ശിക്ഷിക്കപ്പെട്ട് ഒരു വർഷം തികയുംമുന്പ് ജാമ്യം
പാലത്തായി പീഡനക്കേസ് പ്രതിക്ക് യുഡിഎഫ് സർക്കാർ സഹായം

തലശേരി
പാലത്തായി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജീവിതാവസാനംവരെ തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ബിജെപി നേതാവ് പാനൂരിനടുത്ത മുണ്ടത്തോട്ടെ പത്മരാജനെ ജാമ്യത്തിലിറക്കി യുഡിഎഫ് സർക്കാർ. യുഡിഎഫ്–ബിജെപി ഒത്തുകളിക്കൊടുവിലാണ് പീഡനകേസ് പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം. നാലാം ക്ലാസ് വിദ്യാർഥിയെ അതേ സ്‌കൂളിലെ അധ്യാപകൻ പീഡിപ്പിച്ച കേസിൽ തലശേരി അതിവേഗ പോക്‌സോ കോടതി കഴിഞ്ഞ വർഷം നവംബർ14നാണ് ബിജെപി നേതാവിനെ ജീവിതാവസാനംവരെ തടവിന് ശിക്ഷിച്ചത്. ഒക്‌ടോബറിൽ പരിഗണിക്കാൻ നിശ്‌ചയിച്ച ശിക്ഷാവിധിയിന്മേലുള്ള അപ്പീൽ ഹൈക്കോടതിക്ക് മുന്നിൽ നേരത്തെ എത്തിച്ചാണ് ബിജെപി നേതാവിന് അതിവേഗം ജാമ്യത്തിലിറക്കാൻ പ്രോസിക്യുഷൻ സഹായിച്ചത്. ഭരണം മാറിയതോടെയാണ് ജാമ്യത്തിന് ബിജെപി നേതൃത്വം ഇടപെട്ടുതുടങ്ങിയത്. ഇരയായ കുട്ടിയുടെ താൽപര്യം സംരക്ഷിക്കാൻ ശക്തമായ പ്രോസിക്യൂഷൻ സംവിധാനം ഹൈക്കോടതിയിലുണ്ടായിരുന്നു. പ്രോസിക്യുട്ടർമാർ മാറിയതോടെ വേട്ടക്കാരനൊപ്പമായി ഭരണസംവിധാനം. ഹൈക്കോടതിയിലെ സീനിയർ ഗവ. പ്ലീഡർ തന്നെ ഇതിന് മുന്നിട്ടിറങ്ങി. ശിക്ഷ മരവിപ്പിച്ച് ജാമ്യം നൽകണമെന്ന അപേക്ഷ പരിഗണിക്കുന്നതിന് വനിതാ സിവിൽ പൊലീസ് ഓഫീസർ കുട്ടിയെയും മാതാവിനെയും നേരിൽ കണ്ട് റിപ്പോർട്ട് സമർപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവിൽ പോലും വെള്ളംചേർത്തു. ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പത്മരാജൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി ജൂലൈ 23ന് പരിഗണിക്കവെ പുറപ്പെടുവിച്ച ഉത്തരവാണ് പ്രോസിക്യൂഷൻ ലംഘിച്ചത്. പ്രതിയുടെ അപ്പീലിൽ തീർപ്പ് കൽപിക്കുംമുന്പ് ഇരയുടെ വാദം കൂടി കേൾക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി സുപ്രധാന നിർദേശങ്ങൾ നൽകിയത്. പത്തുവയസായ കുട്ടിയാണ് ഇരയെന്നതിനാൽ പ്രതി സമർപ്പിച്ച അപ്പീൽ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ മാതാവിനെ അറിയിക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യങ്ങളൊന്നും കുടുംബത്തെ അറിയിക്കാതെ കോടതിയെ തെറ്റിദ്ധരിപ്പിച്ച് ബിജെപി നേതാവിനെ ജാമ്യത്തിലിറക്കാൻ നടത്തിയ ഗൂഢനീക്കമാണ് വിജയിക്കുന്നത്.










0 comments