മകനെന്തുപറ്റി; മനംനൊന്ത് കുടുംബം

രേഷ് ബാബുവിന്റെ അച്ചൻ ബാബു

സ്വന്തം ലേഖകൻ
Published on Jun 05, 2026, 12:31 AM | 1 min read
തൃശൂർ
മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിക്ക് മുന്നിൽ തളർന്നിരിക്കുന്ന ആ അച്ഛൻ പറഞ്ഞു. ‘എന്റെ മകന് എന്തുപറ്റി, പൊലീസ് സ്റ്റേഷനിലോ, ജയിലിലോ മർദനമേറ്റ് കൊല്ലപ്പെട്ടുവോ... സത്യം പുറത്തുവരണം. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം, മകന് നീതി ലഭ്യമാക്കണം’. നെന്മണിക്കര പുലക്കാട്ടുകര പടിഞ്ഞാറേ പുരയ്‌ക്കൽ ബാബുവിന്റെ മകൻ രേഷ് ബാബുവാണ് ജുഡീഷ്യൽ കസ്‌റ്റഡിയിലിരിക്കെ കൊല്ലപ്പെട്ടത്. ടൂവീലർ വർക്ക്ഷോപ് നടത്തുന്ന ബാബുവിന്റെ മകൻ രേഷ് ബാബു മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ്. പിടിച്ചുപറി കേസിൽ പ്രതിയാക്കി മെയ് 17നാണ് രേഷ് ബാബുവിനെ അറസ്‌റ്റ് ചെയ്‌തത്. മകൻ 50 ശതമാനം മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന സർട്ടിഫിക്കറ്റ് കാണിച്ചിട്ടും പൊലീസ് ദയ കാണിച്ചില്ലെന്ന് അച്ഛൻ പറഞ്ഞു. പിന്നീട് 26നാണ് മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിലാണെന്ന് ജയിലിൽ നിന്നും അറിയിച്ചത്. ജയിലിൽ ടോയ്‌ലറ്റിൽ പോയി തിരിച്ചുവരവേ ചോര ഛർദിക്കുന്നത് കണ്ട് ജില്ലാആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിയിലും എത്തിച്ചെന്നാണ് ആദ്യം പൊലീസ് പറഞ്ഞത്. എന്നാൽ തലയിൽ ചതവ് പറ്റിയിട്ടുണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്. ഏതോ മരുന്ന് ഓവർഡോസ് കഴിച്ചാണ് മകൻ മരണപ്പെട്ടതെന്ന് പിന്നീട് പൊലീസ് പറയുന്നത്. എന്നാൽ താനോ മകനുമായി ബന്ധപ്പെട്ട മറ്റാരെങ്കിലും ജയിലിൽ മരുന്ന് കൊണ്ടുപോയി നൽകിയിട്ടില്ല. ചോര ഛർദിക്കേണ്ട യാതൊരു രോഗവും മകന് ഇന്നുവരെ ഉണ്ടായിട്ടില്ല. അറസ്റ്റ് ചെയ്തു കൊണ്ടുപോകുമ്പോൾ മകൻ പൂർണ ആരോഗ്യവാനായിരുന്നു. പൊലീസ് പരസ്പര വിരുദ്ധമായാണ് കാര്യങ്ങൾ പറയുന്നത്. ഇത് സംശയമുണ്ടാക്കുന്നു. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്പോഴാണ് അവൻ മരണപ്പെട്ടിട്ടുള്ളത്. മകന്റെ മരണത്തിനുത്തരവാദികളെ കണ്ടെത്തണമെന്നും ബാബു പറഞ്ഞു.










0 comments