Deshabhimani

ഔഷധിയിൽ 20 ശതമാനം ബോണസും 
ജീവനക്കാർക്ക് 38,000 രൂപ ഇൻസെന്റീവും ​

ഔഷധി
വെബ് ഡെസ്ക്

Published on Sep 03, 2025, 12:22 AM | 1 min read

ഒല്ലൂർ

ഔഷധിയിൽ 20 ശതമാനം ബോണസ് നൽകുന്നതിനും ജീവനക്കാർക്ക് 38000 രൂപ വരെ ഇൻ സെന്റീവ് നൽകുന്നതിനും ധാരണയായി. ചരിത്രത്തിലാദ്യമായി 214 കോടി വിറ്റ് വരവ് കൈവരിച്ച ഔഷധി, തൊഴിലാളികളുടെ ബോണസ് / പ്രൊഡക്റ്റിവിറ്റി ലിങ്ക്ഡ് ഇൻസെന്റീവിലും വർധനവ് വരുത്തി. ജീവനക്കാർക്ക് 38000 രൂപ വരെ ഓണസമ്മാനമായി ലഭിക്കും. ഏറ്റവും കുറവ് 17500 രൂപയാണ് ലഭിക്കുക. മന്ത്രിമാരായ വീണ ജോർജ്, വി ശിവൻകുട്ടി എന്നിവരുമായി ഔഷധി ചെയർപേഴ്സൺ ശോഭന ജോർജിന്റെ നേതൃത്വത്തിൽ യൂണിയൻ പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. സ്ഥിരം ജീവനക്കാർക്ക് 20000 രൂപ ഓണം അഡ്വാൻസ് നൽകുന്നതിനും തീരുമാനമായി. ജനറൽ വർക്കർ ജീവനക്കാരുടെ ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്കുള്ള സ്ഥാനകയറ്റം പുനഃസ്ഥാപിച്ച്, ബാക്കി വരുന്ന ഒഴിവുകളിലേക്ക് പൊമോഷൻ പോളിസി രൂപീകരിക്കും. ഔഷധിയിലെ ജനറൽ വർക്കർമാരുടെ അവധി ആനുകൂല്യങ്ങളിൽ വർധനവ്‌ വരുത്തി. കുടുംബശ്രീ തൊഴിലാളികളെ ഇഎസ്ഐ, ഇപിഎഫ് ആനുകൂല്യങ്ങളോടെ കമ്പനിയുടെ താൽക്കാലിക തൊഴിലാളികളാക്കുകയും, താൽക്കാലിക തൊഴിലാളികളുടെ കരാറിനുണ്ടായിരുന്ന ഉയർന്ന പ്രായപരിധി ഒഴിവാക്കുകയും ചെയ്തു. സർവീസിലിരിക്കെ മരണപ്പെടുന്ന ഔഷധിയിലെ എല്ലാ വിഭാഗം തൊഴിലാളികളുടെയും ആശ്രിതർക്ക് കുടുംബ സഹായ ഫണ്ട് ഏർപ്പെടുത്തി. ഔഷധിയുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ഉൽപ്പാദനം വർധിപ്പിക്കുന്നതിനും തൊഴിലാളികളുടെ ജോലിഭാരം കുറക്കുന്നതിനും ആവശ്യമായ നവീന രീതിയിലുള്ള മെഷിനറികൾ സ്ഥാപിക്കുകയും ചെയ്യുന്ന പ്രവൃത്തികൾക്ക് ഔഷധി സിഐടിയു യൂണിയൻ പിന്തുണ പ്രഖ്യാപിച്ചു. ഔഷധി മാനേജിങ് ഡയറക്ടർ ഡോ. ടി കെ ഹൃദ്ദീക്, ഔഷധി ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ എംപ്ലോയിസ് യൂണിയൻ (സിഐടിയു) പ്രസിഡന്റ് കെ പി പോൾ, ഔഷധി ലേബേഴ്സ് യൂണിയൻ (സിഐടിയു) സെക്രട്ടറി കെ വി ജനാർദനൻ, ഔഷധി ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ എംപ്ലോയിസ് യൂണിയൻ സെക്രട്ടറി എം കെ അജിത്, ഔഷധി ഔഷധി ലേബേഴ്സ് യൂണിയൻ പ്രസിഡന്റ് സി എസ് അരുൺ കുമാർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home