ad
Deshabhimani

3348 ദിവസം 1.69 ലക്ഷം പൊതിച്ചോറ്

തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ ഡിവെെഎഫ്ഐ പ്രവർത്തകർ പൊതിച്ചേറാറ് വിതരണം ചെയ്യുന്നു (ഫയൽ ചിത്രം)
avatar
പ്രത്യേക ലേഖകൻ

Published on Jul 20, 2026, 12:27 AM | 1 min read

തൃശൂർ

ഒന്പതുവർഷവും 64 ദിവസവും ഒരുദിവസം പോലും മുടങ്ങാതെ എത്തിച്ച ചോറുപൊതികൾ. സർക്കാരാശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെയും കൂട്ടിരിപ്പുകാരുടെയും വിശപ്പകറ്റിയ കരുതലാണ്‌ ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ നടക്കുന്ന ‘ഹൃദയപൂർവം’ പദ്ധതി. ‘വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ’ എന്ന മുദ്രാവാക്യവുമായി 2017 മെയ്‌ 16 മുതൽ ആരംഭിച്ച ഹൃദയപൂർവം പദ്ധതി തുടങ്ങിയ ശേഷം ഒരുദിവസം പോലും മുടങ്ങിയിട്ടില്ല. കേരളത്തെ പിടിച്ചുകുലുക്കിയ 2018ലെ പ്രളയകാലത്തും കോവിഡ്‌ മഹാമാരിയിൽപോലും മുടങ്ങാതെ പൊതിച്ചോറെത്തിക്കുന്നതിൽ ഡിവൈഎഫ്‌ഐ കാണിച്ച ജാഗ്രത പൊതുസമൂഹത്തിന്റെയാകെ ആദരവും പ്രശംസയും ഏറ്റുവാങ്ങി. മുളങ്കുന്നത്തുകാവിലെ തൃശൂർ മെഡിക്കൽ കോളേജ്‌ കാന്പസിൽ പ്രതിദിനം 4000 മുതൽ 5000 വരെ ചോറുപൊതികളാണ്‌ ഒരുദിവസം വിതരണം ചെയ്യുന്നത്‌. 2017 മെയ്‌ 16 മുതൽ 2026 ജൂലൈ 19 വരെ 3348 ദിവസം പൊതിച്ചോർ വിതരണം ചെയ്‌തു. തുടങ്ങിയ ശേഷം ഇതുവരെ1,69,90,972 പൊതിച്ചോറുകൾ വിതരണം ചെയ്‌തു. പൊതിച്ചോറുകൾ നൽകുന്ന ദിവസം ചുമതലയുള്ള മേഖലകളിലെ ഡിവൈഎഫ്‌ഐ പ്രവർത്തകർ ആശുപത്രിയിൽ രക്തദാനവും നടത്തുന്നുണ്ട്‌. രക്തദാന പരിപാടി തുടങ്ങിയശേഷം ഇതുവരെ 65,978 യൂണിറ്റ്‌ രക്തം നൽകി. 237 രക്തദാന ക്യാന്പുകളും സംഘടിപ്പിച്ചു. മികച്ച രക്തദാന സേനയ്‌ക്കുള്ള പുരസ്‌കാരം പലതവണ സംസ്ഥാന സർക്കാരിൽനിന്ന്‌ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിക്ക്‌ ലഭിച്ചു. തുടർന്നും മുടങ്ങാതെ വിതരണം നടത്തുന്നതിനുള്ള ഇടപെടലും നടത്തിക്കൊണ്ടിരിക്കുന്നു. ജില്ലയിലെ 211 മേഖലാ കമ്മിറ്റികൾ വഴിയാണ്‌ പൊതിച്ചോറ്‌ ശേഖരിക്കുന്നത്‌. ഒരു മേഖലാ കമ്മിറ്റിക്ക്‌ വർഷത്തിൽ പരമാവധി രണ്ടുതവണയാണ്‌ വീടുകൾതോറും കയറിയിറങ്ങി പൊതിച്ചോറുകൾ ശേഖരിക്കേണ്ടിവരുന്നത്‌. ഗവ. മെഡിക്കൽ കോളേജിനുപുറമേ കൊടുങ്ങല്ലൂർ താലൂക്കാശുപത്രി, വടക്കാഞ്ചേരി ജില്ലാ ആശുപത്രി, പുതുക്കാട്‌ താലൂക്കാശുപത്രി എന്നിവിടങ്ങളിലും പൊതിച്ചോറ്‌ വിതരണം ചെയ്യുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home