പയ്യന്നൂർ ഇന്നുമുതൽ വോളി ലഹരിയിലേക്ക്

പയ്യന്നൂർ
തിങ്കളാഴ്‌ച മുതൽ പയ്യന്നൂർ നഗരം വോളി ലഹരിയിലേക്ക്. തീപ്പാറുന്ന സ്‌മാഷുകളാലും സേവുകളാലും കാണികളെ വോളിബോളിന്റെ മാസ്‌മരിക ലോകത്തിലേക്ക് എത്തിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. പയ്യന്നൂർ സ്പോർട്സ് ആൻഡ് കൾച്ചറൽ ഡവലപ്പ്മെന്റ് അസോസിയേഷൻ രജതജൂബിലി വർഷത്തിന്റെ ഭാഗമായി സ്ഥാപക ചെയർമാനും മുൻ എംപി യുമായിരുന്ന ടി ഗോവിന്ദന്റെ സ്മരണാർഥമാണ് അഖിലേന്ത്യ വോളി ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. പയ്യന്നൂർ ഗവ. ഹൈസ്‌കൂൾ ഗ്രൗണ്ടിൽ തയ്യാറാക്കിയ ഫ്ലഡ് ലിറ്റ് സ്‌റ്റേഡിയത്തിൽ 12 മുതൽ 18 വരെയാണ് ടൂർണമെന്റ്. തിങ്കൾ വൈകിട്ട് ആറിന് സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനംചെയ്യും. മുൻ സീനിയർ ഇന്ത്യൻ വോളി ടീം ക്യാപ്റ്റൻ ജോബി ജോസഫ്, മുൻ രാജ്യാന്തര താരം പി വി സുനിൽകുമാർ, മുൻ റെയിൽവേ ടീം ക്യാപ്റ്റൻ മനു തോമസ്, രാജ്യാന്തര വനിതാ ടീം അംഗങ്ങളായ ജോമോൾ, അഞ്ജലി ബാബു എന്നിവർ മുഖ്യാതിഥികളാകും. സംഘാടകസമിതി ചെയർമാൻ ടി ഐ മധുസൂദനൻ എംഎൽഎ അധ്യക്ഷനാകും. 'ലഹരിയുടെ ഒളിയിടങ്ങളല്ല, ഒരുമയുടെ കളിയിടങ്ങൾ തുറക്കട്ടെ' എന്നതാണ് ടൂർണമെന്റിന്റെ മുദ്രാവാക്യം. ആദ്യ ദിവസം പുരുഷ വിഭാഗം മത്സരത്തിൽ ഇന്ത്യൻ എയർഫോഴ്സും ഇൻകം ടാക്സ് ചെന്നൈയും തമ്മിലും രണ്ടാമത്തെ മത്സരത്തിൽ കൊച്ചിൻ കസ്റ്റംസ് മുംബൈ സ്പൈക്കേഴ്സുമായും ഏറ്റുമുട്ടും. ദിവസവും വൈകിട്ട് ഏഴിന് മത്സരം തുടങ്ങും. വാഹന പാർക്കിങ്ങിന് വിപുലമായ സൗകര്യമുണ്ട്. സമാപന ദിവസം മുൻ മന്ത്രി ഇ പി ജയരാജൻ മുഖ്യാതിഥിയാകും.










0 comments