ad
Deshabhimani

സിഎജി റിപ്പോർട്ട് കോർപ്പറേഷന്റെ മലിനജല സംസ്‌കരണ 
പ്ലാന്റിലും ഗുരുതര ക്രമക്കേട്

കണ്ണൂർ കോർപ്പറേഷന്റെ പടന്നപ്പാലത്തെ മലിനജല സംസ്കരണ പ്ലാന്റ് ഫോട്ടോ/പി ദിലീപ്കുമാർ
avatar
എൻ കെ സുജിലേഷ്‌

Published on Oct 24, 2025, 03:00 AM | 2 min read

കണ്ണൂർ കോർപറേഷനിലെ മലിനജല സംസ്‌കരണ പ്ലാന്റ്‌ പ്രവർത്തനം അട്ടിമറിച്ചത്‌ ഭരണനേതൃത്വമെന്ന്‌ സിഎജി റിപ്പോർട്ട്‌. ഹോട്ടലുകളടക്കമുള്ള വ്യാപാര സ്ഥാപനങ്ങളിൽനിന്നുള്ള മലിനജല പൈപ്പുകളുടെ കണക്ഷൻ പ്ലാന്റുമായി ബന്ധിപ്പിക്കാൻ തീരുമാനിച്ചതും വാർഷിക പരിപാലന കരാർ (എഎംസി) ഇല്ലാത്തതുമാണ്‌ പദ്ധതി പ്രവർത്തനരഹിതമാകാൻ കാരണമെന്ന്‌ കംപ്‌ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ട്‌ അടിവരയിടുന്നു. അമൃത്‌ പദ്ധതിയിൽ 23.41 കോടി രൂപ ചെലവഴിച്ച പ്ലാന്റാണ്‌ ഒരുവർഷമായിട്ടും പ്രവർത്തനക്ഷമമാകാതെ തുരുന്പെടുക്കുന്നത്‌. കണ്ണൂർ നഗര പരിസരത്തെ ഏറ്റവും രൂക്ഷമായ പ്രശ്‌നമായിരുന്നു പടന്നത്തോട്ടിലെ മാലിന്യം. ഇ‍തിനുള്ള പരിഹാരമായാണ്‌ കാനത്തൂർ, താളിക്കാവ്‌ ഡിവിഷനുകളിലെ 1500 വീടുകളിലെ മലിനജലം സംസ്‌കരിക്കുന്നതിന്‌ പദ്ധതി ആവിഷ്‌കരിച്ചത്‌. 2020 ഒക്‌ടോബർ 23നാണ്‌ തൃശൂർ ഡിസ്‌ട്രിക്ട്‌ ലേബർ കോൺട്രാക്ട്‌ കോ ഓപ്പറേറ്റീവ്‌ സൊസൈറ്റിക്ക്‌ കോർപറേഷൻ കരാർ നൽകിയത്‌. കാലാവധി പലതവണ നീട്ടിനൽകിയശേഷം 2024 മാർച്ചിലാണ്‌ പ്രവൃത്തി പൂർത്തീകരിച്ചത്‌. തൊഴിലാളി സഹകരണ സംഘമായതിനാൽ പെർഫോമൻസ്‌ ഗ്യാരണ്ടിയും കോർപറേഷൻ ഒഴിവാക്കി നൽകിയിരുന്നു. 118 വീടുകൾക്കുമാത്രമാണ്‌ സീവറേജ്‌ നെറ്റ്‌വർക്കിൽ കണക്‌ഷൻ നൽകിയത്‌. ഒരു എംഎൽഡി ശേഷിയുള്ള പ്ലാന്റ്‌ കാര്യക്ഷമമായി പ്രവർത്തിക്കണമെങ്കിൽ 1500 വീടുകളുടെ കണക്‌ഷൻ ഉറപ്പാക്കണമായിരുന്നു. ഇതിൽ വെള്ളം ചേർത്താണ്‌ കോർപറേഷനിലെ യുഡിഎഫ്‌ നേതൃത്വം ഹോട്ടലുകളും ലോഡ്‌ജുകളുമടക്കമുള്ള വ്യാപാര സ്ഥാപനങ്ങളുടെ മലിനജലം പ്ലാന്റിന്റെ നെറ്റ്‌വർക്കുമായി ബന്ധിപ്പിക്കാൻ തീരുമാനിച്ചത്‌. ഇതോടെ വ്യവസായ മാലിന്യങ്ങളുടെ രാസഘടകങ്ങൾ വലിയതോതിൽ പ്ലാന്റിലെത്തി. ഇത്‌ പ്ലാന്റിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. അതേസമയം വൻകിട വ്യാപാര സ്ഥാപനങ്ങൾക്ക്‌ മലിനജലം സംസ്‌കരിക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നത്‌ ഒഴിവാക്കി നൽകാനായിരുന്നു പടന്നപ്പാലത്തെ പ്ലാന്റിലേക്ക്‌ കണക്‌ഷൻ നൽകാൻ തീരുമാനിച്ചതെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു. ഇതുവഴി കേരള മുനിസിപ്പൽ കെട്ടിട നിർമാണച്ചട്ടം അട്ടിമറിക്കുന്നതിനാണ്‌ കോർപറേഷൻ കൂട്ടുനിന്നതെന്നും റിപ്പോർട്ട്‌ വ്യക്തമാക്കുന്നു. വാർഷിക പരിപാലനത്തിനുള്ള കരാർവയ്‌ക്കാത്തതും ഗുരുതര വീഴ്‌ചയായി. നിർമാണം നടത്തിയ കന്പനി ഒരുവർഷത്തെ വാറണ്ടി കാലയളവിൽപോലും അറ്റകുറ്റപ്പണി നടത്തിയിരുന്നില്ല. തൃശൂർ ഡിസ്‌ട്രിക്ട്‌ ലേബർ കോൺട്രാക്ട്‌ കോ– ഓപ്പറേറ്റീവ്‌ സൊസൈറ്റിക്ക്‌ വാർഷിക അറ്റകുറ്റപ്പണിക്കുള്ള കരാർ നൽകാതെ മറ്റൊരു കന്പനിക്കാണ്‌ നൽകിയത്‌. ഇതിനുള്ള നടപടിക്രമംപോലും ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. കരാർ നൽകിയതുമുതൽ പ്ലാന്റിന്റെ കാര്യത്തിൽ കോർപറേഷൻ കൈക്കൊണ്ട തീരുമാനങ്ങളും കന്പനിയെ സഹായിച്ചുള്ള നീക്കങ്ങളും വൻകിട കച്ചവടക്കാരെ സഹായിച്ചുള്ള നീക്കങ്ങളും ഗുരുതരമായ ക്രമക്കേടാണ്‌ വ്യക്തമാക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home