ജനവിധി തേടുന്നത് 1565 കുടുംബശ്രീ അംഗങ്ങള്‍

സ്വന്തം ലേഖിക
Published on Dec 04, 2025, 05:15 PM | 1 min read
തൃശൂര്‍
തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍നിന്ന് ജനവിധി തേടുന്നത് 1565 കുടുംബശ്രീ അംഗങ്ങള്‍. കുടുംബശ്രീ ത്രിതല സംവിധാനത്തില്‍പ്പെട്ട 1548 പേരും യുവതലമുറയുടെ കൂട്ടായ്മയായ ഓക്സിലറി ഗ്രൂപ്പില്‍ അംഗങ്ങളായ 17 പേരും ഉള്‍പ്പടെയാണിത്. കുടുംബശ്രീ ത്രിതല സംവിധാനത്തില്‍പ്പെട്ട 18 സിഡിഎസ് ചെയര്‍പേഴ്സണ്‍മാരും 634 സിഡിഎസ് മെമ്പര്‍മാരും 267 എഡിഎസ് മെമ്പര്‍മാരും 629 അയല്‍ക്കൂട്ടാംഗങ്ങളും ഇക്കുറി മത്സരരംഗത്തുണ്ട്. 18– 40 വയസ്സിനിടയിലുള്ളവരാണ് ഓക്സിലറി ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നത്. ആലപ്പുഴ ജില്ല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഓക്സിലറി ഗ്രൂപ്പംഗങ്ങള്‍ ജനവിധി തേടുന്നത് തൃശൂരാണ്. തെരഞ്ഞെടുപ്പ് മത്സര രംഗത്ത് ഇക്കുറി കുടുംബശ്രീ അംഗങ്ങള്‍ക്കൊപ്പം ഹരിത കര്‍മസേനാംഗങ്ങളുമുണ്ട്. തൃശൂരില്‍നിന്ന് 28 ഹരിത കര്‍മസേനാംഗങ്ങളാണ് ജനവിധി തേടുന്നത്. ഏറ്റവും കൂടുതല്‍ ഹരിതകര്‍മ സേനാംഗങ്ങള്‍ മത്സരരംഗത്തുള്ളത് ആലപ്പുഴയിലാണ്. 63 പേരാണ് മത്സരിക്കുന്നത്. ഏഴാം സ്ഥാനത്താണ് തൃശൂര്‍. വാതിൽപ്പടി മാലിന്യ ശേഖരണത്തിനായി വീടുകളിലെത്തുന്ന ഹരിതകർമസേനാംഗങ്ങൾക്ക് അതത് പ്രദേശത്തെ കുടുംബങ്ങളോടും സ്ഥാപനങ്ങളോടുമുള്ള അടുപ്പവും സൗഹൃദവും വോട്ടായി മാറുമെന്നാണ് കണക്കുകൂട്ടൽ. ഇതിനുമുമ്പും തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ മത്സരിക്കുകയും അധികാരത്തിലേറുകയും ചെയ്തിട്ടുണ്ട്.









0 comments