ഒത്തുചേർന്നു, ബീഡിക്കന്പനിയിലെ സർഗ സൗഹൃദങ്ങൾ

ഷാജിത്ത് കെ ആമ്പിലാട്
Published on Jan 12, 2026, 03:00 AM | 2 min read
കൂത്തുപറന്പ് വിരലുകളുടെ അതിവേഗ ചലനത്തിലൂടെ തെറുത്തുകൂട്ടുന്ന ബീഡിക്കെട്ടുകൾ... ബീഡി ഇല മുറിച്ച് തീരുന്നതിനനുസരിച്ച് ഓരോരുത്തരുടെയും ഇരിപ്പിടത്തിലേക്ക് പുകയില എത്തിക്കൽ... ഇതിനിടെ പത്രവായനയിലൂടെ നാടിന്റെ തുടിപ്പുകളും തൊട്ടറിയൽ. ഇവർ നാൽപത് വർഷങ്ങൾക്കിപ്പുറം ഒത്തുചേർന്നു. 1985 മുതൽ മാങ്ങാട്ടിടം ദേശബന്ധു വായനശാലക്ക് സമീപം ബീഡി തെറുത്ത് ഉപജീവനം നടത്തിയ തലമുറയുടെ സംഗമം വേറിട്ട കാഴ്‌ചയായി. 1985 ഡിസംബർ ആറിന് മാങ്ങാട്ടിടത്തെ ഒരു വീട്ടിലാണ് ദിനേശ് ബീഡിയുടെ മാങ്ങാട്ടിടം ശാഖ പ്രവർത്തനം ആരംഭിച്ചത്. ആദ്യകാലത്ത് 89 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഭൂരിഭാഗവും പുരുഷന്മാരായിരുന്നു. ക്രമേണ നൂറിലധികം തൊഴിലാളികൾ ജോലിചെയ്യുന്ന കേന്ദ്രമായി മാറി. രണ്ടുവർഷത്തിനിപ്പുറം സൗകര്യപ്രദമായ മറ്റൊരു വാടക കെട്ടിടത്തിലേക്ക് കമ്പനി മാറി. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കരുത്തുറ്റ കേന്ദ്രമായിരുന്നു ദിനേശ് ബീഡി കമ്പനി. ഓരോ തൊഴിൽ ദിനത്തിലും പത്രവായന ദിനചര്യയുടെ ഭാഗമായിരുന്നു. പത്രം കൂട്ടത്തിലുള്ള ഒരു തൊഴിലാളി ഉറക്കെ വായിക്കുകയും മറ്റുള്ളവർ അത് ശ്രദ്ധാപൂർവം കേൾക്കുകയും ചെയ്യും. അതിന്റെ ഉള്ളടക്കത്തേക്കുറിച്ചുള്ള ചർച്ചയും നടക്കും. പത്രം വായിക്കുന്ന സമയത്ത് ആ തൊഴിലാളിക്ക് നഷ്ടപ്പെടുന്ന തൊഴിൽ സമയം സഹപ്രവർത്തകർ ബീഡി തെറുത്ത് നൽകി സഹായിക്കും. കുടുംബസമാനമായ അന്തരീക്ഷമായിരുന്നു ഓരോ ബീഡി കമ്പനിയും. അസുഖബാധിതരായ തൊഴിലാളികളെ സഹായിക്കാൻ ഒരു പൊതുനന്മ ഫണ്ടും സമാഹരിച്ചിരുന്നു. ബീഡി വ്യവസായത്തിന്റെ തകർച്ച ഇവരുടെ ജീവിതത്തെയും സാരമായി ബാധിച്ചു. തൊഴിൽ ദിനങ്ങൾ കുറഞ്ഞതോടെ തൊഴിലാളികൾ മറ്റ് തൊഴിലിലേക്ക് മാറി. ശേഷിച്ച അന്പതിൽ താഴെ തൊഴിലാളികളെ 2005 ഒക്ടോബറിൽ കൂത്തുപറമ്പിലെ മറ്റൊരു കമ്പനിയിലേക്ക് മാറ്റി. വർഷങ്ങൾക്ക് ശേഷമുള്ള കൂടിച്ചേരലിൽ പലരും സഹപ്രവർത്തകരെ കണ്ടതോടെ കണ്ണീരണിഞ്ഞു. നാൽപതുവർഷത്തെ അനുഭവവും സ്‌നേഹവും പകുത്ത് സംഗമം മാറി. നൂറിലധികം തൊഴിലാളികൾ പങ്കെടുത്ത തൊഴിലാളി സംഗമം മാങ്ങാട്ടിടം യുപി സ്കൂളിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ ഉദ്ഘാടനം ചെയ്തു. ഉച്ചമ്പള്ളി മുകുന്ദൻ അധ്യക്ഷനായി. ടി ബാലൻ, പി ഉത്തമൻ, നെയ്യൻ ശ്രീധരൻ, പി പി രാജീവൻ, ടി അശോകൻ, പി ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ കല്യാടൻ, ഒ ടി രശ്മി, എസ് കവിത ,കെ പി അബ്ദുൾ ഖാദർ ,പി വി ശബ്ന , കെ കെ ചന്ദ്രിക, എൻ ഷാജൻ എന്നിവർ സംസാരിച്ചു. തൊഴിലാളികളുടെ കലാപരിപാടികളുമുണ്ടായി.










0 comments