ad
Deshabhimani

കില സ്റ്റേഡിയം സ്പോർട്സ് 
കോംപ്ലക്‌സ് നിർമാണത്തിന്‌ തുടക്കം

കരിമ്പം കില ക്യാമ്പസിൽ  സ്റ്റേഡിയം നിർമാണോദ്ഘാടനം മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിക്കുന്നു. എം വി ഗോവിന്ദൻ എംഎൽഎ സമീപം
വെബ് ഡെസ്ക്

Published on Feb 20, 2026, 03:00 AM | 1 min read

തളിപ്പറമ്പ്‍

കരിന്പം കില ക്യാമ്പസിൽ നിർമിക്കുന്ന ജില്ലാ സ്റ്റേഡിയത്തിന്റെയും സ്പോർട്സ് കോംപ്ലക്‌സിന്റെയും നിർമാണോദ്‌ഘാടനം മന്ത്രി വി അബ്ദുറഹ്‌മാൻ നിർവഹിച്ചു. കഴിഞ്ഞ പത്തു വർഷത്തിനിടെ കായികമേഖലയിൽ അയ്യായിരംകോടി രൂപയുടെ വികസനമാണ് സംസ്ഥാന സർക്കാർ നടപ്പാക്കിയതെന്ന് മന്ത്രി പറഞ്ഞു. നൂറോളം സ്കൂളുകളിൽ ഉൾപ്പടെ കളിക്കളങ്ങളും നിർമിച്ചു. 160 കളിക്കളങ്ങൾകൂടി പൂർത്തിയാകുന്നതോടെ മുഴുവൻ പഞ്ചായത്തുകളിലും കളിക്കളങ്ങളാകുമെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബി രജത ജൂബിലി വർഷത്തിൽ 45 കോടി രൂപ ചെലവിലാണ്‌ സ്റ്റേഡിയവും സ്പോർട്സ് കോംപ്ലക്‌സും നിർമിക്കുന്നത്‌. പത്ത്‌ ഏക്കറിലായി പണിയുന്ന സ്‌റ്റേഡിയത്തിൽ രാജ്യാന്തര മത്സരങ്ങൾക്കുള്ള ഫുട്‌ബോൾ സ്‌റ്റേഡിയം, എട്ടുലൈൻ 400 മീറ്റർ സിന്തറ്റിക് ട്രാക്ക്, പവലിയൻ ഗ്യാലറി, ഇൻഡോർ സ്‌റ്റേഡിയം, കായികതാരങ്ങൾക്ക്‌ വിശ്രമിക്കാനും താമസിക്കാനും സ‍ൗകര്യമുള്ള അഡ്മിനിസ്‌ട്രേറ്റീവ് –ഹോസ്‌റ്റൽ ബ്ലോക്ക് എന്നിവയുമുണ്ടാകും. സ്‌റ്റേഡിയത്തിന്‌ ചുറ്റും ഫ്ലഡ്‌ലിറ്റുകളും സ്ഥാപിക്കും. സ്പോർട്സ് കേരള ഫൗണ്ടേഷൻ (എസ്‌കെഎഫ്‌) മേൽനോട്ടത്തിലാകും നിർമാണം. ചടങ്ങിൽ എം വി ഗോവിന്ദൻ എംഎൽഎ അധ്യക്ഷനായി. വിസ്മയ പാർക്ക് വൈസ് ചെയർമാൻ കെ സന്തോഷ്, ജില്ലാ പഞ്ചായത്തംഗം എ പ്രദീപൻ, ബ്ലോക്ക്‌ പഞ്ചായത്തംഗങ്ങളായ പി മാധവൻ, പി കെ കുഞ്ഞിരാമൻ, പഞ്ചായത്തംഗം വി വി ചന്ദ്രമതി, പി എ ഇസ്മയിൽ, സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനിയർ പി കെ അനിൽകുമാർ എന്നിവർ സംസാരിച്ചു. കുറുമാത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്‌ പി രമേശൻ സ്വാഗതവും കില ക്യാമ്പസ് പ്രിൻസിപ്പൽ ഡി വി അബ്ദുൽജലീൽ നന്ദിയും പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home