മാലിന്യത്തൊട്ടിയിൽ ഇനി കായിക സ്വപ്നങ്ങൾ

തൃശൂർ: മാലിന്യക്കൂമ്പാരമായിരുന്ന ലാലൂര്‍ ഇനി കായിക കേരളത്തിന്റെ ഭാവി തലമുറയെ വാർത്തെടുക്കുന്ന സമുച്ചയം. ഒരുകാലത്ത് മാലിന്യത്തിന് കുപ്രസിദ്ധി ആർജിച്ച ഭൂമിക, എൽഡിഎഫ് സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ ഫലമായി നാടിന്റെ കായിക വിസ്മയങ്ങളുടെ ഈറ്റില്ലമാകുകയാണ്.
മാലിന്യ മല നീക്കിയ സ്ഥലത്ത് 13 ഏക്കറിൽ ഇനി ഐ എം വിജയൻ അന്താരാഷ്‌ട്ര സ്‌പോർട്‌സ് കോംപ്ലക്‌സ് തലയുയർത്തി നിൽക്കും. മാലിന്യ നിര്‍മാര്‍ജനം സാധ്യമാക്കുന്നതിനൊപ്പം സമൂഹത്തിന് മാതൃകയാകുന്ന ഒരു വികസനംകൂടി സാധ്യമാക്കുക എന്ന എൽഡിഎഫ് ലക്ഷ്യമാണ് കായിക സമുച്ചയം സാധ്യമാക്കിയത്.
മാലിന്യ പ്രശ്‌നം പരിഹരിക്കാനായി മന്ത്രി ആർ ബിന്ദു മേയറായിരിക്കെ 2010ൽ എൽഡിഎഫ് സർക്കാർ ലാലൂർ മോഡൽ പ്രോജക്ടർ ഫോർ സോളിഡ് മാനേജ്‌മെന്റ് എന്ന പദ്ധതി നടപ്പാക്കി. മാലിന്യം ഉറവിടത്തിൽത്തന്നെ സംസ്‌കരിക്കാനുള്ള പദ്ധതിയെ പിന്നീട് വന്ന കോൺഗ്രസിന്റെ കോർപറേഷൻ ഭരണസമിതി അട്ടിമറിച്ചു. ഇതോടെ ലാലൂർ മാലിന്യക്കൂന്പാരമായി മാറി. പ്രദേശത്ത് ജീവിക്കാൻ കഴിയാതെ, രോഗങ്ങൾ പടരുകയും ചെയ്‌തു. കോൺഗ്രസ് ഭരണ സമിതിയുടെ കെടുകാര്യസ്ഥത സമരത്തിന് വഴിയൊരുക്കി.
പ്രശ്‌ന പരിഹാരത്തിനു പകരം ജനങ്ങളെ അധികാരം ഉപയോഗിച്ച് നേരിടുമെന്നാണ് മേയറായിരുന്ന ഐ പി പോൾ പ്രഖ്യാപിച്ചത്. എന്നാൽ, 2015ൽ കോർപറേഷനിൽ അധികാരത്തിലെത്തിയ എൽഡിഎഫ് കൗൺസിൽ മാലിന്യ സംസ്‌കരണത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കി.
2016ൽ പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തിയതോടെ ലാലൂരിന് പുതിയ മുഖം നൽകി. മാലിന്യമല തകർക്കാൻ ബയോ മൈനിങ്ങും നടത്തി. 54,000 ടൺ മാലിന്യം ഇതിലൂടെ നീക്കി പ്രദേശത്തെ സാധാരണ നിലയിലെത്തിച്ചു. തുടർന്ന് ഐ എം വിജയനുള്ള ആദരമായി സംസ്ഥാന കായിക വകുപ്പും തൃശൂര്‍ കോര്‍പറേഷനും സംയുക്തമായി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിർമിക്കുകയായിരുന്നു. കിഫ്‌ബി ഫണ്ടിൽ നിന്ന് 50 കോടി ചെലവിട്ടാണ് അന്താരാഷ്ട്ര സ്‌പോര്‍ട്സ് കോംപ്ലക്‌സിന്റെ ആദ്യ ഘട്ട നിർമാണം പൂർത്തിയാക്കിയത്.










0 comments