ad
Deshabhimani

സഭയിൽ മുഴങ്ങും തളിപ്പറന്പിന്റെ സ്‌ത്രീശബ്ദം

പി കെ ശ്യാമള ടീച്ചർ , ടി കെ ഗോവിന്ദൻ , എൻ ഹരിദാസ്
avatar
ബിജു കാർത്തിക്‌

Published on Mar 30, 2026, 02:30 AM | 2 min read

തളിപ്പറന്പ്‌

തളിപ്പറന്പിലെ തെരഞ്ഞെടുപ്പ്‌ ചിത്രം കണ്ണാടിപോലെ തെളിഞ്ഞതാണ്‌. അതിൽ കരുത്തോടെ നിറയുന്നത്‌ എൽഡിഎഫ്‌ മാത്രം. മോറാഴയും ബക്കളവും ഉൾപ്പെടുന്ന കർഷകസമര പോരാട്ടത്തിന്റെ ത്രസിപ്പിക്കുന്ന ഓർമകളുടെ ഹൃദയഭൂമിയാണ്‌ തളിപ്പറന്പ്‌. വിജയചരിത്രം ആവർത്തിക്കാൻ എൽഡിഎഫ്‌ മണ്ഡലത്തിൽ വനിതയെ നിയോഗിച്ചുവെന്നതാണ്‌ ഇത്തവണത്തെ പോരാട്ടത്തിന്റെ പുതുമ. തളിപ്പറന്പ്‌, ആന്തൂർ നഗരസഭകളുടെ അധ്യക്ഷയായി മികവുതെളിയിച്ച, മഹിളാ പ്രസ്ഥാനത്തിന്റെ ജില്ലയിലെ അമരക്കാരി പി കെ ശ്യാമള ടീച്ചറാണ്‌ എൽഡിഎഫിനായി ജനവിധി തേടുന്നത്‌. സിപിഐ എം പുറത്താക്കിയ ടി കെ ഗോവിന്ദനാണ്‌ യുഡിഎഫ്‌ സ്വതന്ത്ര സ്ഥാനാർഥി. കോൺഗ്രസിനകത്തെ ‘ഡീൽ’ തുറന്നുപറഞ്ഞ്‌ കെപിസിസി അംഗം കൊയ്യം ജനാർദ്ദനനും അബ്ദുസലാമും യുഡിഎഫ്‌ വിമതരായി മത്സരരംഗത്തുണ്ട്‌. തളിപ്പറന്പിലേക്ക്‌ ഇല്ലെന്ന്‌ അറിയിച്ചിട്ടും സ്ഥാനാർഥിത്വം അടിച്ചേൽപ്പിച്ച ബിജെപിയിലെ എൻ ഹരിദാസാണ്‌ മറ്റൊരാൾ. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീർഥാടന വിനോദകേന്ദ്രമായ പറശ്ശിനിക്കടവും രാജരാജേശ്വര ക്ഷേത്രവും ഉന്നതവിദ്യാകേന്ദ്രങ്ങളായ നിഫ്‌റ്റും എൻജിനിയീറിങ്‌ കോളേജും ഒക്കെ ഉൾപ്പെടുന്ന മണ്ഡലമാണിത്‌. സൂ സഫാരി പാർക്കും ലോ കോളേജും ഉൾപ്പെടെയുള്ള വരുംകാല വികസനങ്ങൾക്കായി കാത്തിരിക്കുന്ന ജനതയാണ്‌ വോട്ടർമാർ. പതിറ്റാണ്ടുകൾക്ക്‌മുന്പ്‌ ഒരിക്കൽമാത്രം വലതുചേർന്നുപോയൊരു മണ്ഡലമാണ്‌ തളിപ്പറന്പ്‌. പിന്നീടിന്നേവരെ ഇ‍ൗ നാടിന്‌ ആ തെറ്റ്‌ ആവർത്തിക്കേണ്ടിവന്നിട്ടില്ല. അഡ്വ. കെ രാഘവപൊതുവാളും കെ കെ എൻ പരിയാരവും പാച്ചേനിയും എം വി ഗോവിന്ദനും സി കെ പി പത്മനാഭനും ജയിംസ്‌മാത്യുവും ജയിച്ചുകയറിയ മണ്ഡലം. നീണ്ട ഇടവേളയ്‌ക്കുശേഷം എം വി ഗോവിന്ദൻ വീണ്ടും മത്സരിച്ച്‌ ജയിച്ച്‌ മന്ത്രിയായെങ്കിലും സിപിഐ എം സംസ്ഥാന സെക്രട്ടറിയായതോടെ മന്ത്രി പദവി ഒഴിഞ്ഞു. എസ്‌എഫ്‌ഐയിലൂടെ പൊതുരംഗത്തെത്തി ഡിവൈഎഫ്‌ഐയിലൂടെയും മഹിളാ പ്രസ്ഥാനത്തിലൂടെയും പടിപടിയായി ഉയർന്ന പി കെ ശ്യാമള ടീച്ചർ നിലവിൽ സിപിഐ എം ജില്ലാകമ്മിറ്റിയംഗവും മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ്‌പ്രസിഡന്റും കേന്ദ്രകമ്മിറ്റിയംഗവുമാണ്‌. സിപിഐ എം പുറത്താക്കിയ ടി കെ ഗോവിന്ദന്റെ സ്ഥാനാർഥിത്വത്തിനെതിരെ കോൺഗ്രസിൽ കലാപം രൂക്ഷമാണ്‌. കോൺഗ്രസ്‌ ചിഹ്നത്തിൽ മത്സരിക്കാൻ താൽപ്പര്യം കാണിക്കാത്തയാളെ സ്വതന്ത്രസ്ഥാനാർഥിയാക്കിയതിൽ യുഡിഎഫ്‌ പ്രവർത്തകർക്ക്‌ രോഷമുണ്ട്‌. കോൺഗ്രസിന്റെ യഥാർഥ സ്ഥാനാർഥികളെന്ന്‌ പരിചയപ്പെടുത്തി വോട്ടുതേടുന്ന വിമതനായ കൊയ്യം ജനാർദനനും അബ്ദുൽ സലാമും കോൺഗ്രസിന്റെയും മുന്നണിയുടെയും കുറേ വോട്ടുകൾ പിടിക്കുമെന്നുറപ്പാണ്‌. രാഷ്ട്രീയ വഞ്ചനക്കെതിരെ എൽഡിഎഫ്‌ മുഴുവൻ വോട്ടുകളും സമാഹരിക്കാനുള്ള പ്രവർത്തനങ്ങളിലാണ്‌. തളിപ്പറന്പ്‌ ആന്തൂർ നഗരസഭകളും കുറുമാത്തൂർ, മയ്യിൽ, പരിയാരം, കുറ്റ്യാട്ടൂർ, മലപ്പട്ടം, ചപ്പാരപ്പടവ്‌, കൊളച്ചേരി പഞ്ചായത്തും ഉൾപ്പെട്ടതാണ്‌ തളിപ്പറന്പ്‌ നിയമസഭാമണ്ഡലം. ഇതിൽ തളിപ്പറന്പും കൊളച്ചേരിയും ചപ്പാരപ്പടവുമൊഴികെ എൽഡിഎഫാണ്‌ ഭരിക്കുന്നത്‌. അതിൽതന്നെ പ്രതിപക്ഷമില്ലാത്ത നഗരസഭയാണ്‌ ആന്തൂരെന്നതും ഇടതുപക്ഷത്തിന്റെ മേൽകെൈ വ്യക്തമാക്കുന്നു. തദ്ദേശതെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന്‌ മണ്ഡലത്തിൽ വ്യക്തമായ മുൻതൂക്കമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home