ad
Deshabhimani

ശസ്‌ത്രക്രിയ കണ്ണൂർ എ കെ ജി ആശുപത്രിയിൽ

‘ഹ്യൂമൻ ടെയ്‌ൽ സിൻഡ്രോം’ വിട്ടൊഴിഞ്ഞു; ഒമ്പതുകാരന്‌ പുതുജീവിതം

ഒമ്പതുകാരന്റെ  പിൻഭാഗത്ത്‌ വാലുപോലെ 
വളർന്നുനിന്ന മാംസഭാഗം
വെബ് ഡെസ്ക്

Published on May 16, 2026, 02:30 AM | 1 min read

 കണ്ണൂർ

മനുഷ്യശരീരത്തിൽ വാലുപോലെ മാംസഭാഗം വളരുന്ന അപൂർവാവസ്ഥയായ ‘ഹ്യൂമൻ ടെയ്‌ൽ സിൻഡ്രോം’ ബാധിച്ച ഒമ്പതുകാരന്‌ ഇനി ആശ്വസിക്കാം. കണ്ണൂർ എ കെ ജി സഹകരണ ആശുപത്രിയിലെ ഡോക്ടർമാരാണ്‌ താണ കണ്ണൂക്കര സ്വദേശിക്ക്‌ പുതുജീവിതമേകിയത്‌. ഭ്രൂണാവസ്ഥയിൽ നട്ടെല്ലിന്റെ താഴ്‌ഭാഗം പൂർണമായി വളരാത്തതിനാൽ സംഭവിക്കുന്നതാണിത്‌. കുട്ടിയുടെ ശരീരത്തിനു പുറത്തേക്ക്‌ അഞ്ച്‌ സെന്റിമീറ്ററോളം വളർന്ന മാംസഭാഗം, അത്രതന്നെ ആഴത്തിൽ ശരീരത്തിനുള്ളിൽ സുഷുമ്‌നാനാഡിയോട്‌ ചേർന്ന്‌ പടർന്നിരുന്നു. നാഡീവ്യൂഹത്തെ നേരിട്ട്‌ ബാധിക്കുന്നതിനാൽ അതീവ വെല്ലുവിളി നിറഞ്ഞതായിരുന്നു ശസ്‌ത്രക്രിയ. കഴിഞ്ഞ ദിവസം നാലു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ്‌ ശസ്‌ത്രക്രിയ വിജയകരമാക്കിയത്‌. സുഷുമ്‌നാനാഡിക്ക്‌ ക്ഷതം സംഭവിക്കാതെ മൈക്രോ സർജറിയിലൂടെയാണ്‌ ശരീരത്തിനകത്തെ വളർച്ച ഡോക്ടർമാർ വേർപ്പെടുത്തിയത്‌. ന്യൂറോ സർജൻ ഡോ. മഹേഷ്‌ ഭട്ടിന്റെ നേതൃത്വത്തിൽ ഡോ. ഷാക്കിർ (അനസ്‌തേഷ്യ), ഡോ. ദിവ്യ മുകുന്ദ്‌ (കാർഡിയോളജി), ഡോ. ആര്യാദേവി (പീഡിയാട്രിക്‌) എന്നിവരടങ്ങിയ സംഘമാണ്‌ ദ‍ൗത്യത്തിനു പിന്നിൽ പ്രവർത്തിച്ചത്‌. മൂന്നരവയസ്സുള്ളപ്പോൾ തിരുവനന്തപുരം ശ്രീചിത്രയിൽവച്ച്‌ ഹൃദയവാൽവ്‌ ശസ്‌ത്രക്രിയക്ക്‌ വിധേയനായ കുട്ടിയുടെ ജീവിതം ആശുപത്രികൾക്കും മരുന്നുകൾക്കും ഇടയിലായിരുന്നു. തുച്ഛമായ വരുമാനത്തിൽ കഴിയുന്ന കുടുംബത്തിന്‌ കുട്ടിയുടെ ചികിത്സാച്ചെലവുകൾ താങ്ങാനാകില്ല. ഉമ്മയും ഗർഭാശയസംബന്ധമായ രോഗങ്ങളാൽ പ്രയാസമനുഭവിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home