കേരളാ അഡ്വഞ്ചർ ട്രോഫി സീസൺ 7 തുടങ്ങി
ആവേശം പൊടിപാറി

പാണപ്പുഴ
ആലക്കാട് ഏഴുംവയലിൽ കേരളാ മോട്ടോർ സ്പോർട്സ് വെൽഫെയർ സൊസൈറ്റി, രാജസ്ഥാൻ മോട്ടോർ സ്പോർട്സ് എന്നിവ ചേർന്നൊരുക്കുന്ന ഓഫ് റോഡ് ഡ്രൈവിങ് ടൂർണമെന്റായ കേരളാ അഡ്വഞ്ചർ ട്രോഫി സീസൺ 7ന് ആവേശത്തുടക്കം. ശനി രാവിലെ പൊന്നുരുക്കിപ്പാറക്ക് സമീപത്തെ ഭവാനി സർവശാല റിസോർട്ടിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന വാഹനങ്ങളുമായുള്ള റാലി എം വിജിൻ എംഎൽഎ ഫ്ളാഗ്ഓഫ്ചെയ്തു. തുടർന്ന് എക്സ്പേർട്ട് കാറ്റഗറിയിലെ മത്സരത്തോടെ അഡ്വഞ്ചറൽ ട്രോഫിക്ക് തുടക്കമായി. ജില്ലയിൽ ആദ്യമായി വിരുന്നെത്തിയ ഓഫ് റോഡ് ഡ്രൈവിങ് ടൂർണമെന്റ് കാണാൻ ഒഴുകിയെത്തിയത് ജനസാഗരമാണ്. ദൂരപ്രദേശങ്ങളിൽനിന്നുപോലും അബാലവൃദ്ധം കനത്ത ചൂടിനെ അവഗണിച്ച് മത്സരം കാണാനെത്തി.15 എക്കറിലധികം സ്ഥലത്ത് രണ്ട് വേദികളിലായാണ് മത്സരം. സാഹസികതയോടുള്ള ഇഷ്ടവും ഡ്രൈവിങ് പാടവവും കൈമുതലാക്കി എം വിജിൻ എംഎൽഎ ഥാർ ക്ലാസ് മത്സരത്തിൽ പങ്കാളിയായി ജീപ്പ് ഓടിച്ച് കൊണ്ട് അഡ്വഞ്ചറസ് ട്രോഫി ഉദ്ഘാടനംചെയ്തു. ഒമ്പത് കാറ്റഗറികളായി 150 പേരാണ് മത്സരരംഗത്തുള്ളത്. വനിതാ കാറ്റഗറിയും ഉണ്ട്.. വിജയികൾക്ക് രാജ്യത്തെതന്നെ ഉയർന്ന സമ്മാനത്തുകയായ 12 ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങളും ഹരിസിങ്ങിന്റെ ( ജിപ്സി കിങ്) പേരിലുള്ള ചാമ്പ്യൻ ഓഫ് ചാമ്പ്യൻ പട്ടവുമലഭിക്കും. പ്രാദേശിക ഫുഡ് കോർട്ടുകളും തണ്ണീർപ്പന്തലും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്കായി പ്രത്യേകവേദിയും ഏർപ്പെടുത്തിയിട്ടുണ്ട്. ഇവർക്കായി പരിചയ സമ്പന്നരായ ഡ്രൈവർമാരെ ഉൾപ്പെടുത്തി സ്പെഷൽ റൈഡും സംഘടിപ്പിക്കുന്നുണ്ട് ശനിയാഴ്ച ജിംനി, ഥാർ, എസ് യുവി, സ്റ്റോക് പെട്രോൾ, മോഡിഫൈഡ് ഡീസൽ, എക്സ്പേർട്ട് ക്ലാസ് എന്നീ കാറ്റഗറിയിലാണ് മത്സരങ്ങൾ നടന്നത്. ഞായറാഴ്ച ഡീസൽ മോഡിഫൈഡ്, പെട്രോൾ മോഡിഫൈഡ്, ഓപ്പൺ ക്ലാസ്, ലേഡീസ് ക്ലാസ് മത്സരങ്ങളിൽ നടക്കും. വൈകിട്ട് സമാപനവും സമ്മാനദാനവും നടക്കും.










0 comments