ad
Deshabhimani

പയ്യാന്പലത്തെ വാതക ശ്‌മശാനം വെള്ളത്തിലായത്‌ 63 ലക്ഷം; 
നടപടിയില്ലാത്തതിൽ ഒത്തുകളി

പയ്യാമ്പലത്തെ  വാതകശ്മശാനം തുരുമ്പെടുത്ത നിലയിൽ ഫോട്ടോ/പി ദിലീപ്കുമാർ
avatar
എൻ കെ സുജിലേഷ്‌

Published on Oct 20, 2025, 03:00 AM | 2 min read

കണ്ണൂർ പയ്യാന്പലത്തെ വാതകശ്‌മശാനം പ്രവർത്തനം നിലച്ചിട്ടും കരാർ കന്പനിക്കെതിരെ നടപടിയെടുക്കാത്തതിൽ കണ്ണൂർ കോർപ്പറേഷന്റേത്‌ ഗുരുതരമായ വീഴ്‌ചയെന്ന്‌ സി ആൻഡ്‌ എജി റിപ്പോർട്ട്‌. മറ്റു നഗരസഭകളിൽ നടപ്പാക്കുന്നതിലും പരിപാലനത്തിലും വീഴ്‌ച വരുത്തിയ കന്പനിയുമായി വാർഷിക പരിപാലന കരാർപോലും ഉണ്ടാക്കാൻ ഇതുവരെ കോർപ്പറേഷൻ തയ്യാറായില്ലെന്നും റിപ്പോർട്ട്‌ അടിവരയിടുന്നു. 63 ലക്ഷം രൂപ ചെലവഴിച്ച്‌ നിർമിച്ച ശ്‌മശാനം എട്ടുമാസത്തിനുള്ളിൽ പ്രവർത്തനം നിലച്ചിരുന്നു. ​പയ്യാന്പലത്ത്‌ പരന്പരാഗതമായ രീതിയിൽ മൃതദേഹം സംസ്‌കരിക്കുന്നത്‌ പരിസര മലിനീകരണത്തിനും പ്രദേശവാസികളുടെ ആരോഗ്യത്തിനും ഭീഷണിയാകുന്നതായി പരാതിയുയർന്നതിനെത്തുടർന്ന്‌ ഹൈക്കോടതി നിർദേശത്തിലാണ്‌ 2019 ൽ വാതക ശ്‌മശാനം നിർമിക്കാൻ നടപടി തുടങ്ങിയത്‌. കടൽത്തീരത്തായതിനാൽ തുരുന്പെടുക്കാതിരിക്കാൻ സ്‌റ്റെയിൻലെസ്‌ സ്‌റ്റീലിൽ നിർമിച്ച ക്രിമിറ്റോറിയവും ചിമ്മിനിയും ഫർണസും സ്ഥാപിക്കുന്നതാണ്‌ ഗുണകരമെന്ന്‌ ശുചിത്വ മിഷൻ റിപ്പോർട്ട്‌ നൽകിയിരുന്നു. 14 വർഷത്തെ വാർഷിക പരിപാലനം കൂടി ഉൾപ്പെടുത്തിയാണ്‌ ടെൻഡർ ക്ഷണിച്ചത്‌. രണ്ട്‌ കന്പനികളാണ്‌ ടെൻഡറിൽ പങ്കെടുത്തു. എസ്‌കോ ഫർണസ്‌ എന്ന കന്പനിക്കാൻ ടെൻഡർ ലഭിച്ചത്‌. 2021 ഡിസംബറിൽ നിർമാണം പൂർത്തീകരിച്ചതിന്റെ അടിസ്ഥാനത്തിൽ 63 ലക്ഷം രൂപ കരാറുകാർക്ക്‌ കൈമാറി. 2021 ജൂലൈയിൽ ശ്‌മശാനം പ്രവർത്തനം തുടങ്ങി. എന്നാൽ ആഗസ്‌ത്‌ മുതൽ തന്നെ ശ്‌മശാനം ഇടക്കിടെ തകരാറിലായി. മൂന്നുമാസത്തേളം പ്രവർത്തനരഹിതമായതിനെ തുടർന്ന്‌ ഉപകരണങ്ങളുടെ ഗുണനിലവാര പരിശോധന നടത്തി. ഇ‍ൗ സമയം തന്നെ ഉപകരണങ്ങൾ തുരുന്പെടുത്ത്‌ നശിച്ചതായി കണ്ടെത്തിയിരുന്നു. രണ്ടുവർഷത്തെ വാറണ്ടി കാലയളവിനുള്ളിൽ തന്നെ വാതക ശ്‌മശാനം പ്രവർത്തന രഹിതമായിട്ടും കരാർ കന്പനിയിൽനിന്ന്‌ നഷ്ടപരിഹാരം ഇ‍ൗടാക്കാനോ തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്താനോ കോർപ്പറേഷൻ തയ്യാറായില്ലെന്ന്‌ സി ആൻഡ്‌ എജി റിപ്പോർട്ടിൽ പറയുന്നു. 14 വർഷത്തെ പരിപാലനം (എഎംസി) അടക്കമാണ്‌ ടെൻഡർ നൽകിയതെങ്കിലും ഇ‍ൗ കന്പനിയുമായി കരാറുണ്ടാക്കാൻ കോർപ്പറേഷൻ തയ്യാറായില്ലെന്നും സി ആൻഡ്‌ എജിയുടെ പരിശോധനയിൽ കണ്ടെത്തി. ടെൻഡർ വ്യവസ്ഥ കോർപ്പറേഷൻ നടപ്പാക്കാതിരുന്നതാണ്‌ കരാറുകാരന്‌ ഗുണമേൻമയില്ലാത്ത ഉപകരണങ്ങൾ സ്ഥാപിക്കാനും അതിനുശേഷം അറ്റകുറ്റപ്പണി പോലും നടത്താതിരിക്കാനും വഴിയൊരുക്കിയത്‌. കരാർ ഉണ്ടാക്കുന്നതിലടക്കം ഗുരുതരമായ കൃത്യവിലോപം നടത്തിയതായി സി ആൻഡ്‌ എജി കണ്ടെത്തിയതോടെ കോർപ്പറേഷൻ ഭരണനേതൃത്വവും കന്പനിയും തമ്മിലുള്ള ഒത്തുകളിയാണ്‌ പുറത്തുവരുന്നത്‌. പ്രവർത്തനം തുടങ്ങി മാസങ്ങൾക്കുള്ളിൽ തന്നെ തകരാറിലായെങ്കിലും ഒരു നടപടിയും കോർപ്പറേഷന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നാണ്‌ സിആൻഡ്‌ എജി റിപ്പോർട്ട്‌ അടിവരയിടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home