പ്രകൃതിയിലെ നിറപ്പകിട്ടാർന്ന ദൃശ്യങ്ങൾ

ടി കെ അനൂപ് പിണറായി
Published on Jan 06, 2026, 03:00 AM | 1 min read
പ്രകൃതിയിലെ നിറപ്പകിട്ടാർന്ന ദൃശ്യങ്ങൾ തന്മയത്വത്തോടെ ചാലിച്ച് ക്യാൻവാസിൽ വർണങ്ങളുടെ വിസ്മയക്കാഴ്ച ഒരുക്കുകയാണ് സജില പെരളശേരി. ചിത്രകലാരംഗത്ത് വേണ്ടത്ര അക്കാദമിക പഠനങ്ങളില്ലാതെയാണ് വരയ്‌ക്കാൻ തുടങ്ങിയത്. പിന്നീട് വര ഗൗരവമായെടുത്ത് ചിത്രകലയിൽ ബിരുദം നേടി അധ്യാപികയായി. വിവാഹ ശേഷമാണ് ഇൗ നേട്ടങ്ങൾ കൈവരിച്ചത്. കുഞ്ഞുനാളിൽ അച്ഛൻ ശങ്കരൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ സമ്മാനിക്കുന്ന ചിത്രകഥാ പുസ്തകങ്ങളും ക്രയോൺസുകളും അമ്മയുടെ നാടായ പെരളശേരിയിലെ പ്രകൃതി ദൃശ്യങ്ങളും ഏറെ സ്വാധീനിച്ചിരുന്നു. രണ്ടാമത്തെ മകൾക്ക് ആറുവയസുള്ളപ്പോൾ വരച്ച ചിത്രം കെ കെ മാരാരെ കാണിച്ചതിലൂടെ ലഭിച്ച പ്രോത്സാഹനമാണ് പ്രചോദനമായത്. പിന്നീട് കേരള സ്കൂൾ ഓഫ് ആർട്സിൽ വിദ്യാർഥിയായി. പെൻസിൽ, ഓയിൽ, വാട്ടർ, അക്രിലിക്ക് എന്നിവയെല്ലാം അഭ്യസിച്ചു. നൈഫ് ആർട്ട് ആണ് സജിലക്ക് പ്രിയം. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന പ്രകൃതിയുടെ മാറ്റങ്ങളാണ് സജിലയുടെ ചിത്രക്കൂട്ടുകളില്‍ നിറയുന്നത്. ബെസ്റ്റ് ആക്റ്റീവ് ടീച്ചർ അവാർഡ്, ബെസ്റ്റ് ആർട്ട് ടീച്ചർ അവാർഡ് തുടങ്ങിയ അംഗീകാരങ്ങളും സജിലക്ക് ലഭിച്ചു. ശിൽപ നിർമാണത്തിലും കവിതയെഴുത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ഭർത്താവിന്റെയും വീട്ടുകാരുടെയും പിന്തുണയിൽ കേരളത്തിലും പുറത്തും നിരവധി പ്രദർശനങ്ങളിലും ക്യാന്പുകളിലും പങ്കെടുത്തു. കഴിഞ്ഞ മാസം മുംബൈയിലെ ജഹാംഗീർ ആർട്ട്ഗ്യാലറിയിലും ചിത്രപ്രദർശനം നടത്തി. പ്രദർശനങ്ങളിൽ സജിലയുടെ രചനകൾ ആസ്വാദകശ്രദ്ധ പിടിച്ചുപറ്റി. ചരിത്രത്തിലും ചിത്രകലയിലും ബിരുദമുള്ള സജില തലശേരി, പാനൂരിലെ കുത്തുബ്ബിയ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ചിത്രകലാധ്യാപികയാണ്. കെഎസ്ഇബി ജീവനക്കാരനായ മധുപള്ളിയത്താണ് ഭർത്താവ്. മക്കൾ: ഐശ്വര്യ കല്യാണി (ഗ്രാഫിക്ഡിസൈനർ), വിസ്‌മയ കല്യാണി (ബിരുദ വിദ്യാർഥിനി).









0 comments