ad
Deshabhimani

ധർമടത്താകെ ബ‍ൗ.. ബ‍ൗ.. ബ‍ൗ..

ധർമടം  ധർമടം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമായതോടെ ജനജീവിതം ദുരിതത്തിലായി.
വെബ് ഡെസ്ക്

Published on Jul 13, 2026, 03:00 AM | 1 min read

ധർമടം ധർമടം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമായതോടെ ജനജീവിതം ദുരിതത്തിലായി. പകൽ റോഡരികിലും ജങ്ഷനുകളിലും വിശ്രമിക്കുന്ന നായ്ക്കൂട്ടങ്ങൾ രാത്രിയിൽ കൂട്ടത്തോടെ സഞ്ചരിച്ച് കാൽനട യാത്രക്കാരെയും ബൈക്കുയാത്രക്കാരെയും ഭീതിയിലാക്കുകയാണ്. സ്കൂൾ–കോളേജ് വിദ്യാർഥികൾ മുതൽ രാത്രി ജോലികഴിഞ്ഞ് മടങ്ങുന്ന തൊഴിലാളികൾവരെ ആശങ്കയോടെയാണ് യാത്ര ചെയ്യുന്നത്. മമ്മാക്കുന്ന്‌, ചിറക്കുനി ടൗൺ, തട്ടാരിമുക്ക്, പാലയാട് വ്യവസായ എസ്റ്റേറ്റ്, കലാമന്ദിരം, അണ്ടല്ലൂർ, കിഴക്കേ പാലയാട്, ഒഴയിൽഭാഗം, ധർമടം റെയിൽവെ സ്‌റ്റേഷൻ തുടങ്ങിയ പ്രദേശങ്ങളിലാണ് തെരുവുനായ്ക്കളുടെ സാന്നിധ്യം ഏറെയുള്ളത്‌. റോഡിന്റെ നടുവിൽ കൂട്ടമായി കിടക്കുന്ന നായ്ക്കൾ വാഹനങ്ങൾ എത്തിയാലും മാറിനിൽക്കുന്നില്ല. രാത്രിയിൽ ഇരുചക്ര വാഹനങ്ങൾക്കുപിന്നാലെ നായ്ക്കൾ ഓടുന്നത് പതിവാണ്. സ്കൂളും ട്യൂഷനും കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന കുട്ടികൾക്ക് നേരെയും നായ്ക്കൂട്ടം പാഞ്ഞടുക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതോടെ രക്ഷിതാക്കളുടെ ആശങ്കയും വർധിച്ചു. സുരക്ഷ ആശങ്കയിൽ ​ധർമടം പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ദിവസേന ആയിരക്കണക്കിന് വിദ്യാർഥികളാണ് എത്തുന്നത്. കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസ്, ഗവ. ബ്രണ്ണൻ കോളേജ്, പാലയാട് ഡയറ്റ്, എൻടിടിഎഫ്, പാലയാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളാണ് പ്രധാനമായും ദുരിതം അനുഭവിക്കുന്നത്. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സമീപം നായ്ക്കൾ കൂട്ടമായി തമ്പടിക്കുകയാണ്‌. പാലയാട് ക്യാമ്പസിലെ സുരക്ഷാ ജീവനക്കാരനെ നായ്ക്കൾ ആക്രമിക്കാൻ ശ്രമിച്ച സംഭവവും ഉണ്ടായി. രാത്രിവരെ കാമ്പസിൽ പഠനത്തിലും ഗവേഷണത്തിലും ഏർപ്പെടുന്നവർ ഭീതിയോടെയാണ് താമസസ്ഥലങ്ങളിലേക്ക് മടങ്ങുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home