ജില്ലാ വികസന സമിതി യോഗം തെരുവുനായ ശല്യം പരിഹരിക്കാൻ കർശന നടപടി

കണ്ണൂർ
തെരുവുനായ ശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ജില്ലാ വികസന സമിതി യോഗം. കോർപ്പറേഷൻ പരിധിയിൽനിന്ന് കഴിഞ്ഞ ദിവസങ്ങളിൽ എഴുപതോളം തെരുവുനായകളെ പിടികൂടി പടിയൂർ എബിസി സെന്ററിലേക്ക് മാറ്റി. ഒരാഴ്ച കൂടി കോർപ്പറേഷൻ പരിധിയിൽ നായപിടുത്തം തുടരും. തെരുവുനായകളെ പിടിക്കുന്നവർക്കുള്ള പരിശീലനം പൂർത്തിയായി. ജില്ലയിലെ പ്രത്യേക സാഹചര്യത്തിൽ കോർപ്പറേഷൻ 20 ഷെൽട്ടർ ഹോമുകളാണ് ഉടൻ നിർമിക്കുന്നത്. ഇതിൽ ആറ് എണ്ണത്തിന്റെ പ്രവൃത്തി പൂർത്തിയായി. കന്റോൺമെന്റ് പരിധിയിലും ഷെൽട്ടർ ഹോം നിർമിച്ചു. യോഗത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി അധ്യക്ഷനായി. കാലവർഷം തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ കരിങ്കൽ, ചെങ്കൽ ക്വാറികളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്‌ക്കാൻ ദുരന്ത നിവാരണ അതോറിറ്റി നിർദേശമുണ്ടായിട്ടും അവഗണിച്ച് ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ദുരന്തനിവാരണ നിയമ പ്രകാരം നടപടികൾ സ്വീകരിക്കുമെന്ന് കലക്ടർ അരുൺ കെ വിജയൻ പറഞ്ഞു. തേർളായി ദ്വീപിലേക്ക് സ്വകാര്യ ബസ് റൂട്ട് അനുവദിച്ചു. അടുത്ത യോഗത്തിൽ സമയക്രമീകരണം നടത്തും. തദ്ദേശ, പിഡബ്ല്യുഡി റോഡുകളുടെ നവീകരണത്തിൽ അടിയന്തര ഇടപെടൽ വേണം. ചൂട്ടാട്-പാലക്കോട് അഴിമുഖത്ത് മണൽ നീക്കം ചെയ്യുന്നതിന് നടപടികൾ സ്വീകരിച്ചുവെങ്കിലും കാലവർഷം ശക്തി പ്രാപിച്ചതോടെ മണൽത്തിട്ടകൾ രൂപപ്പെട്ടിരിക്കുകയാണ്. ഇത് നീക്കം ചെയ്യാൻ അടിയന്തര ഇടപെടൽ വേണം. പയ്യന്നൂർ മണ്ഡലത്തിലെ കാങ്കോൽ -ആലപ്പടമ്പ്, പെരിങ്ങോം, ചെറുപുഴ പഞ്ചായത്തുകളിൽ ബസ് റൂട്ട് നിലവിലില്ലാത്ത പ്രദേശങ്ങളെ ബന്ധിപ്പിച്ച് പുതിയ ബസ് റൂട്ട് പെർമിറ്റ് ഉടൻ അനുവദിക്കണമെന്നും ആവശ്യം ഉയർന്നു. നരിക്കോട്, വാഴമല, പാത്തിക്കൽ, ചെന്നപ്പൊയിൽ പന്നോട് പ്രദേശങ്ങളിൽ കാട്ടാനകളും കാട്ടുപന്നിയും ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങുന്നത് പതിവായതിനാൽ ഇവിടെ താൽക്കാലിക വാച്ചർമാരെ നിയമിക്കാനും സോളാർ ഫെൻസിങ് സ്ഥാപിക്കാനും ആവശ്യമുണ്ടായി. പാപ്പിനിശേരി- പിലാത്തറ റോഡിൽ കെ വി സുമേഷ് എംഎൽഎയുടെ ഫണ്ട് ഉപയോഗിച്ച് തെരുവ് വിളക്ക് സ്ഥാപിക്കും. കനത്ത മഴയിലും കാറ്റിലും കൃഷി നാശം സംഭവിച്ചവർക്ക് ധനസഹായം വിതരണംചെയ്യാനുള്ള നടപടി ആരംഭിച്ചെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. ദേശീയപാത സർവീസ് റോഡുകൾ ഉൾപ്പെടെയുള്ള റോഡിലെ കുഴികൾ അടക്കുന്നതിന് ഉടൻ നടപടി സ്വീകരിക്കുന്നതിന് പൊതുമരാമത്ത് റോഡ് വിഭാഗത്തിന് കലക്ടർ നിർദേശംനൽകി. ദേശീയപതയിൽ താഴെചൊവ്വ ഭാഗത്ത് വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർക്ക് നിർദേശംനൽകി. സജീവ് ജോസഫ് എംഎൽഎ, സബ് കലക്ടർ കാർത്തിക് പാണിഗ്രാഹി, എഡിഎം കല ഭാസ്‌കർ, ജില്ലാ പ്ലാനിങ് ഓഫീസർ നെനോജ് മേപ്പടിയത്ത് എന്നിവർ സംസാരിച്ചു.











0 comments