ad
Deshabhimani

മഴയിൽ മുങ്ങി തൃശൂർ

ഗുരുവായൂർ ചൊവ്വല്ലൂർപ്പടി നെന്മിനിയിൽ തെെക്കാട് സ്വദേശിയുടെ കാര്‍ ഒഴുക്കില്‍പ്പെട്ടപ്പോള്‍

ഗുരുവായൂർ ചൊവ്വല്ലൂർപ്പടി നെന്മിനിയിൽ തെെക്കാട് സ്വദേശിയുടെ കാര്‍ ഒഴുക്കില്‍പ്പെട്ടപ്പോള്‍

avatar
പ്രത്യേക ലേഖകൻ

Published on Aug 02, 2026, 12:47 AM | 1 min read

തൃശൂർ

തകർത്തുപെയ്‌ത മഴയിൽ മുങ്ങി തൃശൂർ നഗരം. സ്വരാജ്‌ റ‍ൗണ്ടിന്റെ ചില ഭാഗങ്ങളുൾപ്പെടെ നഗരത്തിൽ പലയിടത്തും കടുത്ത വെള്ളക്കെട്ട്‌ രൂപപ്പെട്ടു. ജില്ലയുടെ തീരമേഖലയിൽ കടുത്ത കടലേറ്റം അനുഭവപ്പെട്ടു. ഒരു വീട്‌ പൂർണമായും ഏഴുവീടുകൾ ഭാഗികമായും തകർന്നു. ഗുരുവായൂർ പട്ടണത്തിന്റെ പലപ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. പലയിടങ്ങളിലും മരം വീണ്‌ വീടുകൾക്ക്‌ കേടുപറ്റി. നീരൊഴുക്ക്‌ വർധിച്ചതിനെത്തുടർന്ന്‌ അതിരപ്പിള്ളി വെള്ളച്ചാട്ടം നിറഞ്ഞൊഴുകി. പെരിങ്ങൽക്കുത്ത്‌ ഡാമിന്റെ ഷട്ടർ തുറന്ന്‌ വെള്ളം ചാലക്കുടിപ്പുഴയിലേക്ക്‌ ഒഴുക്കി. ജില്ലയിലെ മറ്റ്‌ ഡാമുകളിലേക്കും നീരൊഴുക്ക്‌ വർധിച്ചു. തൃശൂർ നഗരത്തിൽ ചെട്ടിയങ്ങാടി, പോസ്‌റ്റോഫീസ്‌ റോഡ്‌, ശക്തൻ സ്‌റ്റാൻഡ്‌, സൺ ആശുപത്രി, ഇക്കണ്ടവാര്യർ റോഡ്‌, മൈലിപ്പാടം, ചെമ്പൂക്കാവ്‌ തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളക്കെട്ട്‌ രൂപപ്പെട്ടു. വെള്ളം കുത്തിയൊലിച്ച്‌ വന്നതോടെ നഗരത്തിൽ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. വാടാനപ്പള്ളി ഗണേശമംഗലം, പൊക്കാഞ്ചേരി ബീച്ചുകളിൽ ശക്തമായ കടലേറ്റമുണ്ടായി. തീരദേശ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് അനുഭവപ്പെട്ടു. ഗുരുവായൂരിൽ മമ്മിയൂർ ക്ഷേത്രത്തിനുമുന്നിൽ റോഡ്‌ പൂർണമായി മുങ്ങി. ചാമുണ്ഡേശ്വരി ക്ഷേത്രം റോഡ്‌, പാർഥസാരഥി ക്ഷേത്രം റോഡ്‌, കാരയ്‌ക്കാട്‌ എന്നിവിടങ്ങളിലും റോഡ്‌ വെള്ളത്തിനടിയിലായി. കരുവന്നൂർപ്പുഴയിൽ മൂന്നടിയോളം വെള്ളം ഉയർന്നു. നഗരസഭയുടെ അടിയന്തര ഇടപെടലിനെത്തുടർന്ന്‌ ഗുരുവായൂർ, ചാവക്കാട് മേഖലയിലെ വെള്ളക്കെട്ട്‌ അതിവേഗം പരിഹരിച്ചു. അന്തിക്കാട് - കാഞ്ഞാണി പിഡബ്ല്യുഡി റോഡിൽ കനത്ത വെള്ളക്കെട്ട്‌ അനുഭവപ്പെട്ടു. കടകളിലേക്ക്‌ വെള്ളം കയറി. തൃശൂർ പോസ്റ്റ് ഓഫീസ് റോഡ്, ചെട്ടിയങ്ങാടി ഭാഗങ്ങളിൽ അനുഭവപ്പെട്ട വെള്ളക്കെട്ട് അശാസ്ത്രീയമായ കാന നിർമാണം മൂലം മഴവെള്ളം ഒഴുകിപ്പോകാൻ സാധിക്കാത്തതിനാലാണെന്ന്‌ ആക്ഷേപമുയരുന്നുണ്ട്‌. റോഡിലൂടെ ഒഴുകി താഴ്‌ന്ന ഭാഗങ്ങളിലുള്ള കടകളിലേക്ക് വെള്ളം കയറുന്നതായും പരാതിയുണ്ട്‌. അതിരപ്പിള്ളി, 
വാഴച്ചാല്‍ 
പ്രവേശനമില്ല കനത്തമഴയെത്തുടര്‍ന്ന് അതിരപ്പിള്ളി, വാഴച്ചാൽ മേഖലയിൽ പ്രവേശനം നിർത്തിവച്ചു. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാലും മലയോര മേഖലയില്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലും ശക്തമായ കാറ്റ് ഉള്ളതിനാലുമാണ്‌ പ്രവേശനം താൽക്കാലികമായി നിർത്തിവച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home