ad
Deshabhimani

കാട്‌ വെട്ടണം; 
ഇല്ലെങ്കിൽ പണികിട്ടും

കടുവ ഭീഷണി
വെബ് ഡെസ്ക്

Published on Jan 20, 2026, 03:00 AM | 1 min read

കണ്ണൂർ

ഒഴിഞ്ഞു കിടക്കുന്ന പറന്പോ, അടച്ചിട്ട വീട്ടുപരിസരമോ ഉടമ വൃത്തിയാക്കിയില്ലെങ്കിൽ പണികിട്ടും. ഉടമ തിരിഞ്ഞുനോക്കിയില്ലെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾ വൃത്തിയാക്കി ചെലവ്‌ ഉടമയിൽനിന്ന്‌ ഇ‍ൗടാക്കാൻ സർക്കാർ വിജ്ഞാപനമിറങ്ങി. കേളകം അടക്കമുള്ള മേഖലയിൽ പുലിശല്യം കൂടിയതിനുപിന്നിൽ ജനവാസമില്ലാത്ത കാടുമൂടിയ സ്വകാര്യ പറമ്പുകളാണെന്ന്‌ വനംവകുപ്പ്‌ ചൂണ്ടിക്കാട്ടുന്നു. ഇ‍ൗ സാഹചര്യത്തിൽ കാടുമൂടിയ ഇടങ്ങൾ ഉടൻ വൃത്തിയാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ നിർദേശം നൽകിക്കഴിഞ്ഞു. കേളകം കരിയംകാപ്പ് മേഖലയിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച സിസിടിവിയിൽ കഴിഞ്ഞ 18ന്‌ പുലിയുടെ ദൃശ്യം പതിഞ്ഞിരുന്നു. ഇതേ തുടർന്ന്‌ വനം വകുപ്പിന്റെയും ദ്രുതകർമ സേനയുടെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്‌ ആളൊഴിഞ്ഞ കാടുമൂടിയ പറന്പുകൾ പുലിത്താവളമാണെന്ന്‌ കണ്ടെത്തിയത്‌. കാടുപിടിച്ച സ്വകാര്യ പറമ്പുകൾ വെട്ടിത്തെളിക്കാത്തതും ആൾതാമസമില്ലാത്ത സ്വകാര്യ തോട്ടങ്ങൾ കാടുമൂടി കിടക്കുന്നതുമാണ് പുലി ഉൾപ്പെടെയുള്ള വന്യജീവികൾക്ക് ഇവിടെ താവളമൊരുക്കാൻ സഹായകമാകുന്നത്. ആറളം വന്യജീവി സങ്കേതത്തോട്‌ ചേർന്ന് അതിർത്തി പങ്കിടുന്ന പ്രദേശമാണിത്‌. പുലിയുടെ ദൃശ്യം സിസി ടിവിയിൽ പതിഞ്ഞ റബർ തോട്ടവും അതിനോട് ചേർന്നുള്ള മറ്റ് കൃഷിയിടങ്ങളും വന്യജീവികൾക്ക് സുരക്ഷിതമായി ഒളിച്ചിരിക്കാൻ പാകത്തിലാണ് നിലവിലുള്ളത്.

കാടുവെട്ടാൻ പഞ്ചായത്തിന്‌ ബാധ്യത

​മനുഷ്യജീവന് ഭീഷണിയാകുന്ന തരത്തിൽ കാടുമൂടിക്കിടക്കുന്ന സ്വകാര്യ പറമ്പുകൾ വെട്ടിത്തെളിക്കുന്നതിന് പഞ്ചായത്തുകളെ ചുമതലപ്പെടുത്തിയുള്ള തദ്ദേശ വകുപ്പിന്റെ സർക്കുലർ നിലവിലുള്ളതാണ്. ഉടമയാണ്‌ പ്രദേശം വൃത്തിയാക്കേണ്ടത്‌. അവർ ചെയ്‌തില്ലെങ്കിൽ പഞ്ചായത്ത്‌ ഫണ്ടിൽ വൃത്തിയാക്കണം. ചെലവ്‌ ഉടമയിൽ നിന്ന്‌ പിന്നീട്‌ ഇ‍ൗടാക്കണം. കാടുമൂടി വന്യജീവികൾക്ക് താവളമാകാൻ പാകത്തിലുള്ള സ്വകാര്യ സ്ഥലങ്ങളുടെ ലിസ്റ്റ് വനംവകുപ്പ് കണ്ടുപിടിച്ച്‌, തദ്ദേശ വകുപ്പിന്‌ കൈമാറിയിരുന്നു. കേളകത്ത്‌ പുലിയുടെ സാന്നിധ്യം കണ്ട മേഖലയും ഈ ലിസ്റ്റിൽ ഉൾപെട്ടതാണ്. കാടുമൂടിയ തോട്ടങ്ങൾക്കൊപ്പം ഇത്തരം പറമ്പുകളിൽ സുരക്ഷാ സംവിധാനമില്ലാതെ വളർത്തുമൃഗങ്ങളെ അഴിച്ചുവിടുന്നതും വന്യമൃഗങ്ങളെ ഇവിടേക്ക് ആകർഷിക്കാൻ കാരണമാകുന്നു. സുരക്ഷിതമായ കൂടുകളില്ലാതെ വളർത്തുമൃഗങ്ങളെ വനാതിർത്തിയിലെ തോട്ടങ്ങളിൽ നിർത്തുന്നത് പുലി പോലുള്ള വന്യജീവികൾക്ക് അവസരമൊരുക്കുകയാണ്. വനാതിർത്തിയിൽ താമസിക്കുന്നവർ വന്യജീവികളുടെ സ്വാഭാവരീതികൾ കൂടി മനസ്സിലാക്കി ജാഗ്രത പാലിക്കണമെന്ന്‌ വനംവകുപ്പ്‌ അഭ്യർഥിക്കുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home