Deshabhimani

‘എന്റെ ലോകമാണ് ഇല്ലാതായത്’; അമ്മ കൊലപ്പെടുത്തിയ അഞ്ചുവയസ്സുകാരിയുടെ സംസ്കാരത്തിന് പണമില്ലാതെ അച്ഛന്‍

fabiana ny killed by mom
വെബ് ഡെസ്ക്

Published on Oct 21, 2026, 03:28 PM | 2 min read

ന്യൂയോർക്ക്: അഞ്ചുവയസ്സുകാരിയായ മകൾ ഫാബിയാന കബെല്ലോയുടെ മരണത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി ഇന്ത്യൻ വംശജനായ കുൽദീപ് സിങ്. ‘ഞാൻ എന്റെ മകളെ ഒരുപാട് സ്നേഹിച്ചിരുന്നു. അവളെ നഷ്ടപ്പെട്ടപ്പോൾ എന്റെ ലോകംതന്നെ ഇല്ലാതായതുപോലെ തോന്നുന്നു.’ എന്നായിരുന്നു സമൂഹമാധ്യമത്തിൽ കുൽദീപ് കുറിച്ചത്. ന്യൂയോർക്കിൽ അമ്മയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫാബിയാനയുടെ സംസ്കാരച്ചടങ്ങുകൾ നടത്താൻപോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണ് ഈ അച്ഛൻ.


ഒക്ടോബർ 14ന് ന്യൂയോർക്കിലെ ക്വീൻസിലുള്ള റിച്ച്മണ്ട് ഹില്ലിലാണ് നാടിനെ നടുക്കിയ സംഭവം. വൈകിട്ട് പൊലീസിന്റെ അടിയന്തര നമ്പറായ 911ലേക്ക് ഒരു സ്ത്രീയുടെ ഫോൺവിളിയെത്തി. ‘ഞാൻ എന്റെ മകളെ കൊന്നു’ എന്നായിരുന്നു 32കാരിയായ ഫ്രാൻസിസ് കബെല്ലോ പൊലീസിനോട് പറഞ്ഞത്.


വൈകിട്ട് 6.55ഓടെ വീട്ടിലെത്തിയ പൊലീസ് മുകൾനിലയിൽ അബോധാവസ്ഥയിൽ കിടക്കുന്ന ഫാബിയാനയെയാണ് കണ്ടത്. കുഞ്ഞിന്റെ മൂക്കിൽനിന്ന് രക്തം വരുന്നുണ്ടായിരുന്നു. ഉടൻ ജമൈക്ക ഹോസ്പിറ്റൽ മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അമ്മ ഫ്രാൻസിസ് കബെല്ലോയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.


കുട്ടിയുടെ മരണകാരണം സംബന്ധിച്ച പോസ്റ്റ്മോർട്ടം പരിശോധനയിൽ മുഖത്ത് പരിക്കുകളും കണ്ണുകളിലും ഹൃദയത്തിലും ശ്വാസകോശത്തിലും ചെറിയ രക്തസ്രാവത്തിന്റെ അടയാളങ്ങളും കണ്ടെത്തി. ശ്വാസംമുട്ടൽ മൂലമുള്ള മരണത്തിൽ ഇത്തരം ലക്ഷണങ്ങൾ കാണാമെന്നാണ് പരാതിയിൽ പറയുന്നത്. വീട്ടിൽ യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്നതിൽ അന്വേഷണം തുടരുകയാണ്.


മകളുടെ സംസ്കാരത്തിന് പണം കണ്ടെത്താൻ അച്ഛൻ


മകളുടെ അപ്രതീക്ഷിത മരണത്തിൽ തകർന്നിരിക്കുകയാണ് കുൽദീപ് സിങ്. ഊബർ ഡ്രൈവറായി ജോലി ചെയ്യുന്ന അദ്ദേഹത്തിന് ഫാബിയാനയുടെ സംസ്കാരച്ചെലവ് കണ്ടെത്താൻപോലും കഴിയുന്നില്ല. ഇതോടെയാണ് 18,000 ഡോളർ സമാഹരിക്കാൻ ഗോഫണ്ട്മീ വഴി സഹായം അഭ്യർഥിച്ചത്.


