തൃശൂർ സ്‌റ്റേഷൻ പാർക്കിങ്ങിലെ തീപിടിത്തം
റെയിൽവേ നഷ്ടപരിഹാരം നൽകില്ല

ഫയൽചത്രം
കെ എ നിധിൻ നാഥ് [email protected]
Published on Jan 25, 2026, 01:07 AM | 1 min read
തൃശൂർ
തൃശൂർ റെയിൽവേ സ്‌റ്റേഷനിലെ ഇരുചക്ര വാഹന പാർക്കിങ് ഏരിയയിലുണ്ടായ തീപിടിത്തത്തിൽ ഇന്ത്യൻ റെയിൽവേയിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കില്ല. നിയമപ്രകാരം നഷ്ടപരിഹാരം നൽകേണ്ട കാര്യമില്ല എന്നാണ് റെയിൽവേ നൽകുന്ന വിശദീകരണം. മുഴുവൻ ബാധ്യതയും കരാറുകാരനു മേൽ കെട്ടിവയ്‌ക്കാനുള്ള നീക്കമാണ് റെയിൽവേ നടത്തുന്നത്. പേ ആൻഡ് പാർക്കിങ്ങിനായി റെയിൽവേ ഭൂമി നൽകുക മാത്രമാണ് ചെയ്യുന്നത്. സുരക്ഷ അടക്കമുള്ള ബാക്കി കാര്യങ്ങൾ നിർവഹിക്കേണ്ടത് കരാറുകാരനാണ് എന്നാണ് റെയിൽവേയുടെ പക്ഷം. കരാറുകാരൻ പാർക്കിങ് സ്ഥലത്തിന് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തണമെന്ന് കരാറിലുണ്ട്. അത് ഇവിടെ പാലിച്ചിട്ടില്ല. അതിനാൽ നഷ്ടപരിഹാരം നൽകാനുള്ള മുഴുവൻ ബാധ്യതയും കരാർ എടുത്തയാൾക്കാണ് എന്നാണ് റെയിൽവേയുടെ നിലപാട്. ഇത് കരാറുകാരനെ അറിയിച്ചിട്ടുണ്ട്. കരാറുകാരൻ പല കന്പനികളിൽ നിന്നും ഇൻഷുറൻസിനായി ശ്രമിച്ചെങ്കിലും ലഭിച്ചിട്ടില്ല. ഒരു മാനദണ്ഡങ്ങളും പാലിക്കാതെ നടത്തുന്ന സംവിധാനമായതിനാൽ അപകട സാധ്യതയുള്ളതാണ് കന്പനികളെ പിന്തിരിപ്പിച്ചത്. ഇത്രയധികം വാഹനങ്ങൾ സൂക്ഷിക്കുന്ന സ്ഥലത്ത് ആവശ്യമായ സുരക്ഷയില്ല എന്ന പൊലീസ് കണ്ടെത്തലിനേയും റെയിൽവേ തള്ളി. താൽക്കാലിക പാർക്കിങ് സംവിധാനമായതിനാൽ ഒരു അഗ്നിശമന ഉപകരണം മതിയെന്നാണ് റെയിൽവേ പറയുന്നത്. സ്ഥിരം സംവിധാനത്തിനു മാത്രമാണ് നിശ്ചിത ദൂരത്തിൽ തീകെടുത്താനുള്ള സജ്ജീകരണം വേണ്ടത്. ആയിരത്തോളം ബൈക്കുകൾ സാധാരണ ദിവസങ്ങളിൽ പാർക്ക് ചെയ്യുന്നിടത്ത് അഗ്നിശമന ഉപകരണങ്ങൾ ഉണ്ടായിരുന്നില്ല. പേരിന് സ്ഥാപിച്ചിരുന്ന ഒരെണ്ണം പ്രവർത്തന രഹിതവുമായിരുന്നു. ജീവനക്കാർക്ക് അപകടകരമായ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള പരിശീലനവും നൽകിയിരുന്നില്ല. ഇത്തരത്തിലുള്ള വീഴ്‌ചകൾക്ക് നേരെ റെയിൽവേ കണ്ണടച്ചതാണ് അപകടത്തിനു വഴിയൊരുക്കിയത്. 300ഓളം വാഹനങ്ങളാണ് തീപിടിത്തതിൽ നശിച്ചത്.










0 comments