ഹാപ്പിനസ് ഫിലിം ഫെസ്റ്റിവലിന് ഇന്ന് തിരിതെളിയും

‘ദ സബാൾട്ടേൺ വോയ്സ്' പ്രദർശനം പി കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

സ്വന്തം ലേഖകൻ
Published on Feb 21, 2026, 02:00 AM | 2 min read
കണ്ണൂർ
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തളിപ്പറമ്പിൽ സംഘടിപ്പിക്കുന്ന മൂന്നാമത് ഹാപ്പിനെസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് ശനിയാഴ്ച രാവിലെതിരിതെളിയും. തളിപ്പറമ്പിലെ ക്ലാസിക്, ക്ലാസിക് ക്രൗൺ, ആലിങ്കീൽ പാരഡൈസ് തിയറ്ററുകളിലായി നടക്കുന്ന മേളയിൽ തെരഞ്ഞെടുത്ത 34 സിനിമകളാണ് പ്രദർശിപ്പിക്കുകയെന്ന് അക്കാദമി സെക്രട്ടറി സി അജോയ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.45 മുതൽ പ്രദർശനങ്ങൾ ആരംഭിക്കും. . 2025ലെ കാൻ ചലച്ചിത്രമേളയിൽ പാംദോർ ലഭിച്ച ജാഫർ പനാഹിയുടെ ‘ഇറ്റ് വോസ് ജസ്റ്റ് ആൻ ആക്സിഡന്റാ’ണ് ഉദ്ഘാടനചിത്രം. ക്ലാസിക്കിൽ വൈകിട്ട് ആറിനാണ് പ്രദർശനം. കഴിഞ്ഞ അന്താരാഷ്ട്ര ചലചിത്രമേളയിൽ ലോകസിനിമ, ഇന്ത്യൻ സിനിമ, മലയാളം സിനിമ, ഫെസ്റ്റിവൽ ഫേവറിറ്റ്സ്, ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ്, ഫിമെയ്ൽ ഫോക്കസ്, പലസ്തീൻ പാക്കേജ് എന്നീ വിഭാഗങ്ങളിൽനിന്ന് തെരഞ്ഞെടുത്തവ പ്രദർശനത്തിലുണ്ട്. ഒരു തിയറ്ററിൽ നാലു പ്രദർശനങ്ങളാകും. മേളയുടെ സമാപന ദിവസമായ തിങ്കൾ വൈകിട്ട് ആറിന് ക്ലാസിക് തിയറ്ററിൽ അക്കാദമി ചെയർപേഴ്സൺ ഡോ. റസൂൽ പൂക്കുട്ടി പങ്കെടുക്കും. 9 ലോകസിനിമകൾ ഫെസ്റ്റിവൽ ഫേവറിറ്റ്സ്, ലോകസിനിമ വിഭാഗങ്ങളിലായി, ഉന്നത പുരസ്‌കാരങ്ങൾ നേടിയ ഒമ്പത് സമകാലിക ലോകസിനിമകൾ മേളയിലുണ്ട്. ഫെസ്റ്റിവൽ ഫേവറിറ്റ്സിൽ സിറാത്ത്, എ പോയറ്റ്, സെന്റിമെന്റൽ വാല്യു എന്നീ ചിത്രങ്ങളും ലോകസിനിമയിൽ ദ തിങ്സ് യു കിൽ, ദ ലവ് ദാറ്റ് റിമെയ്ൻസ്, ഡി ജെ അഹ്‌മത്, റിവർ സ്റ്റോൺ, ബീഫ്, പാപ്പ ബുക്ക എന്നിവയും പ്രദർശിപ്പിക്കും. 2 പലസ്‌തീൻ ചിത്രങ്ങൾ നാസർ സഹോദരന്മാരുടെ ‘വൺസ് അപോൺ എ ടൈം ഇൻ ഗാസ', ആൻ മേരി ജാസിറിന്റെ 'പലസ്തീൻ 36' ചിത്രങ്ങളാണ് പലസ്‌തീൻ വിഭാഗത്തിൽ. ഓപ്പൺ ഫോറം ക്ലാസിക് തിയറ്ററിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ വൈകിട്ട് അഞ്ചിന് ഓപ്പൺ ഫോറങ്ങളുണ്ടാകും. ശനി വൈകിട്ട് 6.30ന് സമീർ ബിൻസിയുടെ സൂഫി സംഗീതവും ഞായർ വൈകിട്ട് സെബ ടോമിയുടെ സംഗീതപരിപാടിയുമുണ്ടാകും. വാർത്താസമ്മേളനത്തിൽ അക്കാദമി ഡെപ്യൂട്ടി ഡയറക്ടർമാരായ ഷാജി ഹംസ, എൻ പി സജീഷ്, സംഘാടകസമിതി ജനറൽ കൺവീനർ ഷെറി ഗോവിന്ദ്, ഇൻഫർമേഷൻ ഓഫീസർ പി പി വീനീഷ് എന്നിവരും പങ്കെടുത്തു.
ഋത്വിക് ഘട്ടക്കിന് സ്നേഹാദരങ്ങളോടെ ‘ദ സബാൾട്ടേൺ വോയ്സ്'
തളിപ്പറമ്പ്
കറുപ്പിലും വെളുപ്പിലുമായി കാമറയ്ക്ക് മുന്നിലും പിന്നിലും ഋത്വിക് ഘട്ടക് കണ്ട കാഴ്ചകൾ. മേഘേ ധാക്കാ താരേയിലെ സുപ്രിയ ചൗധരിയും അനിൽ ചാറ്റർജിയുടെയും വിവിധ ഭാവങ്ങൾ, അവസാന ചിത്രമായ‘ ജുക്തി താക്കോ ആർ ഗാപ്പോ’യിലെ സ്വന്തംവേഷം. മൂന്നാമത് ഹാപ്പിനസ് ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് ബംഗാളിലെ ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ അഫയേഴ്സ് വകുപ്പുമായി സഹകരിച്ച് ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ‘ദ സബാൾട്ടേൺ വോയ്സ്' പ്രദർശനത്തിലാണ് മനോഹര ഫോട്ടോകൾ പ്രദർശിപ്പിക്കുന്നത്. തളിപ്പറമ്പ് ഹാപ്പിനസ് സ്‌ക്വയറിലൊരുക്കിയ ഘട്ടക്കിന്റെ വ്യക്തി–ചലച്ചിത്രജീവിതങ്ങൾ അനാവരണംചെയ്യുന്ന നൂറോളം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ഋതിക് ഘട്ടക്കിന്റെ പല പ്രായത്തിലും ഭാവത്തിലും ഷൂട്ടിങ് ഇടവേളകളിലെ ചിത്രങ്ങളും പ്രദർശനത്തിലുണ്ട്. പ്രദർശനം ചലച്ചിത്ര നിരൂപകൻ പി കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അക്കാദമി സെക്രട്ടറി സി അജോയ്, സ്വാഗത സംഘം ജനറൽ കൺവീനർ ഷെറി ഗോവിന്ദ് എന്നിവർ സംസാരിച്ചു. ഫെസ്റ്റിവൽ കിറ്റ് വിതരണോദ്ഘാടനം സി അജോയ് പി കെ സുരേന്ദ്രന് നൽകി നിർവഹിച്ചു. പ്രദർശനം തിങ്കളാഴ്ച വൈകിട്ട് സമാപിക്കും










0 comments