കതിരണിയാതെ പൊക്കാളിപ്പാടം

പി വി ബിമൽ കുമാർ
Published on Apr 15, 2026, 12:49 AM | 1 min read
കൊടുങ്ങല്ലൂർ
പുല്ലൂറ്റ്, നാരായണമംഗലം മേഖലയിൽ നോക്കത്താദൂരത്തോളം പരന്നുകിടക്കുന്ന പൊക്കാളിപ്പാടങ്ങളിൽ കതിരുകൊയ്യാൻ കഴിയുന്നില്ല. വിഷുവിന് പൊക്കാളി നെല്ല് കുത്തിയുണ്ടാക്കുന്ന വിഷുക്കട്ട നാടിന്റെ രുചിയായിരുന്നു. ആനക്കൊടൻ നെല്ലിന്റെ കൊതിയൂറും രുചിയുടെ ഓർമയിലാണ് പുല്ലൂറ്റ്, നാരായണമംഗലം മേഖലയിലുള്ളവർ പൊക്കാളി പാടങ്ങളിൽ വിത്തെറിയാറ്. എന്നാലിപ്പോൾ 360 ഹെക്ടർ പൊക്കാളി പാടമാണ് ഇവിടെ തരിശായി കിടക്കുന്നത്. ഒരാളോളം പൊക്കത്തിൽ വളരുന്ന ലവണ പ്രതിരോധ ശേഷിയുള്ള ഔഷധഗുണമുള്ള നെല്ലാണ് പൊക്കാളി. ആറ് മാസം നെല്ലും ആറ് മാസം ചെമ്മീന്‍ കൃഷിയുമാണ് പൊക്കാളി പാടങ്ങളില്‍ നടന്നു വന്നിരുന്നത്. ചിലഭാഗങ്ങളിൽ ചെമ്മീൻ കൃഷി നടക്കുന്നതൊഴിച്ചാൽ പൊക്കാളി പാടത്തിന്റെ ഏറിയ പങ്കും ഇപ്പോൾ തരിശാണ്. പലേടത്തും കണ്ടൽക്കാടുകൾ മൂടി. തെക്കേ കുന്ന്, കൊമ്പത്ത് കടവ് തുടങ്ങിയ സ്ഥലങ്ങളിലാണ് കണ്ടലുകൾ നിറഞ്ഞത്. രണ്ട് വർഷം മുമ്പ് വരെ കർഷകർ കൃഷി ചെയ്തിരുന്നു. ലാഭകരമല്ല എന്നതിനാൽ പലരും പിൻവാങ്ങി. നെഞ്ചോളം വെള്ളത്തിൽ നിന്ന് പൊക്കാളി നെല്ല് കൊയ്യാൻ കർഷക തൊഴിലാളികളില്ലാത്തതും പ്രശ്‌നമായി. ജൂലൈയിൽ ആരംഭിക്കുന്ന കൃഷി വിളവെടുത്തു കഴിഞ്ഞാൽ പൊക്കാളി നിലങ്ങള്‍ ചെമ്മീന്‍ കെട്ടുകളായി മാറും. കൊയ്ത്തിന് ശേഷം പാടത്ത് കിടക്കുന്ന അവശിഷ്ടങ്ങളും ബാക്കി നിര്‍ത്തിയ തണ്ടുകളില്‍ വളരുന്ന സൂക്ഷ്മ ജീവികളും ചെമ്മീനുകള്‍ക്ക് ഭക്ഷണമാകും. ചെമ്മീന്‍ വിളവെടുത്ത് കഴിഞ്ഞാല്‍ വീണ്ടും നെല്‍ കൃഷി ആരംഭിക്കും. ഈ പതിവ് രീതിയാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്. ചിലയിടങ്ങളിൽ വൻകിടക്കാർ വനാമി ചെമ്മീൻ കൃഷി നടത്തുന്നുണ്ട്. പൂര്‍ണമായും ജൈവമായി നെല്ലുൽപ്പാദിപ്പിക്കുന്ന പരമ്പരാഗത കൃഷിരീതി പുനരാരംഭിക്കാനുള്ള ശ്രമങ്ങളും നടക്കുന്നില്ല.










0 comments