മാലിന്യ സംസ്കരണം കൂത്തുപറമ്പ് നഗരസഭ ‘ഗോൾഡി’ന്റെ തിളക്കത്തിൽ

കൂത്തുപറമ്പ് മാലിന്യ സംസ്കരണ രംഗത്ത് വേറിട്ട പ്രവർത്തനം കാഴ്ചവയ്‌ക്കുന്ന കൂത്തുപറമ്പ് നഗരസഭയ്ക്ക് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഗോൾഡ് പുരസ്‌കാരം. മാലിന്യസംസ്കരണത്തിന് നടപ്പാക്കിയ മികവാർന്ന പ്രവർത്തനങ്ങളുടെ ഫലമായാണ് ഈ നേട്ടം. കഴിഞ്ഞ മാർച്ച് മാസത്തിൽ കൂത്തുപറമ്പ് നഗരസഭയെ സമ്പൂർണ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചിരുന്നു. നഗരസഭയിലെ വ്യാപാര സ്ഥാപനങ്ങൾ, സ്കൂളുകൾ, അങ്കണവാടികൾ, സർക്കാർ സ്വകാര്യ ഓഫീസുകൾ, ബാങ്കുകൾ എന്നിവയെല്ലാം മാലിന്യമുക്തസ്ഥാപനങ്ങളായി മാറി. കൂത്തുപറമ്പ്, പൂക്കോട്, തൊക്കിലങ്ങാടി ടൗണുകളും മാലിന്യമുക്തമായി പ്രഖ്യാപിച്ചു. നഗരസഭയിലെ വീടുകൾ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് ഹരിത കർമസേനവഴി അജൈവ മാലിന്യങ്ങൾ ശേഖരിച്ച് പാലാപറമ്പിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽനിന്ന് വേർതിരിച്ച് സംസ്കരണത്തിനായി കയറ്റി അയക്കുന്നുണ്ട്. ജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി വിൻഡ്രോ കമ്പോസ്റ്റ് യൂണിറ്റ്, എംസിഎഫ്, എംആർഎഫ്, ആർആർഎഫ് എന്നിവ പാലാ പറമ്പിൽ പ്രവർത്തിക്കുന്നു. ഇവിടെ പുതിയ വിൻട്രോ കമ്പോസ്റ്റ് യൂണിറ്റ് ഒരു മാസത്തിനുള്ളിൽ തുറക്കും . നവംബർ ഒന്നിനുമുന്പായി സമ്പൂർണ ജൈവമാലിന്യ സംസ്കരണ സംവിധാനമുള്ള നഗരസഭയായി മാറാനുള്ള ഒരുക്കത്തിലാണ് കൂത്തുപറമ്പ്. ശനിയാഴ്ച അങ്കമാലിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് സമ്മാനിക്കും.










0 comments