നാടകീയ രംഗങ്ങൾ: കോടതി വിട്ടയച്ച പ്രതിയെ ബലമായി പിടിച്ച് പൊലീസ്

തലശേരി
അഞ്ചരക്കണ്ടി ദന്തൽ കോളേജ് ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി നിധിൻരാജ് ജീവനൊടുക്കിയ കേസിൽ ആരോപണ വിധേയനായ അധ്യാപകൻ ഡോ. എം കെ റാമിനെ (എം കോതണ്ഡ റാം) ഹാജരാക്കിയ തലശേരി കോടതിയിലുണ്ടായത് നാടകീയ രംഗങ്ങൾ. അറസ്‌റ്റ് നിയമവിരുദ്ധമാണെന്ന് കണ്ട് കോടതി വിട്ടയച്ച പ്രതിയെ നിമിഷങ്ങൾക്കകം ബലമായി പിടിച്ച കേരള പൊലീസ് വെല്ലുവിളിച്ചത് നീതിന്യായ സംവിധാനത്തെ. പ്രതിയെ വിട്ടയച്ചുളള വിധിയിൽ വീണ്ടും അറസ്‌റ്റ് ചെയ്യുന്പോൾ കോടതിക്ക് നോട്ടീസ് നൽകണമെന്ന് വ്യക്തമാക്കിയ മഷി ഉണങ്ങുംമുന്പാണ് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി സുധീർ കല്ലൻ പ്രതിയുടെ ഭാര്യ ഡോ. ദിൽനനെയും സഹോദരി ധന്യയെയും തള്ളിമാറ്റി ബലമായി പിടിച്ചുകൊണ്ടുപോയത്. ഡോ. റാമിനെ തിങ്കൾ വൈകിട്ട് നാലരയോടെയാണ് തലശേരി എസ്‌സി–എസ്‌ടി സ്‌പെഷ്യൽ കോടതിയായ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കിയത്. പിന്നീട് രാത്രി പത്തോടെ ഡോ. റാമിനെ വിട്ടയച്ചു. പൊലീസ് നിയമം ലംഘിച്ചു–പ്രതിഭാഗം അഭിഭാഷകൻ അഞ്ചരക്കണ്ടി ദന്തൽ കോളേജ് ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി നിധിൻരാജ് ജീവനൊടുക്കിയ കേസിൽ ആരോപണ വിധേയനായ ഡോ എം കെ റാമിനെ അറസ്‌റ്റിലെ നിയമവിരുദ്ധത ചൂണ്ടിക്കാട്ടിയാണ് എസ്‌സി–എസ്‌ടി സ്‌പെഷ്യൽ കോടതി വിട്ടയച്ചതെന്നും വീണ്ടും ബലമായി പിടിച്ചുകൊണ്ടുപോയ പൊലീസ് നടപടി നിയമവിരുദ്ധവും ജുഡീഷ്യറിയോടുള്ള വെല്ലുവിളിയാണെന്നും പ്രതിഭാഗം അഡ്വ. എം കിഷോർ കുമാർ പറഞ്ഞു. സുപ്രീംകോടതി മാർഗനിർദേശം ലംഘിച്ചത് കണ്ടാണ് അറസ്‌റ്റ് റദ്ദാക്കി പ്രതിയെ വിട്ടത്. വീണ്ടും അറസ്‌റ്റ് ചെയ്യണമെങ്കിൽ നോട്ടീസ് ഇഷ്യൂ ചെയ്യണമെന്ന് കോടതി വിധിച്ചതാണ്. എന്നാൽ അതെല്ലാം ലംഘിച്ച് സാമൂഹ്യവിരുദ്ധ സംഘങ്ങളെ പോലെ നിയമം ലംഘിക്കുകയാണ് പൊലീസ് ചെയ്‌തത്. പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. കൈയേറ്റം ചെയ്‌തു, തള്ളിമാറ്റി കോടതി വിട്ടയച്ച് വാഹനത്തിൽ കയറാൻ നടന്നുപോകുന്പോഴാണ് ഞങ്ങളെ തള്ളിമാറ്റി ഭർത്താവ് ഡോ. റാമിനെ ബലമായി പിടിച്ചുകൊണ്ടുപോയതെന്ന് ഭാര്യ ഡോ. ദിൽന പറഞ്ഞു. വനിതാ പൊലീസ് പോലുമില്ലാതെയാണ് ഞങ്ങളെ തള്ളിമാറ്റി ഡോ. റാമിനെ ഡിവൈഎസ്‌പി സുധീർ കല്ലനും സംഘവും പിടിച്ചുകൊണ്ടുപോയത്. കോടതിയാണ് റാമിനെ വിട്ടയച്ചത്. വീണ്ടും അറസ്‌റ്റ് ചെയ്യുന്പോൾ നോട്ടീസ് നൽകണമെന്ന കോടതി ഉത്തരവ് പോലും പൊലീസ് പാലിച്ചില്ലെന്നും ദിൽന പറഞ്ഞു. രക്ഷാകവചമൊരുക്കി പൊലീസ് നാടകം അറസ്‌റ്റ് വിവരങ്ങൾ പ്രതിഭാഗത്തിന് ചോർത്തിക്കൊടുത്ത അന്വേഷണ ഉദ്യോഗസ്ഥൻ ജനശ്രദ്ധ തിരിക്കാൻ നടത്തിയ നാടകമാണ് തിങ്കളാഴ്‌ച രാത്രി തലശേരി ജില്ലാകോടതി വളപ്പിൽ കണ്ടത്. അഞ്ചരക്കണ്ടി ദന്തൽ കോളേജ് ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി നിധിൻരാജ് ജീവനൊടുക്കിയ കേസിൽ ആരോപണ വിധേയനായ ഡോ. എം കെ റാമിനെ കുടകിൽനിന്ന് അറസ്‌റ്റ് ചെയ്യുന്പോഴുണ്ടായ നടപടിക്രമങ്ങളിൽ വീഴ്‌ച വരുത്തിയാണ് പൊലീസ് പ്രതിക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയത്. അറസ്‌റ്റ് ചെയ്യുന്പോൾ കാരണങ്ങൾ പ്രതിയെ ബോധിപ്പിച്ചില്ലെന്ന വിവരം ജഡ്‌ജിയുടെ ചേന്പറിൽ പ്രതിയെ ഹാജരാക്കിയപ്പോൾ പൊലീസിന് മാത്രമേ അറിയുമായിരുന്നുള്ളൂ. ഇക്കാര്യം പ്രതിഭാഗത്തിന് ചോർത്തികൊടുത്തത് ആരാണ് എന്നത് ഉത്തരം കിട്ടേണ്ട ചോദ്യമാണ്. പ്രതിഭാഗം ഇൗ ഭാഗം മാത്രമാണ് കോടതിയിൽ വാദിച്ചത്. ജാമ്യം ലഭിക്കാൻ ഇത് സഹായകമാവുകയും ചെയ്‌തു. അറസ്‌റ്റ് നിയമവിരുദ്ധമെന്ന വാദമാണ് പ്രതിഭാഗം ഉന്നയിച്ചത്. ഇതോടെയാണ് അറസ്‌റ്റ് നിയമവിരുദ്ധമെന്ന് വിധിച്ചതും വിട്ടയച്ചതും. നാണക്കേടിൽനിന്ന് തൽക്കാലം രക്ഷപ്പെടാനാണ് വീണ്ടും പ്രതിയെ പിടിച്ചത്.










0 comments