ad
Deshabhimani

പാൽ നൽകിയാൽ മതി,
റബർ കർഷകർക്ക്‌ ഷീറ്റിന്റെ പണം

കിളിയന്തറ സർവീസ്‌ സഹകരണ ബാങ്കിന്റെ നിരങ്ങൻചിറ്റയിലെ ഫാക്ടറിയിൽ ഉൽപ്പാദിപ്പിക്കുന്ന ആർഎസ്‌ 4 ഇനം റബർ ഗ്രേഡ്‌ ഷീറ്റ്‌(ഫയൽ ഫോട്ടോ).
വെബ് ഡെസ്ക്

Published on May 22, 2025, 03:00 AM | 2 min read

കണ്ണൂർ

ആർഎസ്‌എസ്‌ നാലിനത്തിൽപ്പെട്ട ഗുണമേന്മയുള്ള റബർ ഷീറ്റുകൾ വാങ്ങാൻ വൻകിട കമ്പനികളുടെ പ്രതിനിധികളാണ്‌ കിളിയന്തറ സർവീസ്‌ സഹകരണ ബാങ്കിന്റെ നിരങ്ങൻചിറ്റയിലെ റബർ ഗ്രേഡ്‌ ഷീറ്റ്‌ നിർമാണ ഫാക്ടറിയിലെത്തുന്നത്‌. സഹകരണ മേഖലയുടെ വൈവിധ്യവൽക്കരണത്തിലെ മികച്ച സംരംഭമാണ്‌ കിളിയന്തറ ബാങ്ക്‌ ആരംഭിച്ച ജില്ലയിലെ ആദ്യത്തെ റബർ ഷീറ്റ്‌ ഉൽപ്പാദന ഫാക്ടറി. മിൽമ ക്ഷീരകർഷകരിൽനിന്ന്‌ പാൽ സംഭരിക്കുന്നതുപോലെയാണ്‌ കിളിയന്തറ ബാങ്കിന്റെ റബർ ഷീറ്റ്‌ ഫാക്ടറിയിൽ കർഷകരിൽനിന്ന്‌ റബർ പാൽ ദിവസവും ശേഖരിക്കുന്നത്‌. പ്രതിദിനം 2000 ലിറ്റർ റബർ ലാറ്റക്സ്‌ കൃഷിക്കാരിൽനിന്ന്‌ ഫാക്ടറി നേരിട്ട്‌ സംഭരിക്കുന്നു. സംഭരിക്കുന്ന ലാറ്റക്സ്‌ മേത്തരം ഷീറ്റാക്കി മാറ്റി വിൽപ്പന നടത്തി കൃഷിക്കാർക്ക്‌ സമയക്രമം പാലിച്ച്‌ വിതരണം ചെയ്യുന്നു. ലാറ്റക്സിന്റെ അളവും തൂക്കവും അനുസരിച്ച്‌ കർഷകർക്ക്‌ ഗ്രേഡ് ഷീറ്റിന്റെ വില നൽകും. 1.76 കോടി രൂപ നബാർഡ്‌ വായ്പ വഴി നിർമിച്ച ഫാക്ടറി നാല്‌ മാസം മുമ്പാണ്‌ മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനംചെയ്തത്‌. കർഷകർക്ക്‌ റബർ ഷീറ്റിന്‌ ഉയർന്ന വില നൽകാൻ സാധിക്കുന്നതിന്‌ പുറമെ ഫാക്ടറി പ്രവർത്തനം നാല്‌ മാസം പൂർത്തിയായ ഘട്ടത്തിൽ കൃഷിക്കാർക്ക്‌ ആദ്യ ലാഭ വിഹിത വിതരണം നടത്താനും സാധിച്ചതായി പ്രസിഡന്റ്‌ വി കെ ജോസഫും സെക്രട്ടറി എൻ അശോകനും പറഞ്ഞു. റബർ പാൽ ഷീറ്റാക്കി ഉണക്കി കടയിൽ എത്തിക്കുന്നതടക്കമുള്ള ജോലിഭാരം ലഘൂകരിക്കാൻ ഫാക്ടറി പ്രവർത്തനം വഴി സാധിച്ചുവെന്ന്‌ കൃഷിക്കാരും പറഞ്ഞു. സ്വന്തമായി ഉൽപ്പാദിപ്പിക്കുന്ന ഷീറ്റിനേക്കാൾ ഉയർന്ന ഗ്രേഡിൽ ഷീറ്റ്‌ നിർമ്മിച്ച്‌ വിൽക്കാൻ കഴിയുന്ന ആധുനിക ലാറ്റക്സ്‌ സംസ്കരണ രീതിയാണ്‌ നിരങ്ങൻചിറ്റ ഫാക്ടറിയുടെ പ്രത്യേകത. ഉയർന്ന വിലനിലവാരത്തിലേക്ക്‌ കർഷകരുടെ ലാറ്റക്സിനെ എത്തിക്കാനും സഹകരണ റബർ ഫാക്ടറി വഴി സാധിക്കുന്നുണ്ട്‌. സഹകരണ, കാർഷിക കൂട്ടായ്മകൾ വഴിയും വ്യക്തിഗത സംരംഭങ്ങൾ വഴിയും നാടിന്റെ വിഭവ സമാഹരണ ശേഷി വർധിപ്പിക്കാനും തൊഴിൽ അവസരങ്ങൾ കൂടുതലായി കണ്ടെത്താനും കുടുംബവരുമാനം വർധിപ്പിക്കാനുമുള്ള വ്യവസായ സൗഹൃദ അന്തരീക്ഷത്തിലാണിന്ന്‌ നാടും നഗരവും. വ്യവസായ വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഉയർന്ന പരിഗണനയും ഇടപെടലുകളും ധനസഹായവും സംരംഭങ്ങൾ ആരംഭിക്കാനുള്ള പരിശീലനവും ചെറുകിട, വൻകിട സംരംഭങ്ങൾ തുടങ്ങാൻ ഏകജാലകം വഴിയുള്ള സഹായവും വിളിപ്പാടകലെയുണ്ടെന്ന്‌ വ്യത്യസ്ത മേഖലയിൽനിന്നുള്ള പുതുസംരംഭകർ സാക്ഷ്യപ്പെടുത്തുന്നു. (അവസാനിച്ചു).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home