നഗരം കീഴടക്കി
ചെമ്പട

കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബോൾ ഫെെനലിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്സി ജയിച്ചപ്പോൾ ആരാധകരുടെ ആഹ്ലാദം
ഫാസിൽ ചോല
Published on Dec 20, 2025, 02:30 AM | 1 min read
കണ്ണൂർ
ആർപ്പുവിളികളുടെ ആരവം, കാതടപ്പിക്കുന്ന ബാൻഡ് മേളം, കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റ് ഷോ, ആകാശത്ത് വിരിഞ്ഞ വർണപ്പടക്കങ്ങൾ. കണ്ണൂരിന്റെ സിരകളിൽ സോക്കർ ലഹരി ഒഴുകിയ രാത്രിയായിരുന്നു വെള്ളിയാഴ്‌ച. കണ്ണൂരിന്റെ പോരാളികളും തൃശൂരിന്റെ മാന്ത്രികരും തങ്ങളുടെ കന്നിക്കിരീടത്തിനായി നേർക്കുനേർ വന്ന കലാശപ്പോരാട്ടം ജവഹർ സ്റ്റേഡിയത്തെ ഇളക്കിമറിച്ചു. കണ്ണൂർ വാരിയേഴ്‌സ് എഫ്സിയും തൃശൂർ മാജിക് എഫ്സിയുമായുള്ള ഫൈനൽ മത്സരത്തിനായി വൈകിട്ട് അഞ്ചോടെ സ്റ്റേഡിയത്തിന്റെ കവാടങ്ങൾ തുറന്നപ്പോൾതന്നെ ആരാധകരുടെ ഒഴുക്കായിരുന്നു. വാരിയേഴ്‌സിന്റെ ചുവപ്പൻ കടലിനെ വെല്ലുവിളിച്ച് ഓറഞ്ച് ജഴ്‌സിയണിഞ്ഞ് തൃശൂർ ആരാധകർ കൂടി എത്തിയതോടെ, മൈതാനത്ത് പന്തുരുളും മുൻപേ ഗ്യാലറിയിൽ പോരാട്ടവീര്യം പ്രകടമായി. ഡിജെ ഡാസിയുടെ പ്രകടനത്തോടെ പ്രീ മാച്ച് ഷോ ആരംഭിച്ചു. തൊട്ടുപിന്നാലെ ആട്ടം കലാസമിതിയുടെ ചെണ്ടമേളം കൂടി മുഴങ്ങിയതോടെ ഗ്യാലറി പ്രകമ്പനം കൊണ്ടു. ആറരയോടെ റാപ്പ് സംഗീതവുമായി ഗബ്രിയെത്തിയതോടെ സ്റ്റേഡിയം ഹൈ-ഗിയറിലേക്ക് മാറി. തുടർന്ന് കമന്റേറ്റർ ഷൈജു ദാമോദരൻ സൂപ്പർ ലീഗിലെ മുഴുവൻ ടീമുകളെയും പരിചയപ്പെടുത്തി. വിജയികൾക്കുള്ള വെള്ളിക്കപ്പ് 'സഹോ' എസ്എൽകെ മാനേജിങ് ഡയറക്ടർ ഫിറോസ് മീരാൻ, സിഇഒ മാത്യു ജോസഫ്, മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം ഐ എം വിജയൻ, കെഎഫ്എ പ്രസിഡന്റ് നവാസ് മീരാൻ, ജനറൽ സെക്രട്ടറി ഷാജി കുര്യൻ എന്നിവർ ചേർന്ന് മൈതാനത്തെത്തിച്ചു. കണ്ണൂർ വാരിയേഴ്‌സ് സഹ ഉടമ ആസിഫ് അലി, തൃശൂർ മാജിക് എഫ്സി സഹ ഉടമ കുഞ്ചാക്കോ ബോബൻ എന്നിവർചേർന്ന് സൂപ്പർ ലീഗ് ഔദ്യോഗിക ഗാനം ലോഞ്ച് ചെയ്തു. 7.30ന് കിക്കോഫ് വിസിൽ മുഴങ്ങിയതോടെ ആരാധകരുടെ ആവേശം ഉച്ചസ്ഥായിയിലെത്തി. പ്രിയ ടീമിന്റെ കൊടികളും ബാനറുകളുമായി ഗ്യാലറിയിലെ പതിനായിരങ്ങൾ കളംനിറഞ്ഞു. ഹാഫ് ടൈം വിസിൽ മുഴങ്ങിയതോടെ സ്റ്റേഡിയം വീണ്ടും സംഗീത ലഹരിയിലാറാടി. തമിഴ് റാപ്പിന്റെ ചടുലതാളവുമായി അറിവ് കളം നിറഞ്ഞപ്പോൾ ആരാധകരും ആവേശത്തോടെ വരികൾ ഏറ്റുപാടി. രാത്രി വൈകി മത്സരം കഴിഞ്ഞ് ആരാധകർ പിരിഞ്ഞുപോകുമ്പോഴും നഗരം ഉറങ്ങിയില്ല. കണ്ണൂരിന്റെ മണ്ണിൽ ഫുട്ബോളിന്റെ ആവേശം ബാക്കിയാക്കി സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിന് ജവഹർ സ്റ്റേഡിയത്തിൽ വിജയകരമായി തിരശ്ശീല വീണു.










0 comments