുമായ പി വി സോണിക്കാണ് (56) മർദനമേറ്റത്. മാഹി എക്സൽ പബ്ലിക് സ്കൂൾ അധ്യാപകൻ വിളക്കോട്ടൂർ കീഴാലിപ്പൊയിൽ ഹൗസിൽ കെ പി ദിവാകരൻ (51) ആണ് മർദിച്ചത്. ഇയാൾക്കെതിരെ തലശേരി പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച പകൽ 12.15ഓടെ കുടുംബ കോടതിയിലെ കൗൺസലിങ് ഹാളിന് പുറത്തായിരുന്നു സംഭവം. വെയ്റ്റിങ് റൂമിൽ സുഹൃത്തായ അഡ്വ. സുസ്മിതയുമായി സംസാരിച്ചുനിൽക്കുകയായിരുന്നു അഡ്വ. സോണി. ഇൗ സമയം കൗൺസലിങ്ങിനായി കാത്തു നിൽക്കുകയായിരുന്ന ദിവാകരൻ പ്രകോപനമില്ലാതെ അസഭ്യം പറഞ്ഞ് സോണിയെ മർദിക്കുകയുമായിരുന്നു. മുഖത്തടിച്ച ഇയാൾ അഭിഭാഷകയെ തള്ളിവീഴ്‌ത്തി. വീഴ്ചയിൽ നടുവിന് പരിക്കേറ്റ സോണിയെ തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവാഹമോചന ജീവനാംശ കേസിൽ കൗൺസലിങ്ങിനായി എത്തിയതായിരുന്നു ദിവാകരൻ. ഇയാളുടെ കേസിലെ എതിർ കക്ഷിയുടെ അഭിഭാഷകയാണ് പി വി സോണി. ഇയാൾ മുന്പും കോടതി പരിസരത്തുവച്ച് അഭിഭാഷകയെ അധിക്ഷേപിച്ചതായി പരാതിയുണ്ട്. ദിവാകരനും തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. വനിതാ അഭിഭാഷകയ്‌ക്കുനേരെയുണ്ടായ അക്രമത്തിൽ ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ തലശേരി യൂണിറ്റ് പ്രതിഷേധിച്ചു. അക്രമിക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും അധികൃതരോട് ആവശ്യപ്പെട്ടു.









0 comments