സുവോളജിക്കൽ പാർക്കിൽ 2.55 ലക്ഷം സന്ദർശകർ

കെ എ നിഥിന്‍നാഥ്
Published on Jun 04, 2026, 12:28 AM | 1 min read
തൃശൂർ
തൃശൂർ സുവോളജിക്കൽ പാർക്കി ൽ എത്തിയ സന്ദർശകരുടെ എ ണ്ണം രണ്ടര ലക്ഷം കടന്നു. ഫെബ്രുവരി അവസാനം പാർക്ക് തുറന്നതുമുതലുള്ള കണക്കാണിത്. ഓടിച്ചാടി നടക്കുന്ന മൃഗങ്ങൾ, വിശാലമായി പാറിപ്പറന്ന് നടക്കുന്ന പക്ഷികൾ, പരിമിതികളില്ലാതെ വെള്ളത്തിലും കരയിലുമായി കഴിയുന്ന ഹിപ്പോപ്പൊട്ടാമസും മുതലയും. ഇവയെല്ലാം സുരക്ഷിതമായി കാണാൻ കഴിയുന്ന വ്യൂ പോയിന്റുകളോടുകൂടിയ വനലോക കാഴ്‌ച കാണാൻ മെയ് 31വരെ 2,55,200 പേരാണെത്തിയത്. മറ്റു പാർക്കുകളിൽ നിന്നു വ്യത്യസ്‌തമായി സുവോളജിക്കൽ പാർക്കിൽ പക്ഷി–മൃഗാദികളെ കാണുന്നതിനൊപ്പം പ്രകൃതി ഭംഗിയും ആസ്വദിക്കാം. സുവോളജിക്കൽ പാർക്ക് ഒരേ സമയം 1000 പേർക്ക് കാണാം. ദിവസം 20,000 പേർക്ക് പാർക്ക് കാണാൻ കഴിയുന്ന സജ്ജീകരണവും ടിക്കറ്റ് കൗണ്ടറുകൾക്ക് പുറമെ സ്വയം ഉപയോഗിക്കാൻ കഴിയുന്ന കിയോസ്‌കുകളുമുണ്ട്. ഇതിലൂടെ സഞ്ചാരികൾക്ക് കൗണ്ടറിൽ വരി നിൽക്കാതെ ടിക്കറ്റെടുക്കാം. അവധിക്കാലമാകുന്നതോടെ സന്ദർശകരുടെ എണ്ണം വലിയ തോതിൽ വർധിച്ചിരുന്നു. കേരളത്തിനു പുറമേ തമിഴ് നാട്ടിൽ നിന്നാണ് കൂടുതൽ പേരെത്തിയത്. കർണാടകയിൽനിന്നും ഉത്തരേന്ത്യയിൽ നിന്നും സന്ദർശകർ സുവോളജിക്കൽ പാർക്ക് കാണാനെത്തുന്നുണ്ട്. പാർക്ക് പൂർണമായും നടന്നുകാണാൻ കഴിയാത്തവർക്ക് പാർക്കിനകത്തെ ബസ് സൗകര്യം ഉപയോഗിക്കാം. പാർക്ക് ചുറ്റിക്കാണാൻ കെഎസ്ആർടിസിയുടെ ബസുണ്ട്. സഫാരി പാർക്കിലേക്കുള്ള മാനുകൾ ഒഴികെയുള്ളവയെല്ലാം തൃശൂർ മൃഗശാലയിൽ നിന്ന് പുത്തൂരിലേക്ക് മാറ്റിക്കഴിഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും പക്ഷികളെയും മൃഗങ്ങളെയും എത്തിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയിലാണ് 521 കോടി രൂപ ചെലവഴിച്ച് പാർക്ക് യാഥാർഥ്യമാക്കിയത്. അനുബന്ധമായി പെറ്റിങ് സൂ, പുത്തൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഹോളോഗ്രാം സൂ, മാൻ സഫാരി പാർക്ക് എന്നിവയുടെ നിർമാണം പുരോഗമിക്കുന്നുണ്ട്.










0 comments