ad
Deshabhimani

പീച്ചി, ചിമ്മിനി ഡാമുകൾ തുറക്കാൻ അനുമതി

...
വെബ് ഡെസ്ക്

Published on Oct 22, 2025, 12:15 AM | 1 min read


തൃശൂർ

കനത്ത മഴ മുന്നറിയിപ്പും ഡാമുകളിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിന്റെയും അടിസ്ഥാനത്തിൽ ചിമ്മിനി, പീച്ചി ഡാമുകളിൽ നിന്ന് വെള്ളം തുറന്നുവിടാൻ തൃശൂർ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണായ കലക്ടർ അർജുൻ പാണ്ഡ്യൻ ഉത്തരവിട്ടു. അപകടസാധ്യത ഒഴിവാക്കി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിലവിൽ ചിമ്മിനി ഡാമിലെ ജലനിരപ്പ് 74.85 മീറ്ററാണ്. ചിമ്മിനി ഡാമിൽ നിന്ന് കെഎസ്ഇബി ഫുൾലോഡ് ജനറേഷൻ വഴി വെള്ളം പകൽ സമയങ്ങളിൽ തുറന്നുവിട്ട് ജലനിരപ്പ് ക്രമീകരിക്കാൻ തൃശൂർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർക്ക് അനുമതി നൽകി. ഇതുവഴി കുറുമാലി പുഴയിലെ ജലനിരപ്പ് 10 സെന്റിമീറ്റർ മുതൽ 12 സെന്റിമീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. പീച്ചി ഡാമിലെ ജലനിരപ്പ് 21 പകൽ 12ന്‌ 78.06 മീറ്ററും ആകെ സംഭരണശേഷിയുടെ 83.25 ശതമാനവുമാണ്. ഡാമിലെ പരമാവധി ജലനിരപ്പ് 79.25 മീറ്ററാണ്. പീച്ചി ഡാമിൽ കെഎസ്ഇബി ചെറുകിട വൈദ്യുതി ഉൽപ്പാദന നിലയം വഴിയും ശേഷമുള്ള അധികജലം ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ വഴിയും ഘട്ടം ഘട്ടമായി തുറന്നുവിട്ട് ജലനിരപ്പ് ക്രമീകരിക്കാനാണ് അനുമതി നൽകിയത്. ആദ്യഘട്ടത്തിൽ ഷട്ടറുകൾ പരമാവധി 10 സെന്റിമീറ്റർ വരെയും തുടർന്ന് ഘട്ടംഘട്ടമായി രണ്ടാംഘട്ടത്തിൽ 10 സെന്റിമീറ്ററും ആവശ്യമെങ്കിൽ മൂന്നാംഘട്ടമായി 5 സെന്റിമീറ്ററും തുറന്ന് മണലിപ്പുഴയിലേക്ക് വെള്ളം ഒഴുക്കി വിടാം. ഇതുമൂലം മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് നിലവിലുള്ളതിൽ നിന്ന് 20 സെന്റിമീറ്റർ ഉയരാൻ സാധ്യതയുണ്ട്. വെള്ളം തുറന്നുവിടുമ്പോൾ മണലി, കരുവന്നൂർ, കുറുമാലി പുഴകളിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുന്നില്ലായെന്ന് ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയർ ഉറപ്പാക്കണം. കൃത്യമായ ഇടവേളകളിൽ നിരീക്ഷിച്ച് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവിൽ ക്രമീകരണം വരുത്തണം. ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും കുട്ടികളും പുഴയിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും മത്സ്യബന്ധനത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച മുന്നറിയിപ്പ് മൈക്ക് അനൗൺസ്‌മെന്റ് മുഖേന നൽകാൻ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ നടപടി സ്വീകരിക്കണം. ദുരന്തനിവാരണ ആക്ട് വിവിധ വകുപ്പുകൾ പ്രകാരമുള്ള അധികാരം വിനിയോഗിച്ചാണ് കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home