‘മകളെ നഷ്ടപ്പെട്ട ദുഃഖത്തിനൊപ്പം താങ്ങാനാകാത്ത ചെലവുകളും നേരിടുകയാണ്. സംസ്കാരച്ചടങ്ങുകൾക്കായി പണം മുൻകൂറായി നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനുള്ള തുക എന്റെ കൈവശമില്ല. വാടകയ്ക്കെടുത്ത കാറിൽ ഊബർ ഓടിച്ച് ജോലി തുടരാൻ ശ്രമിക്കുകയാണ്. പക്ഷേ, മകളുടെ വേർപാടിന്റെ വേദനയ്ക്കിടയിൽ ഇതെല്ലാം കൈകാര്യം ചെയ്യുന്നത് വലിയ ബുദ്ധിമുട്ടാണ്’. കുൽദീപ് കുറിച്ചു.


‘എല്ലാവരെയും സ്നേഹിച്ചിരുന്ന കുഞ്ഞ്’


ഫാബിയാനയെക്കുറിച്ച് പറയുമ്പോൾ ബന്ധുക്കൾക്കും കണ്ണീരടക്കാനാകുന്നില്ല. ഏറെ സ്നേഹമുള്ള, എപ്പോഴും സന്തോഷത്തോടെ നടന്നിരുന്ന കുട്ടിയായിരുന്നു അവളെന്ന് ബന്ധുവായ പുൻരാജ് സിങ് ഓർക്കുന്നു.


ഇന്ത്യൻ ഭക്ഷണങ്ങളോട് ഫാബിയാനയ്ക്ക് പ്രത്യേക ഇഷ്ടമായിരുന്നു. മീൻ വറുത്തതും ദാൽപുരിയും റൊട്ടിയും കറിയുമൊക്കെ അവൾക്കുവേണ്ടി പുൻരാജ് തയ്യാറാക്കുമായിരുന്നു. മുത്തശ്ശിക്ക് നടക്കാൻ ബുദ്ധിമുട്ടുണ്ടാകുമ്പോൾ കൈപിടിച്ച് സഹായിക്കാനും അവൾ മുന്നിലുണ്ടായിരുന്നു.


അപരിചിതരോടുപോലും സ്നേഹത്തോടെ സംസാരിക്കുന്ന സ്വഭാവമായിരുന്നു ഫാബിയാനയുടേത്. ഒരിക്കൽ ആശുപത്രിയിലെത്തിയപ്പോൾ അവിടെ കണ്ട നഴ്സുമാരെയെല്ലാം കെട്ടിപ്പിടിച്ചതും പുൻരാജ് ഓർക്കുന്നു.


‘അവളെ നഷ്ടപ്പെടണമെന്ന് ആരും ആഗ്രഹിക്കില്ല. അത്രയും സ്നേഹമുള്ള കുഞ്ഞായിരുന്നു’. പുൻരാജ് പറഞ്ഞു.


അതേസമയം, പ്രതിയായ ഫ്രാൻസിസ് കബെല്ലോയ്ക്ക് നേരത്തേ മാനസികാരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതായി പിതാവ് ഫ്രാങ്ക്ലിൻ കബെല്ലോ മാധ്യമങ്ങളോട് പറഞ്ഞു. കുറച്ചുകാലമായി മകളുടെ പെരുമാറ്റത്തിൽ മാറ്റങ്ങളുണ്ടായിരുന്നെന്നും മരുന്ന് കഴിക്കുന്നത് നിർത്തിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ സ്വന്തം കുഞ്ഞിനെ ഉപദ്രവിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ഫ്രാങ്ക്ലിൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home