മാഹിയെ നയിക്കാൻ അശോക്‌കുമാർ

മയ്യഴി
പൊതുതാൽപര്യ ഹർജികളിലൂടെ നീതിക്കായി പൊരുതിയ അഡ്വ. ടി അശോക്‌കുമാറിന്റെ ശബ്ദം ഇനി പുതുച്ചേരി നിയമസഭയിലും മുഴങ്ങും. നിയമത്തെ ആയുധമാക്കി സാധാരണ മനുഷ്യരുടെ ക്ഷേമത്തിനും നാടിന്റെ വികസനത്തിനുമായി കോടതിമുറികളിൽ നടത്തിയ പോരാട്ടം നിയമനിർമാണ സഭയിലേക്കുകൂടി നീളുകയാണ്. എൽഡിഎഫ് സ്വതന്ത്രനായി വിജയിച്ച ടി അശോക്‌കുമാർ നിയമത്തെ ആയുധമാക്കി നടത്തിയ എണ്ണമറ്റ പോരാട്ടങ്ങളിലൂടെയാണ് ജനമനസിൽ ചിരപ്രതിഷ്‌ഠ നേടിയത്. പുതുച്ചേരി സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പ് നടത്താൻ മദ്രാസ് ഹൈക്കോടതിയിൽനിന്ന് നേടിയെടുത്ത വിധി മയ്യഴി എന്നും ഓർക്കുന്നതാണ്. കാലാവധി കഴിഞ്ഞിട്ടും തദ്ദേശതെരഞ്ഞെടുപ്പ് നടക്കാത്തതിനെതിരെ സുപ്രീംകോടതിയെയും ഹൈക്കോടതിയെയും സമീപിച്ചതും ഇതേ അഭിഭാഷകനാണ്. കായിക രംഗത്തും പരിസ്ഥിതി സംരക്ഷണത്തിലുമെല്ലാം സജീവമായി ഇടപെടുന്ന അഭിഭാഷകനാണ്. ഐആർപിസി പള്ളൂർ ലോക്കൽ ചെയർമാനെന്ന നിലയിൽ കിടപ്പ് രോഗികളുടെ പരിചരണത്തിനും ക്ഷേമത്തിനും എന്നും മുന്നിലുണ്ടായി. മാഹിയിൽ വനിതാ പൊലീസ് സ്റ്റേഷന് വേണ്ടിയും പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ നൂലാമാലകൾ ഒഴിവാക്കാനും നടത്തിയ നിയമപോരാട്ടങ്ങളും ശ്രദ്ധിക്കപ്പെട്ടതാണ്. മാഹിയിൽ ശാസ്ത്രീയ മാലിന്യ സംസ്കരണ സംവിധാനം ഇല്ലാതിരുന്ന കാലത്ത് ‘സാമൂഹ്യമയ്യഴി ' എന്ന സംഘടനയുടെ ട്രഷറർ എന്ന നിലയിൽ വീടുകളിൽനിന്ന് മാലിന്യം ശേഖരിച്ച് സംസ്കരിക്കുന്നതിനും നേതൃത്വം നൽകി. മാഹി സുധാകരൻ മാസ്റ്റർ ഫുട്ബോൾ അക്കാദമി വഴി ആയിരത്തിലധികം കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു. ഡിസ്ട്രിക്ട് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്, ലയൺസ് ക്ലബ് മുൻ പ്രസിഡന്റ്, മാഹി സൈക്കിൾ ക്ലബ് പ്രസിഡന്റ് തുടങ്ങി നിരവധി ഉത്തരവാദിത്തങ്ങൾ വഹിക്കുന്ന അശോക്‌കുമാറിന്റെ സേവനം ഇനി ഓരോ മയ്യഴിക്കാരനും ആശ്വാസം പകരും. അവശത അനുഭവിക്കുന്ന ജനങ്ങളെയാകെ ചേർത്തുപിടിക്കുന്ന സാന്നിധ്യമായി ഇനി മയ്യഴിയിൽ ഇൗ ജനപ്രതിനിധിയുണ്ടാവും. വികസനത്തെക്കുറിച്ചും മയ്യഴിയുടെ ഭാവിയെക്കുറിച്ചും കൃത്യമായ കാഴ്‌ചപ്പാടുള്ള നേതാവാണ് അഡ്വ. ടി അശോക്‌കുമാർ. മയ്യഴിയുടെ അവകാശത്തിനും ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താനും നിയമസഭയിൽ നാടിന്റെ ശബ്ദമാകാൻ അഡ്വ. ടി അശോക്‌കുമാർ ഉണ്ടാവും.










0 comments