ഇതാ പയ്യന്നൂർ മാതൃക


പ്രകാശൻ പയ്യന്നൂർ
Published on Aug 13, 2025, 03:00 AM | 1 min read
പയ്യന്നൂർ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ രണ്ടാം ബർദോളി എന്ന പേരിൽ അറിയപ്പെടുന്ന പയ്യന്നൂർ, അതിദരിദ്രരില്ലാത്ത സംസ്ഥാനത്തെ ആദ്യ നഗരസഭകൂടിയാണ്. ഹരിത കേരളം, വിദ്യാകിരണം, ആർദ്രം, ലൈഫ് എന്നീ നാലു പദ്ധതികളും ജനകീയാസൂത്രണ പദ്ധതി പ്രവർത്തനങ്ങളുമായി സംയോജിപ്പിച്ച് മുന്നേറിയ നഗരസഭ. നഗരസഭയിലെ അതിദരിദ്രരായ 57 പേരെ കണ്ടെത്തി അവർക്ക് പ്രത്യേക സംരക്ഷണമാണ് ഒരുക്കിയത്. പൗരന്റെ അവകാശ രേഖകളായ ആധാർ കാർഡ്, റേഷൻ കാർഡ്, വേട്ടേഴ്സ് തിരിച്ചറിയൽ കാർഡ് എന്നിവയും ലഭ്യമാക്കി. പിഎംഎവൈ, ലൈഫ് പദ്ധതിയിൽ അനുവദിച്ച 824 വീടുകളിൽ 717 എണ്ണം പൂർത്തിയാക്കി. മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്ന പൊതുയിടങ്ങളിലും നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലും നാൽപതോളം നിരീക്ഷണ കാമറയാണ് സ്ഥാപിച്ചത്. 2025 മാർച്ച് 31ന് മുമ്പുതന്നെ നഗരസഭയെ സമ്പൂർണ ശുചിത്വ നഗരസഭയായി പ്രഖ്യാപിച്ചു. നഗരസൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പെരുമ്പ ജങ്ഷനിൽ പൂന്തോട്ടമൊരുക്കി. പെരുമ്പമുതൽ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾവരെ പ്രധാന റോഡിന്റെ ഇരു വശങ്ങളിലും പൂച്ചെടികൾ സ്ഥാപിച്ചു. നഗരം മാലിന്യമുക്തവും സുന്ദരവുമാക്കുന്നതിൽ ശുചീകരണ തൊഴിലാളികൾ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. നഗരസഭ മുൻകൈയെടുത്ത് സംഘടിപ്പിക്കുന്ന സാഹിത്യോത്സവം രാജ്യത്തുതന്നെ ആദ്യമായാണ്. കേരളത്തിനകത്തും പുറത്തുമുള്ള സാഹിത്യകാരന്മാരെയും പ്രഭാഷകരെയും പങ്കെടുപ്പിച്ച് നടത്തുന്ന സാഹിത്യോത്സവം ജനകീയ പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമാണ്. നഗരസഭാ പരിധിയിലെ മുഴുവൻ വാർഡുകളിലും വായനശാലയുണ്ട്. ആരോഗ്യ രംഗത്തും മുമ്പെങ്ങുമില്ലാത്ത കുതിച്ചു ചാട്ടം നടത്തി. താലൂക്ക് ആശുപത്രിയിൽ ദിവസേന ആയിരത്തലധികം രോഗികളാണ് ചികിത്സ തേടിയെത്തുന്നത്. ജനറൽ മെഡിസിനുപുറമെ ഗൈനക്കോളജി, ശിശുരോഗം, ദന്തരോഗം, ഇഎൻടി, നേത്രരോഗം, സർജറി, ഓർത്തോ വിഭാഗങ്ങളും പ്രവർത്തിക്കുന്നു. ഡയാലിസിസ് സെന്റർ വൃക്ക രോഗികൾക്ക് ഏറെ ആശ്വാസം പകരുന്നു.










0 comments