ad
Deshabhimani

തുടർച്ചയുടെ പേരാണ്‌ ധർമടം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
എൻ കെ സുജിലേഷ്‌

Published on Mar 05, 2026, 03:00 AM | 2 min read

കണ്ണൂർ ധർമടം മണ്ഡലത്തിലേക്ക്‌ എത്തിയെന്ന്‌ ചെറുപട്ടണങ്ങളിലെ ചെടികളും പൂക്കളുമാണ്‌ അറിയിക്കുക. പ്രത്യേക രൂപകൽപനയിൽ പൂർത്തിയാക്കിയ ബസ്‌ കാത്തിരിപ്പുകേന്ദ്രങ്ങളും കാൽനടയാത്രക്കാരെ സുരക്ഷിതമാക്കുന്ന കൈവരികളും ചേർന്നുള്ള മനോഹാരിതയുടെ പേരുകൂടിയാണ്‌ ധർമടം. ധർമടം ഒരു തുടർച്ചയാണ്‌. കേരളം എങ്ങനെയാകണമെന്നതിന്റെ തുടർച്ച. രാഷ്‌ട്രീയ ബോധ്യത്തെയും വികസനത്തെയും അത്രമേൽ നെഞ്ചേറ്റുന്ന, ആത്മാർഥതയോടെ ഏറ്റെടുക്കുന്ന ദേശം. മണ്ഡലം രൂപീകരിച്ചശേഷമുള്ള നാലാമത്തെ തെരഞ്ഞെടുപ്പാണ്‌ ഇക്കുറി. കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യസമ്മേളനം നടന്ന പിണറായി പാറപ്രവും പാവങ്ങളുടെ പടത്തലവന്റെ ജന്മനാടായ പെരളശേരിയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കണ്ണുചിമ്മാതെ കാത്തുസൂക്ഷിച്ച മാവിലായിയുമടക്കമുള്ള പ്രദേശങ്ങളും ഇ‍ൗ മണ്ഡലത്തിന്റെ സവിശേഷതയാണ്‌. എൽഡിഎഫിന്‌ ശക്തമായ അടിത്തറയുള്ളതുകൊണ്ടുതന്നെ എതിരാളികൾ തെരഞ്ഞെടുപ്പിനുമുന്പേ എഴുതിത്തള്ളുന്ന മണ്ഡലമാണിത്‌. ആദ്യ തെരഞ്ഞെടുപ്പിൽ കെ കെ നാരായണനായിരുന്നു പ്രതിനിധി. കഴിഞ്ഞ രണ്ടുതവണയായി മുഖ്യമന്ത്രി പിണറായി വിജയനും. സമാനതകളില്ലാത്ത വികസനവും കൃത്യവും വ്യക്തവുമായ രാഷ്‌ട്രീയ സ്‌ഥൈര്യവുംതന്നെയാണ്‌ എൽഡിഎഫിന്‌ ഉറച്ചകോട്ടയായി ധർമടത്തെ നിലനിർത്തുന്നത്‌. എടക്കാട് മണ്ഡലത്തിന്റെ ഭാഗമായിരുന്ന പെരളശേരി, കടമ്പൂർ, ചെമ്പിലോട്, അഞ്ചരക്കണ്ടി പഞ്ചായത്തുകളും കൂത്തുപറമ്പിൽ ഉൾപ്പെട്ടിരുന്ന പിണറായിയും വേങ്ങാടും തലശേരിയുടെ ഭാഗമായിരുന്ന ധർമടം പഞ്ചായത്തും ഉൾപ്പെടുത്തി 2011ലാണ് മണ്ഡലം രൂപംകൊണ്ടത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 1,89,166 വോട്ടർമാരായിരുന്നു. ഇക്കുറി 2,04,696 വോട്ടർമാരാണുള്ളത്‌. 1,07,475 സ്‌ത്രീകളും 97,219 പുരുഷന്മാരും രണ്ട്‌ ട്രാൻസ്‌ജൻഡറും. ആദ്യ തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ കെ കെ നാരായണൻ 15,162 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ വിജയിച്ചത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയന്‌ 36,905 വോട്ടിന്റെ ഭൂരിപക്ഷം നൽകിയാണ് ധർമടം കേരളത്തിന്റെ നായകനാക്കിയത്. 2021 ലെ തെരഞ്ഞെടുപ്പിൽ ധർമടം ഭൂരിപക്ഷം 50,123 ആയി വർധിപ്പിച്ചു. 2016 ലെ തെരഞ്ഞെടുപ്പിൽ 56.84 ശതമാനം വോട്ടാണ്‌ എൽഡിഎഫ്‌ നേടിയതെങ്കിൽ 2021 എത്തുന്പോൾ 59.61 ശതമാനമായി. യുഡിഎഫിന്റെ വോട്ടുവിഹിതം 32.82 ശതമാനത്തിൽനിന്ന്‌ 28.33ലേക്ക്‌ ഇടിഞ്ഞു. യുഡിഎഫ്‌ സ്ഥാനാർഥിയായിരുന്ന സി രഘുനാഥ്‌ 2024ൽ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയുമായി. പൊതുവെ തിരിച്ചടിയുണ്ടായ തദ്ദേശ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ കാൽലക്ഷം വോട്ടിന്റെ ഭൂരിപക്ഷം എൽഡിഎഫിനുണ്ട്‌. യുഡിഎഫിന്റെ കൈയിലുണ്ടായിരുന്ന കടന്പൂർ പഞ്ചായത്ത്‌ പിടിച്ചെടുത്തതോടെ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളും എൽഡിഎഫിനൊപ്പമായി. ചരിത്രത്തിലാദ്യമായി തുടർഭരണം സമ്മാനിച്ച കേരളത്തെ നവകേരളത്തിലേക്ക്‌ കൈപിടിച്ചുനടക്കുന്ന മുഖ്യമന്ത്രിയുടെ മണ്ഡലമെന്നതിനപ്പുറം വികസനത്തിന്റെ വേലിയേറ്റംതന്നെയാണ്‌ കഴിഞ്ഞ പത്തുവർഷം മണ്ഡലത്തിലുണ്ടായത്‌. നിർമാണം പൂർത്തിയാകുന്ന എഡ്യുക്കേഷൻ ഹബ്ബും അന്താരാഷ്‌ട്ര നിലവാരത്തിലേക്കുയർന്ന സ്‌കൂളുകളും എ കെ ജി മ്യൂസിയവും ഹൈടെക്കായ ആശുപത്രികളും റഗുലേറ്റർ കം ബ്രിഡ്‌ജുകളും റോഡുകളും പാലങ്ങളും എന്നിങ്ങനെ സർവതല സ്‌പർശിയായിരുന്നു വികസനം. കേരളത്തിലെ വികസന കാഴ്‌ചപ്പാടിൽനിന്ന്‌ ആരും ഒഴിവാകരുതെന്ന കാർക്കശ്യം മണ്ഡലത്തിലും പ്രാവർത്തികമായതിന്റെ കാഴ്‌ചകളാണെങ്ങും. ആയിരം പേർക്ക്‌ തൊഴിൽ ലഭ്യമാകുന്ന വേങ്ങാട്‌ ഗ്ലോബൽ ഡെയറി വില്ലേജും സയൻസ്‌– ഐടി പാർക്കുകളും കണ്ണൂർ ജില്ലയുടെതന്നെ മുഖം മാറ്റുന്നതാകും. ജനങ്ങളെ തൊട്ടുള്ള ഇ‍ൗ വികസനംതന്നെയാണ്‌ എൽഡിഎഫിന്റെ ആത്മവിശ്വാസവും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home