കാണാം കൂത്തുപറമ്പിന്റെ വർണക്കാഴ്‌ചകൾ

കൂത്തുപറമ്പ് പൊലീസ് ക്വർട്ടേഴ്സ് മതിലിൽ വരയിടം ആർട്സ് സ്കൂളിലെ വിദ്യാർഥികൾ ചിത്രങ്ങൾ വരയ്‌ക്കുന്നു
ഷാജിത്ത് കെ ആമ്പിലാട്
Published on May 04, 2026, 02:00 AM | 1 min read
കൂത്തുപറമ്പ്
മാറ്റത്തിന്റെ പുതുനിറങ്ങൾപൂശി കൂത്തുപറമ്പ് നഗരം. സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളും ബോധവൽക്കരണ സന്ദേശങ്ങളും ചേർന്നൊരു ദൃശ്യാനുഭവമാണ് ഇൗ നഗരമൊരുക്കുന്നത്. നഗരത്തിലെ പ്രധാന പാതകളിലെ ഡിവൈഡറുകളും ടൗൺ സ്ക്വയറും പച്ചപ്പിന്റെ ചിരിയിലാണ്. വിവിധതരം ചെടികൾ ചട്ടികളിൽ നട്ടുവളർത്തി ആകർഷകമാക്കിയതിലൂടെ നഗരത്തിന്റെ മുഖച്ഛായ മാറി. ഒരിക്കൽ മാലിന്യക്കൂമ്പാരമായിരുന്ന ഇടങ്ങൾ ശുചിത്വത്തിന്റെയും പരിസ്ഥിതി ബോധത്തിന്റെയും സന്ദേശംപകരുന്നു. ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി, കൂത്തുപറമ്പിനെ മാലിന്യമുക്ത നഗരമാക്കാനാണ് ശ്രമം. പൊതുജനങ്ങളിൽ ബോധവൽക്കരണം സൃഷ്ടിക്കാനാണ് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ ചുമർചിത്രങ്ങളും സന്ദേശ എഴുത്തുകളും ഒരുക്കുന്നത്. മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്ത് 6 അടി ഉയരത്തിലും 70 അടി നീളത്തിലും പൊലീസ് കോട്ടേഴ്‌സ് ചുറ്റുമതിലിൽ 5 അടി ഉയരത്തിലും 350 അടി നീളത്തിലുമാണ് ചിത്രങ്ങൾ. കൂത്തുപറമ്പ് വരയിടം ആർട്ട് സ്കൂളിലെ മുപ്പതോളം വിദ്യാർഥികൾ, ആർട്ടിസ്റ്റ് ഷൈജു കെ മാലൂരിന്റെ നേതൃത്വത്തിലാണ് ജീവൻ തുടിക്കുന്ന ചിത്രങ്ങൾ വരയ്‌ക്കുന്നത്. ആകർഷക ചിത്രങ്ങളും ലളിത ഭാഷയിലുള്ള സന്ദേശങ്ങളും ജനശ്രദ്ധ പിടിച്ചുപറ്റുന്നു. പൊതുവിടങ്ങളിൽ മാലിന്യം തള്ളുന്ന ശീലം ഒഴിവാക്കുക, ഉറവിട മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കുക, പ്ലാസ്റ്റിക് വിമുക്ത നഗരം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പദ്ധതിയിലൂടെ മുന്നോട്ടുവയ്‌ക്കുന്നത്. ശുചിത്വം ഉറപ്പാക്കുന്നതിനായി നഗരസഭ കൈകൊണ്ട മറ്റൊരു നവീന നീക്കമാണ് ബസ് സ്റ്റാൻഡ് പരിസരത്ത് സ്ഥാപിച്ച പ്രത്യേക ടിക്കറ്റ് ബിന്നുകൾ. ബസ് യാത്രാടിക്കറ്റുകൾ എവിടെയും എറിഞ്ഞ് പരിസരം മലിനമാക്കുന്ന സാഹചര്യം നിലനിന്നിരുന്നു. ഇതിന് ശാശ്വത പരിഹാരമായി സ്ഥാപിച്ച ബിന്നുകൾ ഏറെ ഫലപ്രദമാണ്. നഗരം കാക്കണം വീട്ടുമുറ്റംപോലെ "ജില്ലയിലെ ആദ്യ മാലിന്യമുക്ത നഗരസഭയാണ് കൂത്തുപറമ്പ്. മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് മുൻവർഷങ്ങളിൽ ദേശീയ അംഗീകാരം ഉൾപ്പെടെ നഗരസഭ നേടിയിട്ടുണ്ട്. ഈ പ്രവർത്തനങ്ങളുടെ തുടർച്ചയുടെ ഭാഗമായിട്ടാണ് നഗരത്തിൽ വ്യത്യസ്ത പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. ഖരമാലിന്യ സംസ്കരണത്തിലുണ്ടായ നേട്ടങ്ങൾ പോലെ ദ്രവമാലിന്യ സംസ്കരണത്തിലും ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് പദ്ധതികൾ നഗരസഭ ആസൂത്രണംചെയ്തിട്ടുണ്ട്. സ്വന്തം വീട്ടുമുറ്റം പോലെ നഗരത്തെ പരിപാലിക്കാൻ നഗരസഭ ഏറ്റെടുക്കുന്ന പ്രവർത്തനങ്ങളുടെ കൂടെ എല്ലാവരും ഉണ്ടാകണം. വി ഷിജിത്ത് കൂത്തുപറന്പ് നഗരസഭാ ചെയർപേഴ്‌സൺ










0 comments