ad
Deshabhimani

കല്യാട് അന്താരാഷ്ട്ര ആയുർവേദ 
ഗവേഷണകേന്ദ്രം ഒന്നാംഘട്ടം നവംബറിൽ

കല്യാട് അന്താരാഷ്ട ആയുർവേദ ഗവേഷണകേന്ദ്രം ഒന്നാംഘട്ട നിർമാണ പുരോഗതി കെ കെ ശൈലജ എംഎൽഎയും ആയുഷ് ഡയറക്ടർ സജിത് ബാബുവും മറ്റ് ഉന്നത ഉദ്യോഗസ്ഥരും വിലയിരുത്തുന്നു
വെബ് ഡെസ്ക്

Published on Jul 16, 2025, 03:00 AM | 1 min read

ശ്രീകണ്ഠപുരം

പടിയൂർ– -കല്യാട് പഞ്ചായത്തിലെ കല്യാട്‌ നിർമാണത്തിലുള്ള അന്താരാഷ്ട്ര ആയുർവേദ ഗവേഷണകേന്ദ്രം ആദ്യഘട്ടം നവംബറിൽ ഉദ്ഘാടനംചെയ്യും. നിർമാണപുരോഗതി വിലയിരുത്തി കെ കെ ശൈലജ എംഎൽഎ, ആയുഷ്‌ ഡയറക്ടർ സജിത്ത് ബാബു, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ ആയുർവേദ ഗവേഷണകേന്ദ്രത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഒക്ടോബറിനുള്ളിൽ ഒന്നാംഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കാനും നവംബർ ആദ്യവാരം ഉദ്ഘാടനം നടത്താനും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചതായി കെ കെ ശൈലജ എംഎൽഎ പറഞ്ഞു. ഒന്നാംഘട്ടത്തിൽ 100 കിടക്കകളുള്ള ആശുപത്രി ബ്ലോക്കും താളിയോലകളും കൈയെഴുത്ത് കൃതികളും സംരക്ഷിക്കാനുള്ള മാനു സ്‌ക്രിപ്റ്റ് സെന്റർ, ഔഷധസസ്യങ്ങളുടെ നഴ്‌സറി ബ്ലോക്ക്, ചുറ്റുമതിൽ, പ്രവേശന കവാടം എന്നിവയാണ് പൂർത്തിയാക്കുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള ലാബും സജ്ജമാക്കും. ആശുപത്രി ബ്ലോക്കിന്റെ മൂന്ന് നിലകളുടെ നിർമാണം അവസാനഘട്ടത്തിലാണ്. മാനുസ്‌ക്രിപ്റ്റ് സ്റ്റഡി സെന്റർ നിർമാണവും പുരോഗമിക്കുന്നു. 36.5 ഏക്കറിൽ കിഫ്ബി അനുവദിച്ച ഫണ്ടിൽനിന്ന്‌ 120 കോടി ഉപയോഗിച്ചാണ് ഒന്നാംഘട്ടം പൂർത്തിയാക്കുന്നത്. 250 ഏക്കർ സ്ഥലമാണ് ആയുർവേദ ഗവേഷണകേന്ദ്രത്തിനായി ഏറ്റെടുത്തത്. ആദ്യഘട്ട പ്രവർത്തനത്തിന് വേണ്ട 132 തസ്തികകൾ അനുവദിക്കാനായി സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യും. 135 ശാസ്ത്രജ്ഞരുടെ തസ്തിക ഉൾപ്പെടെ 432 പ്രധാന തസ്തികകളിലേക്ക് നിയമനം നടത്തണം. അടുത്ത രണ്ട്, മൂന്ന് ഘട്ടങ്ങളിൽ ഗവേഷണകേന്ദ്രത്തിന്റെ നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് ആയിരത്തിലധികം തസ്തികകൾ വേണ്ടിവരുമെന്നാണ് പ്രതീക്ഷ. കേന്ദ്രത്തിന്റെ നടത്തിപ്പിന്‌ ഗവേണിങ്‌ കൗൺസിൽ ഉൾപ്പെടെ രൂപീകരിക്കാനുള്ള കാര്യങ്ങളും ചർച്ചയായി. താളിയോലഗ്രന്ഥങ്ങൾ 
ഡിജിറ്റലൈസ് ചെയ്യും ആയുർവേദവുമായി ബന്ധപ്പെട്ട 200 താളിയോലഗ്രന്ഥങ്ങളും രണ്ടായിരത്തോളം കൈയെഴുത്ത് പ്രതികളും ലഭിച്ചു. ഒന്നാംഘട്ടം പൂർത്തിയാകുന്നതോടെ ഇത്‌ ഡിജിറ്റലൈസ് ചെയ്യുമെന്നും അധികൃതർ അറിയിച്ചു. രണ്ടാംഘട്ടത്തിൽ അന്താരാഷ്ട്ര ആയുർവേദ മ്യൂസിയം, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, ശാസ്ത്രജ്ഞർക്കും വിദ്യാർഥികൾക്കുമുള്ള താമസസൗകര്യം, ഹെർബൽ ഗാർഡൻ, ആയുർവേദ ടൂറിസം സാധ്യതകളും പൂർത്തിയാക്കും. ഇതിനുള്ള പ്രവർത്തനം തുടങ്ങി. ആയുർവേദ ഗവേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അപഗ്രഥിക്കാനുള്ള കേന്ദ്രവുമാക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home