അഴീക്കോട് സുമേഷ് തൂക്കി

കണ്ണൂർ
2011–ൽ അഴീക്കോട് സാക്ഷ്യം വഹിച്ച ഫോട്ടോഫിനിഷിന്റെ ആവർത്തനമായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പ്. അന്ന് വിജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിലെ അവസാനലാപ്പിൽ 493 വോട്ടിന് ജയിച്ചത് യുഡിഎഫിലെ കെ എം ഷാജിയായിരുന്നുവെങ്കിൽ ഇത്തവണ വിജയം സ്വന്തമാക്കിയത് സിറ്റിങ് എംഎൽഎ കെ വി സുമേഷ്. കേരളത്തിൽ ഏറ്റവും ശക്തമായ പോരാട്ടം നടന്ന മണ്ഡലത്തിൽ 349 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുമേഷിന്റെ അഭിമാന വിജയം. 12 റൗണ്ടുവരെ വ്യക്തമായ ലീഡ് തുടർന്ന സുമേഷിന് വളപട്ടണം പഞ്ചായത്തിലെയും പുഴാതി സോണലിലെയും വോട്ടുകൾ എണ്ണാൻ തുടങ്ങിയ അവസാന റൗണ്ടുകളിൽ ലീഡ് കുറഞ്ഞു. ഒന്നാം റൗണ്ടുമുതൽ പടിപടിയായി ലീഡ് ഉറപ്പിച്ചാണ് സുമേഷ് മുന്നേറിയത്. ചില റൗണ്ടുകളിൽ മുസ്ലിംലീഗിലെ അബ്‌ദുൾ കരീം ചേലേരിക്ക് കൂടുതൽ വോട്ടുലഭിച്ചെങ്കിലും ക്രമാനുഗതമായ ലീഡ് നിലനിർത്തിയായിരുന്നു സുമേഷിന്റെ മുന്നേറ്റം. 13ാം റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോൾ ചേലേരി 62,867 വോട്ട്, സുമേഷ് 62,878 വോട്ട് എന്നിങ്ങനെയായി. 14ാം റൗണ്ട് പിന്നിട്ടപ്പോൾ കരീം ചേലേരി 63,532 വോട്ടും സുമേഷ് 63,366 വോട്ടുമായി. അവസാന റൗണ്ടായ 15 എണ്ണിക്കഴിഞ്ഞപ്പോൾ സുമേഷിന് രണ്ട് വോട്ട് ലീഡ്. കരീം ചേലേരി– 63,855 വോട്ട്. കെ വി സുമേഷ് – 63,857 വോട്ട്. ഇതിനൊപ്പം തപാൽ വോട്ടുകളിലെ 347 വോട്ടുകളുടെ ഭൂരിപക്ഷവും ചേർത്താണ് സുമേഷ് വിജയം ഉറപ്പിച്ചത്. 1094 തപാൽ വോട്ടാണ് സുമേഷിന് കിട്ടിയത്. ചേലേരിക്ക് 747 വോട്ട് ലഭിച്ചു. 15ാം റൗണ്ടിൽ വോട്ടെണ്ണുന്നതിനിടെ ചില ചാനലുകളിൽ സുമേഷ് ഏഴ് വോട്ടിന് പരാജയപ്പെട്ടുവെന്ന് വാർത്തകൾ വന്നു. 15ാം റൗണ്ട് എണ്ണി പൂർത്തിയാക്കി തപാൽ വോട്ടുകളുടെ അന്തിമ കണക്കും ചേർത്താണ് 349 വോട്ടിന് സുമേഷിന്റെ ജയം തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചത്. കേരളമാകെ എൽഡിഎഫിന് തിരിച്ചടി നേരിട്ട തെരഞ്ഞെടുപ്പിൽ കഴിഞ്ഞ വർഷത്തേക്കാൾ വോട്ടുസമാഹരിച്ചാണ് കേരളത്തിലെ ഏറ്റവും ജനപ്രിയനായ എംഎൽഎയുടെ രണ്ടാം ജയം. കെ വി സുമേഷ് 64,951 വോട്ട് (43.74 ശതമാനം) നേടിയപ്പോൾ യുഡിഎഫിലെ അബ്‌ദുൾ കരീം ചേലേരിക്ക് കിട്ടിയത് 64,602 വോട്ടാണ് (43.53 ശതമാനം). ബിജെപിയിലെ കെ കെ വിനോദ് കുമാർ 17,476 വോട്ട് നേടി. 2021ൽ കെ വി സുമേഷ്– 63,895, കെ എം ഷാജി– 58,490, കെ രഞ്‌ജിത്ത്(എൻഡിഎ)– 15,404 എന്നിങ്ങനെയായിരുന്നു വോട്ടുനില. രാഷ്ട്രീയ പോരാട്ടത്തിനൊപ്പം ജനപ്രതിനിധിയുടെ ജനകീയതയും വികസനവും വോട്ടായി മാറിയപ്പോഴാണ് കടുപ്പമുള്ള പോരാട്ടത്തിലും സുമേഷ് ജയിച്ചുകയറിയത്. സുമേഷിന്റെ ജനപ്രീതിയോട് ഏറ്റുമുട്ടാൻ ഭയന്നാണ് കഴിഞ്ഞ തവണത്തെ സ്ഥാനാർഥി കെ എം ഷാജി ഇക്കുറി വേങ്ങരയിലേക്ക് കളംമാറിയത്. 2021–ലെ തെരഞ്ഞെടുപ്പിൽ ഹാട്രിക് വിജയം ലക്ഷ്യംവച്ചിറങ്ങിയ കെ എം ഷാജിയെ കെ വി സുമേഷ് 6,141 വോട്ടിനാണ് മലർത്തിയടിച്ചത്.
വിജയം കൂട്ടായ പ്രവർത്തനത്തിന്റെ ഫലം
അഴീക്കോട് അഴീക്കോട് മണ്ഡലത്തില്‍ എല്‍ഡിഎഫ് നടപ്പാക്കിയ സമാനതകളില്ലാത്ത വികസന മുന്നേറ്റത്തിന് തുടര്‍ച്ച വേണമെന്നതിനാലാണ് ഇക്കുറിയും വോട്ടര്‍മാര്‍ എല്‍ഡിഎഫിന് വിജയം സമ്മാനിച്ചത്. ജനങ്ങളാണ് ഇൗ ജയത്തിന്റെ നേരവകാശികള്‍. സംസ്ഥാനത്ത് യുഡിഎഫ് തരംഗമുണ്ടായിട്ടും ജനങ്ങൾ രാഷ്‌ട്രീയബോധ്യത്തോടെ എല്‍ഡിഎഫിനൊപ്പം ഉറച്ചുനിന്നു. ഇന്നലെകളില്‍ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നാം ആര്‍ജിച്ച നേട്ടങ്ങളെക്കാള്‍ നമുക്ക് ഭാവിയില്‍ എത്തിപ്പിടിക്കാനുണ്ട്. ഇതിന് ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. എല്‍ഡിഎഫിന് മണ്ഡലത്തില്‍ വിജയം സമ്മാനിച്ച വോട്ടര്‍മാര്‍ക്ക് നന്ദി പറയുന്നു.










0 comments