ഹാപ്പിനസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ
തിരിതെളിഞ്ഞു വിസ്‌മയക്കാഴ്‌ചകൾക്ക്

ബിജു കാർത്തിക്
Published on Feb 22, 2026, 03:00 AM | 2 min read
തളിപ്പറമ്പ്
വെള്ളിത്തിരയുടെ വിസ്മയ ദിനരാത്രങ്ങൾക്ക് തളിപ്പറമ്പിൽ ആവേശത്തുടക്കം. നിറഞ്ഞ തീയറ്ററുകളെ സാക്ഷിയാക്കി ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായ ഹാപ്പിനസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തിരിതെളിഞ്ഞു. തളിപ്പറമ്പ് ക്ലാസിക്, ക്രൗൺ, ആലിങ്കീൽ പാരഡൈസ് തീയറ്ററുകളിലായി ഇനി രണ്ടുനാൾ ലോകസിനിമകൾ കാഴ്ചയുടെ നിറവസന്തമൊരുക്കും. മലയാള ചിത്രമായ ചാവു കല്യാണം, ഫ്രഞ്ച് ചിത്രമായ തിമ്പക്തു, ടർക്കിഷ് ചിത്രം ദി തിങ്സ് യു കിൽ എന്നിവ പ്രദർശിപ്പിച്ചു. ആലിങ്കീൽ പാരഡൈസിൽ മോഹം, ഒരു അപസർപ്പക കഥ, സോങ്‌സ് ഓഫ് ഫോർഗോട്ടൻ ട്രീസ് എന്നിവയാണ് പ്രദർശിപ്പിച്ചത്. ക്ലാസ്സിക്കിൽ ബിഫോർ ദ ബോഡി, ദി എൽഷ്യൻ ഫീൽഡ്, എന്നിവയും ക്രൗണിൽ ബീഫ്, ഹെർത്ത് ആൻഡ് ഹോം, റിവർ സ്റ്റോൺ എന്നിവയും പ്രദർശിപ്പിച്ചു. 2025 ലെ കാന്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പാംദോര്‍ ലഭിച്ച ജാഫര്‍ പനാഹിയുടെ 'ഇറ്റ് വോസ് ജസ്റ്റ് ആന്‍ ആക്‌സിഡന്റ്' ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചു. മികച്ച വിദേശഭാഷാ ചിത്രം, തിരക്കഥ എന്നീ വിഭാഗങ്ങളില്‍ ഓസ്‌കര്‍ നോമിനേഷനുകളും ലഭിച്ച ചിത്രം നിറഞ്ഞ സദസിലാണ് പ്രദർശിപ്പിച്ചത്. ഞായറാഴ്ച മലയാളം സിനിമ വിഭാഗത്തിൽ കെ റിനോഷിന്റെ ശവപ്പെട്ടി, ജിയോ ബേബിയുടെ എബ്ബ്, നിപിൻ നാരായണന്റെ കാത്തിരിപ്പ്, ആദിത്യ ബേബിയുടെ അംബ്രോസിയ എന്നിവയുടെ പ്രദർശനം ആലിങ്കീൽ പാരഡൈസിൽ നടക്കും. ദി ലവ് ദാറ്റ് റിമേയ്ൻസ്, ഇഫ് ഓൺ എ വിന്റർസ് നൈറ്റ്, പപ്പ ബൂക്ക, പലസ്തീൻ 36, ഷാഡോ ബോക്സ്, ദി ബോക്കെ ഓഫ് പ്രൈമൽ ലവ്, തീയറ്റർ, ദ ക്രോണോളജി ഓഫ് വാട്ടർ എന്നിവ ക്ലാസ്സിക്, ക്രൗൺ തീയറ്ററുകളിലായും പ്രദർശിപ്പിക്കും. വൈകിട്ട് അഞ്ചിന് ക്ലാസിക് തീയറ്റർ പരിസരത്ത് നടക്കുന്ന ഓപ്പൺ ഫോറത്തിൽ വിദ്വേഷം റീലോഡ് ചെയ്യുന്ന കേരളാ സ്റ്റോറികൾ ചർച്ച നടക്കും സംവിധായകൻ ജിയോ ബേബി, തിരക്കഥാകൃത്ത് രേഖരാജ്, നടൻ ഇർഷാദ്, ഗവേഷക ഡോ. മാളവിക ബിന്നി, എഴുത്തുകാരൻ ടി കെ ഉമ്മർ എന്നിവർ സംസാരിക്കും. ചലച്ചിത്ര നിരൂപകൻ പി പ്രേമചന്ദ്രൻ മോഡേറേറ്ററാകും. ചലച്ചിത്ര അക്കാദമിയും സാംസ്‌കാരിക വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഹാപ്പിനെസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ആദ്യദിനത്തിൽ 500 ഡെലിഗേറ്റ്സ് രജിസ്റ്റർ ചെയ്തു. വെെകിട്ട് സമീർ ബിൻസി ബാൻഡ് അവതരിപ്പിച്ച ഖവാലി സംഗീത വിരുന്നൊരുക്കി. എം വി ഗോവിന്ദൻ എംഎൽഎയും നടൻ ഇർഷാദും ഖവാലി സംഗീത വിരുന്ന് ആസ്വദിക്കാനെത്തി. എം വി ഗോവിന്ദൻ എംഎൽഎ ഗായകർക്ക് ഉപഹാരം നൽകി










0 comments