ഉദ്ഘാടനം 27ന്
തോട്ടട ഇഎസ്ഐ ആശുപത്രിയിൽ സർജിക്കൽ ഐസിയു ഒരുങ്ങി

തോട്ടട
ഇഎസ്ഐ ആശുപത്രിയിൽ പുതുതായി ഒരുക്കിയ സർജിക്കൽ ഇന്റൻസീവ് കെയർ യൂണിറ്റ് 27ന് രാവിലെ 10ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനംചെയ്യും. മേയർ അഡ്വ. പി ഇന്ദിര അധ്യക്ഷയാകും. ആശുപത്രിയിൽ വിപുലമായ ഓപ്പറേഷൻ തിയറ്റർ ഉണ്ടെങ്കിലും ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ കിടത്തുന്നതിന് ഐസിയു സൗകര്യം ഉണ്ടായിരുന്നില്ല. ഇക്കാരണത്താൽ മേജർ ശസ്ത്രക്രിയകളൊന്നും ഇവിടെ നടത്താറില്ല. സർജിക്കൽ ഐസിയു പ്രവർത്തനം തുടങ്ങുന്നതോടെ ഇതിന് പരിഹാരമാകും. അഞ്ച് കിടക്കയാണ് ഐസിയുവിൽ ഉണ്ടാവുക. ഗൈനക്കോളജി, ജനറൽ സർജറി, ഓർത്തോ, പീഡിയാട്രിക്, ഇഎൻടി, ജനറൽ മെഡിസിൻ, അനസ്തീഷ്യ വിഭാഗങ്ങളിലായി വിദഗ്‌ധ ഡോക്ടർമാരുടെ സേവനം ആശുപത്രിയിൽ ലഭ്യമാണ്. അമ്പത് കിടക്കയുള്ള തോട്ടട ഇഎസ്ഐ ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സർക്കാർ. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 20 ലക്ഷം രൂപ വിനിയോഗിച്ച് ഡയാലിസിസ് യൂണിറ്റ് തുടങ്ങുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്.









0 comments