ചരിത്രത്തിലും മുന്നിൽ

തൃശൂർ
ലോകചരിത്രമായ 1957ലെ ഇ എം എസ് മന്ത്രിസഭയിൽ ജില്ലയിൽ നിന്നുണ്ടായിരുന്നത് നാലു മന്ത്രിമാർ. ഒട്ടേറെ പ്രഗത്ഭരുണ്ടായിരുന്ന മന്ത്രിസഭയിൽ സി അച്യുതമേനോൻ (ധനകാര്യം), പി കെ ചാത്തൻ (തദ്ദേശ സ്വയംഭരണം, പിന്നോക്ക ക്ഷേമം), പ്രൊഫ. ജോസഫ് മുണ്ടശേരി (വിദ്യാഭ്യാസം, സഹകരണം), എ ആർ മേനോൻ (ആരോഗ്യം) എന്നിവർ ജില്ലയിൽനിന്നുള്ള മന്ത്രിമാരായി തിളങ്ങി. കമ്യൂണിസ്റ്റ് പാർടി സ്ഥാനാർഥികളായ സി അച്യുതമോനോൻ ഇരിങ്ങാലക്കുടയിൽ നിന്നും പ്രൊഫ. ജോസഫ് മുണ്ടശേരി മണലൂരിൽ നിന്നുമാണ് വിജയിച്ചത്. പി കെ ചാത്തൻ അന്ന് ദ്വയാംഗമണ്ഡലമായ ചാലക്കുടിയിൽ നിന്നാണ് വിജയിച്ചത്. ചാലക്കുടിയിൽ നിന്ന് പിഎസ്‌പിയിലെ സി ജെ ജനാർദനനും വിജയിച്ചിരുന്നു. എ ആർ മേനോൻ തൃശൂരിൽ നിന്ന് സ്വതന്ത്രനായാണ് മത്സരിച്ചത്. അന്ന് മുഖ്യമന്ത്രിയായ ഇ എം എസിന്റെ അമ്മവീടും ജില്ലയിലെ എടക്കുന്നിയിലായിരുന്നു. ബ്രഹ്മസ്വം മഠത്തിലായിരുന്നു ഇ എം എസിന്റെ വേദ പഠനം, സെന്റ് തോമസ് കോളേജിലായിരുന്നു ബിരുദപഠനം. 1931ൽ സെന്റ് തോമസ് കോളേജിൽ ബി എക്ക് പഠിക്കുമ്പോഴാണ് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നിയമലംഘന പ്രക്ഷോഭത്തിൽ അണിചേരാൻ കോഴിക്കോട് പോയി അറസ്റ്റ് വരിച്ചത്. നിലവിലെ മന്ത്രി സഭയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. റവന്യു മന്ത്രി കെ രാജൻ എന്നിവർ തൃശൂരിൽ നിന്നുണ്ട്. പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കെ രാധാകൃഷ്‌ണൻ ഇടക്കാലത്ത് രാജിവച്ച് ആലത്തൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് പാർലമെന്റ് അംഗമായി. വ്യവസായ മന്ത്രി പി രാജീവിന്റെ ജന്മനാട് തൃശൂർ ജില്ലയിലെ അന്നമനടയാണ്.











0 comments