പരാതി രേഖാമൂലം ലഭിച്ചിരുന്നില്ലെന്ന് ഷാഫി പറമ്പിൽ; മാങ്കൂട്ടത്തിലിനെ കൈവിടാതെ പ്രതികരണം

രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ
പാലക്കാട്: കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മോശംപെരുമാറ്റത്തെക്കുറിച്ചുള്ള വനിതാ നേതാവിന്റെ വെളിപ്പെടുത്തലിൽ ഉത്തരമില്ലാതെ ഉരുണ്ടുകളിച്ച് കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ. മാങ്കൂട്ടത്തിൽ അപമര്യാദയായി പെരുമാറിയതിനെക്കുറിച്ച് ഷാഫിയോട് മുൻപ് പരാതിപ്പെട്ടിരുന്നുവെന്ന് കെപിസിസി സംസ്കാര സാഹിതി സെക്രട്ടറി എം എ ഷഹനാസ് ആണ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്. എന്നാൽ ഇതേ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് ഷാഫിക്ക് വ്യക്തമായ ഉത്തരമുണ്ടായില്ല.
മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാതികളൊന്നും രേഖാമൂലം തനിക്ക് ലഭിച്ചിരുന്നില്ലെന്നാണ് ഷാഫി മാധ്യമങ്ങളോട് പറഞ്ഞത്. പരാതി ആയിട്ടല്ലെങ്കിലും സ്ത്രീകൾ മുന്നറിയിപ്പ് നൽകിയിരുന്നോ എന്ന ചോദ്യത്തിന് ഷാഫിക്ക് ഉത്തരമുണ്ടായില്ല. കോൺഗ്രസ് തുടക്കത്തിലേ നടപടി എടുത്തുവെന്നും മാങ്കൂട്ടത്തിലിന്റെ സംഘടനാപ്രവർത്തനത്തെയാണ് താൻ പിന്തുണച്ചതെന്നും ഷാഫി പറഞ്ഞു. മറ്റ് മുതിർന്ന നേതാക്കളെപ്പോലെ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷപ്രതികരണത്തിനും ഷാഫി തയ്യാറായില്ല.
തന്നോടും മാങ്കൂട്ടത്തിൽ മോശമായി പെരുമാറിയെന്നും, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി മാങ്കൂട്ടത്തിലിനെ നിയമിക്കരുതെന്ന് അന്ന് എംഎൽഎയായിരുന്ന ഷാഫിയോട് അപേക്ഷിച്ചിരുന്നതായും ഷഹനാസ് ഫേസ്ബുക്ക് പോസ്റ്റിൽ കഴിഞ്ഞദിവസമാണ വെളിപ്പെടുത്തിയത്. പ്രസിഡന്റായിട്ട് മാങ്കൂട്ടത്തിലിനെ പോലെയുള്ള ആളുകൾ വരുമ്പോൾ പെൺകുട്ടികൾ ചൂഷണം ചെയ്യപ്പെടുമെന്ന് ഷാഫിയോട് പറഞ്ഞതാണ്. എന്നാൽ പരിഹാസവും പുശ്ചവുമായിരുന്നു ഷാഫിയുടെ മറുപടിയെന്നും, തന്റെ കൈവശം ഈ പറഞ്ഞതിന് തെളിവുണ്ടെന്നും ഷഹനാസ് പറഞ്ഞിരുന്നു.








0 comments